ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2025/26 സീസൺ ഇന്ന് ആരംഭിക്കുന്നു. ഇന്ന് അർദ്ധരാത്രി 12:30-ന്, നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും എ.എഫ്.സി. ബൗൺമൗത്തും തമ്മിൽ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് സീസണിന്റെ ആദ്യ മത്സരം.
ഈ സീസണിന്റെ കിക്കോഫ് ഫുട്ബോൾ ആരാധകർക്ക് ഏറെ വൈകാരികമായ അനുഭവമാകും, കഴിഞ്ഞ മാസം ഒരു കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരം ഡിയോഗോ ജോട്ടയ്ക്ക് ലിവർപൂൾ ക്ലബ് ഇന്ന് മത്സരത്തിന് മുമ്പ് ആദരാഞ്ജലികൾ അർപ്പിക്കും.
ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എക്കിറ്റികെ, ജെറമി ഫ്രിംപോങ് എന്നിവർ ഇന്ന് ആദ്യമായി ലിവർപൂൾ ജേഴ്സിയിൽ പ്രീമിയർ ലീഗിൽ ഇറങ്ങും. 2025/26 സീസണിലെ എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറിൽ ലൈവായി സ്ട്രീം ചെയ്യുകയും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
ഈ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുമ്പ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് ഇന്റർനാഷണൽ താരമായ മാർക്ക് ഗുവേഹിയെ സ്വന്തമാക്കാൻ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി ചർച്ചകൾ തുടങ്ങി. ഇതുവരെ ഔദ്യോഗിക ഓഫറുകൾ സമർപ്പിച്ചിട്ടില്ലെങ്കിലും, റെഡ്സ് ഈ 24-കാരൻ സെന്റർ-ബാക്കിനെ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നു.
സെൽഹർസ്റ്റ് പാർക്കിലെ കരാറിന്റെ അവസാന വർഷത്തിലാണ് താരം. കൂടാതെ കരാർ പുതുക്കാൻ ഗുവേഹിക്ക് താൽപ്പര്യമില്ല. ലോകകപ്പ് വരാനിരിക്കുന്നതിനാൽ മത്സരങ്ങളിൽ സ്ഥിരമായി അവസരം ലഭിക്കുമെന്ന് ഉറപ്പാണ് ഗുവേഹി പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ഗുവേഹിയെ നഷ്ടപ്പെടുത്തുന്നതിന് പകരം ഈ സമ്മറിൽ വിൽക്കാൻ ക്രിസ്റ്റൽ പാലസ് താല്പര്യപ്പെടുന്നുണ്ട്.
2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിലേക്ക് വന്നതിന് ശേഷം ഗുവേഹി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 150-ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം മെയ് മാസത്തിൽ എഫ്എ കപ്പ് കിരീടം നേടുന്നതിലും ഒപ്പം ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിലേക്കും ടീമിനെ നയിച്ചിരുന്നു.
ലണ്ടൻ: ആവേശകരമായ എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ് ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ക്രിസ്റ്റൽ പാലസ് കിരീടം നേടിയത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ പുതിയ സൈനിംഗ് ഹ്യൂഗോ എകിറ്റികെ ലിവർപൂളിനായി ആദ്യ ഗോൾ നേടി. പുതിയ മറ്റൊരു സൈനിംഗ് ആയ വിർട്സിന്റെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ വന്നത്.
എന്നാൽ 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ജീൻ-ഫിലിപ്പ് മാറ്റേറ്റ ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. 21-ാം മിനിറ്റിൽ മറ്റൊരു പുതിയ താരം ജെറമി ഫ്രിംപോങ് ലിവർപൂളിന് വീണ്ടും ലീഡ് നൽകി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന പാലസ് 77-ാം മിനിറ്റിൽ ഇസ്മായില സാറിന്റെ ഗോളിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും ഒപ്പമെത്തി.
പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിന്റെ പ്രമുഖ താരങ്ങളായ മുഹമ്മദ് സലാഹ് ഉൾപ്പെടെയുള്ളവർക്ക് പിഴച്ചപ്പോൾ ക്രിസ്റ്റൽ പാലസ് താരങ്ങൾ ലക്ഷ്യം കണ്ടു. പാലസ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മൂന്ന് സേവുകൾ ഷൂട്ടൗട്ടിൽ നേടി.
ഇത് ആദ്യമായാണ് എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കുന്നത്.
പുതിയ ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ആവേശകരമായ തുടക്കമിട്ട് ഇന്ന് ലിവർപൂളും ക്രിസ്റ്റൽ പാലസും വെംബ്ലി സ്റ്റേഡിയത്തിൽ 2025-ലെ എഫ്എ കമ്മ്യൂണിറ്റി ഷീൽഡിനായി ഏറ്റുമുട്ടുന്നു. വൻ തുക മുടക്കി പുതിയ താരങ്ങളെ ടീമിലെത്തിച്ച ലിവർപൂൾ വലിയ പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നത്. അതേസമയം, എഫ്എ കപ്പ് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ അട്ടിമറി വിജയത്തിനായി ക്രിസ്റ്റൽ പാലസും ഒരുങ്ങിക്കഴിഞ്ഞു.
പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ലിവർപൂൾ 260 മില്യൺ പൗണ്ടിലധികം മുടക്കി ഫ്ലോറിയൻ വിർട്‌സ്, ജെറമി ഫ്രിംപോങ്, എകിറ്റികെ തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ഇത് പ്രീമിയർ ലീഗിലെ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കാനുള്ള അവരുടെ ശ്രമമാണ്. അതേസമയം, ടീമിന്റെ ഘടനയിലും പ്രതിരോധത്തിലും വരുത്തിയ മാറ്റങ്ങൾ അവർക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
ചരിത്രത്തിലാദ്യമായി ഒരു പ്രധാന കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റൽ പാലസ്. ബോർഡ് തലത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, പരിശീലകൻ ഒലിവർ ഗ്ലാസ്നറിന്റെ ടീം വലിയ മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ഇത് അവർക്ക് ഒരു മുൻതൂക്കം നൽകിയേക്കാം. തത്സമയ സംപ്രേക്ഷണ വിവരങ്ങൾ
ഇന്ത്യയിൽ: സോണി സ്പോർട്സ് നെറ്റ്വർക്കിൽ (Sony TEN 1, Sony TEN 1 HD, Sony TEN 2, Sony TEN 3 SD/HD) മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ലൈവ് സ്ട്രീമിംഗ് (ഇന്ത്യയിൽ): സോണി ലിവ് (SonyLiv) ആപ്പിലും വെബ്സൈറ്റിലും ജിയോ ടിവി ആപ്പിലും മത്സരം കാണാം.
മത്സര സമയം: ഓഗസ്റ്റ് 10, ഞായറാഴ്ച, രാത്രി 7:30 PM IST (3:00 PM BST).
ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിനെ സ്വന്തമാക്കാൻ ജർമ്മൻ ക്ലബായ ആർബി ലെപ്സിഗ് രംഗത്ത്. സാവി സിമൺസ് ക്ലബ് വിടാൻ സാധ്യതയുള്ളതിനാൽ പകരക്കാരനായി എലിയറ്റിനെ എത്തിക്കാനാണ് ലെപ്സിഗിന്റെ ശ്രമം. ഇത് സംബന്ധിച്ച് ലെപ്സിഗ് ലിവർപൂളുമായി ചർച്ചകൾ ആരംഭിച്ചു. എലിയറ്റിനായി 40 മില്യൺ പൗണ്ടും തിരികെ വാങ്ങാനുള്ള വ്യവസ്ഥയും (buy-back clause) അല്ലെങ്കിൽ 50 മില്യൺ പൗണ്ടും നൽകണമെന്ന് ലിവർപൂൾ ആവശ്യപ്പെട്ടു.
അടുത്തിടെ നടന്ന അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട എലിയറ്റ് ലെപ്സിഗിന് അനുയോജ്യനായ കളിക്കാരനാണെന്നാണ് വിലയിരുത്തൽ. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ലിവർപൂളിൽ എലിയറ്റിന് അവസരങ്ങൾ കുറവാണ്. കഴിഞ്ഞ സീസണിൽ ആകെ 28 മത്സരങ്ങളിൽ മാത്രമാണ് എലിയറ്റ് കളിച്ചത്.
പ്രീമിയർ ലീഗിൽ ടീം കിരീടം ഉറപ്പിച്ചതിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ 5 ഗോളുകളും 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ലിവർപൂളിനെ തനിക്ക് ഇഷ്ടമാണെങ്കിലും തന്റെ കരിയറാണ് പ്രധാനമെന്നും ബെഞ്ചിൽ സമയം പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജൂണിൽ എലിയറ്റ് വ്യക്തമാക്കിയിരുന്നു.
2019-ൽ ഫുൾഹാമിൽ നിന്ന് ലിവർപൂളിൽ എത്തിയ എലിയറ്റ് ഇതുവരെ 147 മത്സരങ്ങൾ കളിക്കുകയും ആറ് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
സൗദി ഭീമന്മാരായ അൽ ഹിലാൽ, ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസിനെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഒസിമെൻ, അലക്സാണ്ടർ ഇസാക്ക്, ബെഞ്ചമിൻ സെസ്‌കോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നു. എന്നാൽ ന്യൂനസ് സൗദിയിലേക്ക് നീങ്ങാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.
ലിവർപൂളിന് ഇതുവരെ ഔദ്യോഗിക ഓഫറൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ന്യൂനസിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ അൽ ഹിലാൽ തുടങ്ങിയിട്ടുണ്ട്. 2022-ൽ ബെൻഫിക്കയിൽ നിന്ന് €100 മില്യൺ വരെ ട്രാൻസ്ഫർ തുകക്ക് ലിവർപൂളിൽ ചേർന്ന 26-കാരനായ ഈ ഉറുഗ്വേൻ താരം ലിവർപൂളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ മാത്രമാണ് നുനസ് നേടിയത്. കൂടാതെ പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങളിൽ മാത്രമാണ് നുനസ് ആദ്യ ഇലവനിൽ ഇടം നേടിയത്.
സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. 120 മില്യൺ പൗണ്ടിന്റെ വമ്പൻ ഓഫർ ന്യൂകാസിൽ യുണൈറ്റഡ് നിരസിച്ചു. ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തിട്ടും തങ്ങളുടെ സൂപ്പർ താരത്തെ വിൽക്കാനില്ലെന്ന നിലപാടിലാണ് ന്യൂകാസിൽ.
എന്നാൽ, ഇസാക്ക് ക്ലബ്ബ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് 25-കാരനായ താരം ന്യൂകാസിലിന്റെ ദക്ഷിണ കൊറിയൻ പ്രീ-സീസൺ ടൂറിൽ നിന്ന് വിട്ടുനിൽക്കുകയാണ്. “ചെറിയ തുടയിലെ പരിക്ക്” കാരണമാണ് വിട്ടുനിൽക്കുന്നതെന്നാണ് ക്ലബ്ബ് പറയുന്നത്. എന്നാൽ, തന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം താരം മനഃപൂർവ്വം മാറിനിൽക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇസാക്ക് തന്റെ മുൻ ക്ലബ്ബായ റയൽ സോസിഡാഡിനൊപ്പം തനിച്ച് പരിശീലനം നടത്തുകയാണ്. അടുത്ത സീസണിൽ ഒരു റിലീസ് ക്ലോസ് ഉൾപ്പെടെ മെച്ചപ്പെട്ട ഒരു കരാർ നൽകി ഇസാക്കിനെ നിലനിർത്താൻ ന്യൂകാസിൽ ശ്രമിച്ചിരുന്നു. പക്ഷേ, താരത്തിന്റെ ഏജന്റുമാർ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ചർച്ചകൾ നിലച്ചു.
ബെഞ്ചമിൻ സെസ്കോ, യോഹാൻ വിസ്സ എന്നിവരെ പകരക്കാരായി കൊണ്ടുവരാൻ ന്യൂകാസിൽ ആലോചിക്കുന്നുണ്ട്. എങ്കിലും സെസ്കോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 27 ഗോളുകൾ നേടി ഇസാക്ക് മികച്ച പ്രകടനം കാഴ്ചവച്ചു. ലിവർപൂളിനെ തോൽപ്പിച്ച് ന്യൂകാസിൽ 70 വർഷത്തിന് ശേഷം നേടിയ കാറബാവോ കപ്പ് കിരീടത്തിലും ഇസാക്കിന്റെ ഒരു ഗോൾ നിർണ്ണായകമായിരുന്നു.
ലിവർപൂൾ എഫ്.സി. 2025/26 സീസണിലേക്കുള്ള ഹോം, എവേ ജേഴ്‌സികൾ പുറത്തിറക്കി. ക്ലബ്ബിന്റെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതും എന്നാൽ പുതിയ ഡിസൈനുകളുള്ളതുമായ ജേഴ്‌സികൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
പുതിയ ഹോം ജേഴ്‌സി ഡാർക്ക് സ്ട്രോബെറി റെഡ് നിറത്തിലുള്ളതാണ്. തോളുകളിൽ വെളുത്ത അഡിഡാസ് വരകളുണ്ട്, ഇത് ജേഴ്‌സിക്ക് ഒരു ക്ലാസിക് ലുക്ക് നൽകുന്നു. ഇതിന് പുറമെ നെഞ്ചിൽ ലിവർ ബേർഡ് എംബ്ലവും, സ്ലീവുകളിലും കോളറിലും വെളുത്ത നിറത്തിലുള്ള നേർത്ത ഡിസൈനുകളുമുണ്ട്. ലിവർപൂളിന്റെ സുവർണ്ണ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുംവിധമാണ് ഈ കിറ്റ് ഒരുക്കിയിട്ടുള്ളത്.
ക്രീം ഓഫ്-വൈറ്റ് നിറത്തിലുള്ളതാണ് എവേ കിറ്റ്. ഇതിൽ ചുവപ്പും നേർത്ത കറുപ്പും നിറങ്ങളിലുള്ള ഡിസൈനുകളുണ്ട്. 1892-ൽ ക്ലബ്ബ് സ്ഥാപിച്ച സമയത്തെ ആൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രധാന സ്റ്റാൻഡിനെ ഓർമ്മിപ്പിക്കുന്ന പ്രത്യേക ലിവർ ബേർഡ് ക്രെസ്റ്റാണ് ഈ ജേഴ്‌സിയുടെ പ്രധാന ആകർഷണം. പഴമയെയും പുതുമയെയും ഒരുപോലെ യോജിപ്പിക്കുന്ന ഈ കിറ്റ് എവേ മത്സരങ്ങൾക്കായി ടീമിനെ പിന്തുടരുന്ന ആരാധകർക്ക് ഏറെ ഇഷ്ടമാകും.
ലിവർപൂളിന്റെ കൊളംബിയൻ വിംഗർ ലൂയിസ് ഡയസിനെ 75 ദശലക്ഷം യൂറോയുടെ കരാറിൽ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 28 വയസ്സുകാരനായ ഡയസ് 2029 വരെ ബുണ്ടസ്ലിഗ ഭീമൻമാരുമായി കരാർ ഒപ്പിട്ടു. ആൻഫീൽഡിൽ ലിവർപൂളിനായി കളിച്ച കാലത്ത് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടിയ താരമാണ് ഡയസ്. കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ ഡയസ്, ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരാൻ കഴിഞ്ഞതിൽ “വളരെ സന്തോഷമുണ്ടെന്നും” ബയേണിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങൾക്കായും പോരാടുമെന്നും പറഞ്ഞു.
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇടത് വിംഗർമാരിൽ ഒരാളാണ് ഡയസെന്നും, അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വിജയമനോഭാവവും എടുത്തുപറയേണ്ടതാണെന്നും ബയേൺ സിഇഒ ജാൻ-ക്രിസ്റ്റ്യൻ ഡ്രെസെൻ അഭിപ്രായപ്പെട്ടു. കാൽ ഒടിഞ്ഞതിനെത്തുടർന്നും കണങ്കാലിന് സ്ഥാനഭ്രംശം സംഭവിച്ചതിനാലും പുറത്തായ ജമാൽ മുസിയാലയ്ക്ക് പകരക്കാരനെ തേടുകയായിരുന്നു ബയേൺ. ഡയസിന്റെ വരവ് ടീമിന് കൂടുതൽ കരുത്തും നേതൃത്വഗുണവും നൽകുമെന്നും ജർമ്മൻ ചാമ്പ്യൻമാർക്ക് യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.
ലിവർപൂളിന്റെ കൊളംബിയൻ ഫോർവേഡ് ലൂയിസ് ഡിയാസിനെ 75 ദശലക്ഷം യൂറോയ്ക്ക് സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ധാരണയിലെത്തി. 28 വയസ്സുകാരനായ ഈ വിംഗർ ലിവർപൂളിന്റെ ടോക്കിയോയിലെ പ്രീ-സീസൺ ടൂർ ഉപേക്ഷിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ ജർമ്മനിയിലേക്ക് തിരിക്കും.
നേരത്തെ ബയേൺ മുന്നോട്ട് വെച്ച 67.5 ദശലക്ഷം യൂറോയുടെ വാഗ്ദാനം ലിവർപൂൾ നിരസിച്ചിരുന്നു. അവരുടെ മൂല്യനിർണ്ണയത്തിൽ ഉറച്ചുനിന്നതിന് ശേഷം, മെച്ചപ്പെടുത്തിയ പുതിയ ബിഡ് അംഗീകരിച്ചതോടെ ഡിയാസ് ബുണ്ടസ് ലീഗയിൽ പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2022 ജനുവരിയിൽ എഫ്.സി പോർട്ടോയിൽ നിന്ന് ഏകദേശം 43 ദശലക്ഷം പൗണ്ടിന് ലിവർപൂളിലെത്തിയ ഡിയാസ്, ക്ലബ്ബിനായി 148 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും 23 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2024-25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ ലിവർപൂളിന്റെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിച്ചെങ്കിലും (ലീഗിൽ 13 ഗോളുകൾ നേടി), ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടാൻ താൽപ്പര്യമുണ്ടെന്ന് ഡിയാസ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച എ.സി മിലാനുമായുള്ള സൗഹൃദ മത്സരത്തിൽ നിന്ന് ഡിയാസിനെ ഒഴിവാക്കിയതായി സ്ലോട്ട് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിവർപൂൾ എസി മിലാനോട് 4-2ന് പരാജയപ്പെട്ടു. വരാനിരിക്കുന്ന സീസണിനായുള്ള ഒരുക്കങ്ങൾ തുടരുന്നതിന്റെ ഭാഗമായി ഇരു ടീമുകളും തങ്ങളുടെ പ്രധാന കളിക്കാരെയും പുതിയ സൈനിംഗുകളെയും കളത്തിലിറക്കി.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ റാഫേൽ ലിയോയിലൂടെ എസി മിലാൻ ലീഡ് നേടി, ഇത് മത്സരത്തിന് ഒരു ഉണർവ് നൽകി. ആദ്യ പകുതിയുടെ മധ്യത്തിൽ ലിവർപൂൾ തിരിച്ചടിച്ചു, 26-ാം മിനിറ്റിൽ ഡൊമിനിക് സോബോസ്ലായ് ഗോൾ കണ്ടെത്തി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ മിലാൻ കളിയിൽ പിടിമുറുക്കി. 52-ാം മിനിറ്റിൽ റൂബൻ ലോഫ്റ്റസ്-ചീക്കും, 59-ാം മിനിറ്റിലും 90+4-ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി നോഹ ഒകാഫോറും മിലാന് വേണ്ടി വല കുലുക്കി. അധിക സമയത്ത് 90+3-ാം മിനിറ്റിൽ കോഡി ഗാക്പോ ലിവർപൂളിനായി ഒരു ആശ്വാസ ഗോൾ നേടി.
പുതിയ സൈനിംഗുകളായ ഫ്ലോറിയൻ വിർട്സുൻ ജെറമി ഫ്രിംപോങ്ങും ഇന്ന് കളത്തിൽ ഇറങ്ങി. ഇനി ബുധനാഴ്ച യോക്കോഹാമ എഫ്‌സിയെ ആകും ലിവർപൂൾ നേരിടുക.
അലക്സാണ്ടർ ഇസാക്ക് ഈ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള താൽപ്പര്യം ന്യൂകാസിൽ യുണൈറ്റഡിനെ ഔദ്യോഗികമായി അറിയിച്ചു. സ്വീഡിഷ് ഫോർവേഡിനെ ക്ലബിന്റെ പ്രീ-സീസൺ ടൂറിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ആണ് ഈ വാർത്തയും വരുന്നത്. ഇത് അദ്ദേഹത്തിന്റെ ട്രാൻസ്ഫർ സാധ്യത വർദ്ധിപ്പിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ന്യൂകാസിൽ അദ്ദേഹത്തിന് പകരക്കാരനായ ഒരു പുതിയ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലിവർപൂൾ ഇസാക്കിൽ അതീവ താല്പര്യം കാണിക്കുകയും, ലൂയിസ് ഡയസിനെ വിൽക്കാൻ കഴിഞ്ഞാൽ 120 ദശലക്ഷം യൂറോയുടെ ഒരു ബിഡ് സമർപ്പിക്കാൻ തയ്യാറെടുക്കുകയുമാണ്. 10 ദിവസത്തിലേറെയായി ചർച്ചകൾ പുരോഗമിക്കുകയാണ്, ആർനെ സ്ലോട്ടിന്റെ കീഴിൽ തങ്ങളുടെ ആക്രമണത്തിന് നേതൃത്വം നൽകാൻ ഇസാക്കിനെ ഒരു പ്രധാന ലക്ഷ്യമായാണ് ലിവർപൂൾ കാണുന്നത്.
സൗദി ക്ലബ് അൽ ഹിലാൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അവരുമായി നിലവിൽ കാര്യമായ ചർച്ചകളൊന്നും നടക്കുന്നില്ല. കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിയതും 2028 വരെ കരാറുള്ളതുമായ കളിക്കാരനെ വിൽക്കണോ വേണ്ടയോ എന്ന് ന്യൂകാസിൽ ഇതുവരെ തീരുമാനിച്ചിട്ടില്ല.