നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് ടീമിന് ഗുണം ചെയ്‌തെന്ന് പി.എസ്.ജി പരിശീലകൻ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് പി.എസ്.ജിക്ക് ഗുണം ചെയ്തുവെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂക്കൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്ന് സൂപ്പർ താരങ്ങൾ പി.എസ്.ജി നിരയിൽ ഇല്ലാതിരുന്നിട്ടും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പി.എസ്.ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഒരു ഷോട്ട് പോലും പി.എസ്.ജിയുടെ പോസ്റ്റിലേക്ക് അടിക്കാൻ റയൽ മാഡ്രിഡിനായിരുന്നില്ല.

കവാനി, നെയ്മർ, എമ്പപ്പെ എന്നീ മൂന്ന് താരങ്ങളുടെ അഭാവം ടീമിന് ഗുണം ചെയ്തു. ഈ മൂന്ന് താരങ്ങളുമില്ലാതെ ജയിക്കാൻ കഴിയില്ലെന്ന തോന്നൽ ടീമിൽ നിന്ന് സമ്മർദ്ദം അകറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. ഈ മൂന്ന് താരങ്ങളുടെ അഭാവത്തിൽ മത്സരത്തിൽ പി.എസ്.ജിക്ക് സാദ്ധ്യതകൾ കുറവായിരുന്നെന്നും അത് കൊണ്ട് താരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം ഇല്ലാതെ കളിക്കാൻ പറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്നുള്ള വിലക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരെ കളിയ്ക്കാൻ പറ്റാതിരുന്നത്. അതെ സമയം എമ്പപ്പെക്കും കവാനിക്കും പരിക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരായ മത്സരം നഷ്ടമായത്.

ഫ്രാൻസിൽ നെയ്മറിനെ മറികടന്ന് എമ്പപ്പെ മികച്ച താരം

പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും സ്വന്തമാക്കി പി.എസ്.ജി താരം എമ്പപ്പെ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ രണ്ടു അവാർഡുകളും ഒരു താരം സ്വന്തമാക്കുന്നത്. 20 കാരനായ ഈ ലോകകപ്പ് ജേതാവ് ഈ സീസണിൽ 32 ഗോളുകൾ പി.എസ്.ജിക്ക് വേണ്ടി നേടിയിരുന്നു. ഈ പ്രകടനമാണ് എമ്പപ്പെക്ക് അവാർഡ് നേടി കൊടുത്തത്.

പി.എസ്.ജി സഹ താരങ്ങളായ നെയ്മർ, ഡി മരിയ, ലില്ലേ താരം നിക്കോളാസ് പെപെ, റെന്നീസ് ഫോർവേഡ് ഹതീം ബെൻ അഫ്ര എന്നിവരെ മറികടന്നാണ് എമ്പപ്പെ അവാർഡ് സ്വന്തമാക്കിയത്. ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് എമ്പപ്പെ മികച്ച യുവ താരത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷത്തെ ടീം ഓഫ് ഓഫ് ദി ഇയറിലും എമ്പപ്പെ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നെയ്മറായിരുന്നു പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരം.

വീണ്ടും എമ്പപ്പെ, കിരീടത്തിനരികെ പി.എസ്.ജി

ഫ്രാൻസിൽ പി.എസ്.ജി കിരീടത്തിനു ഒരു പടി കൂടി അടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി നിന്ന ടുളുസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് പി.എസ്.ജി ജയിച്ചത്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം എമ്പപ്പെയാണ് പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ എമ്പപ്പെയുടെ 31മത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പി.എസ്.ജി മാർക്വിഞ്ഞോസിലൂടെ ഗോൾ നേടിയെങ്കിലും ‘വാർ’ ഇടപെട്ട് ഗോൾ നിഷേധിക്കുകയായിരുന്നു. ലീഗ് 1ൽ പി.എസ്.ജിയുടെ എട്ടാമത്തെ തുടർച്ചയായ വിജയം കൂടിയായിരുന്നു ഇത്. ജയത്തോടെ ലീഗ് 1ൽ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ 20 പോയിന്റിന്റെ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി.

എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള താരമെന്നാണ് മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോ അഭിപ്രായപ്പെട്ടത്.

31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാൾഡോയേക്കാളും എമ്പപ്പെക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വിലയുള്ളതെന്നും മൗറിനോ പറഞ്ഞു. എമ്പപ്പെയുടെ പ്രകടനങ്ങൾ അവിശ്വസനീയമാണെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത എമ്പപ്പെ ഫ്രാൻസിന് ലോകകപ്പ് കിരീടം നേടികൊടുത്തിരുന്നു

മികച്ച ഫോമിലുള്ള എമ്പപ്പെ 30 ഗോളുകളും 17 അസിസ്റ്റുകളും പി.എസ്.ജിക്ക് വേണ്ടി ഈ സീസണിലും നേടിയിട്ടുണ്ട്. 2018ലെ ബലോൺ ഡി ഓർ പുരസ്കാരത്തിൽ എമ്പപ്പെ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

തന്റെ മകൻ എംബപ്പേയെ ഇഷ്ട്ടപെടുന്നുവെന്ന് നെയ്മർ

തന്റെ മകൻ ലുക്കാ ഡാ സിൽവ സാന്റോസ് പി.എസ്.ജിയിൽ തന്റെ സഹ താരമായ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ടെന്ന് നെയ്മർ. ലിയോണിനെതിരെ എംബപ്പേയുടെ മികച്ച പ്രകടനത്തിന് ശേഷമാണു നെയ്മറുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ  14 മിനുറ്റുനിടെ നാല് ഗോൾ നേടി എംബപ്പേ തിളങ്ങിയിരുന്നു. ലീഗ് 1ന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താരം നാല് ഗോൾ നേടിയത്.  മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പി.എസ്.ജി ലിയോണിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.

“തന്റെ മകൻ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നു, ഞാൻ എന്റെ മകനെ ട്രെയിനിങ് ഗ്രൗണ്ടിൽ കൊണ്ട് പോയിരുന്നു. മകന് സ്കൂളിലെ സുഹൃത്തുക്കളെ കാണിക്കാൻ ഫോട്ടോ എടുക്കണമായിരുന്നു. അവൻ ഫോട്ടോ എടുക്കുകയും ചെയ്തു. അവൻ വളരെ സന്തോഷവാനാണ്” നെയ്മർ പറഞ്ഞു.

 

ചാമ്പ്യൻസ് ലീഗിൽ യുവന്റസ് – പിഎസ്ജി ഫൈനലിനായി കാത്തിരിക്കുന്നു- എംബപ്പേ

ചാമ്പ്യൻസ് ലീഗിൽ യുവന്റസ് – പിഎസ്ജി സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്നുവെന്ന് ലോക ചാമ്പ്യനും പിഎസ്ജിയുടെ യുവതാരവുമായ കൈലിയൻ എംബപ്പേ. പിഎസ്ജിയുടെ പ്രസിഡണ്ട് നാസർ അൽ ഖലൈഫിയും ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസ് ആണെന്ന് പറഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗിൽ കടുത്ത ഗ്രൂപ്പിലാണ് പിഎസ്ജിയെന്നും എംബപ്പേ പറഞ്ഞു.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധകനായ എംബപ്പേ റൊണാൾഡോയുടെ ഇറ്റലിയിലേക്കുള്ള വരവിനെ കുറിച്ചും പ്രതികരിച്ചു. റൊണാൾഡോയും കൂടെ എത്തിയതോടു കൂടി യൂറോപ്പിലെ ഏറ്റവും അപകടകാരികളായ ടീമായി യുവന്റസ് മാറിയെന്നും എംബപ്പേ പറഞ്ഞു. യൂറോപ്പിലെ മറ്റു ടീമുകൾ ഇറ്റാലിയൻ ചാമ്പ്യന്മാരെ കുറിച്ചിനി ആഴത്തിൽ പഠിക്കുമെന്നും എംബപ്പേ കൂട്ടിച്ചേർത്തു.

Exit mobile version