Super League KeralaFeatured

സൂപ്പർ ലീഗ് കേരള കൂടുതൽ കളർ ആകുന്നു! പുതിയ ഫ്രാഞ്ചൈസികൾക്കായി ബിഡ് ക്ഷണിച്ചു

Resizedimage 2026 05 11 20 45 49 1

2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന്
മുന്നോടിയായി പുതിയ ഫ്രാഞ്ചൈസി ഉടമസ്ഥാവകാശത്തിനായി ലീഗ്
എക്സ്പ്രഷൻ ഓഫ് ഇന്റെരെസ്റ്റ്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ പ്രൊഫഷണൽ സ്പോർട്സ് മേഖലയിലെ ഏറ്റവും മികച്ച നിക്ഷേപ അവസരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സൂപ്പർ ലീഗ് കേരള.

ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ, ഗ്രൗണ്ട് ലെവൽ മേഖലകളിൽ കൈവരിച്ച വൻ വളർച്ചയുടെ
അടിസ്ഥാനത്തിൽ, ലീഗിലെ ടീമുകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി
ഉയർത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് നിക്ഷേപകർക്കിടയിൽ
ലീഗിനോടുള്ള വിശ്വാസവും വർദ്ധിച്ചുവരുന്ന ആവശ്യകതയും വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിൽ സൂപ്പർ ലീഗ് കേരള കൈവരിച്ച വളർച്ച ശ്രദ്ധേയമാണ്. ആകെ കാണികളുടെ എണ്ണം 12.76 ദശലക്ഷത്തിൽ നിന്ന് 25.32 ദശലക്ഷമായി ഏകദേശം
ഇരട്ടിയായി വർദ്ധിച്ചു. OTT പ്ലാറ്റ്‌ഫോമുകളിലെ കാഴ്ചക്കാരുടെ എണ്ണം 2.76
ദശലക്ഷത്തിൽ നിന്ന് 10.2 ദശലക്ഷത്തിലധികമായി ഉയർന്നു. സോഷ്യൽ മീഡിയയിൽ
66 ദശലക്ഷത്തിൽ നിന്ന് 169 ദശലക്ഷമായി ഉയർന്നത് ഡിജിറ്റൽ രംഗത്തെ
ലീഗിന്റെ സ്വാധീനം വെളിപ്പെടുത്തുന്നു. സ്റ്റേഡിയത്തിലെ കാണികളുടെ
എണ്ണം 4,51,000-ൽ നിന്ന് 5,47,000-ലേക്ക് ഉയർന്നത് കേരളത്തിലെ ഫുട്ബോൾ
ആരാധകരുടെ ആവേശം അടിവരയിട്ട് കാണിക്കുന്നു.

ബ്രോഡ്കാസ്റ്റ് പങ്കാളിത്തത്തിലും ലീഗ് വലിയ മുന്നേറ്റം നടത്തി. ഒന്നാം സീസൺ
സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും സംപ്രേക്ഷണം ചെയ്തപ്പോൾ, രണ്ടാം സീസണിൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക്, സ്പോർട്സ്.കോം എന്നിവയുമായി സഹകരിച്ചു. കഴിഞ്ഞ സീസണിൽ UAE യിലെ എത്തിസലാത് ചാനലിലും മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
കൂടാതെ സ്പോർട്സ്. കോം ആഗോളാടിസ്ഥാ നത്തിൽ സൂപ്പർ ലീഗിന്റെ ഒ ടി ടി പാർട്ണർ ആയിരുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ , കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ
അംഗീകാരമുള്ള സൂപ്പർ ലീഗ് കേരള, കേരളത്തിന്റെ ആഴത്തിലുള്ള ഫുട്ബോൾ
സംസ്കാരത്തിലും താഴെത്തട്ടിൽ നിന്നുള്ള കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന
രീതിയിലുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

“ആരാധകരുടെu പങ്കാളിത്തത്തിലും വാണിജ്യപരമായ താൽപ്പര്യത്തിലും ലീഗ് വലിയ
മുന്നേറ്റമാണ് നടത്തുന്നത്, കേരളം എന്നും ഫുട്ബോളിന് മുൻഗണന നൽകുന്ന വിപണിയാണ്. ആ ആവേശം ഘടനാപരമായതും ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ ഒരു സ്പോർട്സ് പ്രോപ്പർട്ടിയായി മാറ്റാൻ സൂപ്പർ ലീഗ് കേരളയ്ക്ക് സാധിച്ചു. ലീഗിന്റെ വളർച്ചയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന ശരിയായ പങ്കാളികളെ കണ്ടെത്താനുള്ള തന്ത്രപരമായ നീക്കമാണ് ഈ വിപുലീകരണം.” സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.

പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്കായി നിക്ഷേപകരെയും കൺസോർഷ്യങ്ങളെയും ലീഗ്
ക്ഷണിക്കുന്നു. നിലവിൽ കാസർഗോഡ്, പാലക്കാട്, കോട്ടയം, കൊല്ലം എന്നീ ജില്ലകളെയാണ് പുതിയ ടീമുകൾക്കായി പരിഗണിക്കുന്നത്. വിപണി സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക പ്രാതിനിധ്യം എന്നിവ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.

മൂന്നാം സീസൺ വിപുലീകരിക്കുന്നതോടെ മത്സരങ്ങളുടെ എണ്ണം 33-ൽ നിന്ന് 61 ആയി ഉയരും. ‘ഹോം-എവേ’ അടിസ്ഥാനത്തിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്നത് വാണിജ്യ
സാധ്യതകളും ആരാധകരുടെ പങ്കാളിത്തവും വർദ്ധിപ്പിക്കും. ടെലിവിഷൻ, ഡിജിറ്റൽ
പ്ലാറ്റ്‌ഫോമുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ വലിയ തോതിലുള്ള വളർച്ചയാണ്
ഈ സീസണിൽ സൂപ്പർ ലീഗ് കേരള പ്രതീക്ഷിക്കുന്നത്.

താൽപ്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 13. ഫ്രാഞ്ചൈസി
സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ,
നിക്ഷേപ ചട്ടക്കൂട് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലീഗുമായി
ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ: [email protected] ഫോൺ: 7909113232