ഡൽഹി തൂഫാൻസിനെ കടുത്ത പോരിൽ കീഴടക്കി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ സാധ്യത നിലർത്തി

Newsroom

Picsart 24 03 16 01 56 59 560
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, 2024 മാർച്ച് 15: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23 സൂപ്പർ 5ൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ പ്ലേ ഓഫ്‌ സാധ്യത നിലർത്തി. സൂപ്പർ 5ലെ മൂന്നാം മത്സരത്തിൽ ഡൽഹി തൂഫാൻസിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ്‌ പ്രതീക്ഷ നിലനിർത്തിയത്‌. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ പോരിലായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. സ്‌കോർ: 15–10, 11–15, 10–15, 15–12, 18–16. അംഗമുത്തുവാണ്‌ കളിയിലെ താരം.

Picsart 24 03 16 01 57 12 486

മുത്തുസാമിയുടെ കൗശലപരമായ പാസിങ്ങിൽ അംഗമുത്തു കടുത്ത ആക്രമണക്കളിയാണ്‌ പുറത്തെടുത്തത്‌. തുടർച്ചയായി വലയിൽ തട്ടി ഡൽഹി അഹമ്മദാബാദിന്‌ കാര്യങ്ങൾ എളുപ്പമാക്കി. മാക്‌സ്‌ സെനിക്കയുടെ മൂർച്ച കുറഞ്ഞ ആക്രമണങ്ങൾ ഡൽഹിക്ക്‌ വീണ്ടും അനായാസം പോയിന്റുകൾ നൽകികൊണ്ടിരുന്നു. അതേസമയം സന്തോഷിന്റെ തുടർച്ചയായ ആക്രമണങ്ങൾ ഡൽഹിക്ക്‌ താളം നൽകി. എന്നാൽ ശിഖർ സിങ്ങിന്റെ തുടർച്ചയായ കരുത്തുറ്റ ബ്ലോക്കുകളാണ്‌ അഹമ്മദാബാദിന്‌ ലീഡ്‌ നൽകിയത്‌.

ഡോഡിച്ച്‌ അഹമ്മദാബാദ്‌ ബ്ലോക്കർമാർക്കിടയിലൂടെ ഇടം കണ്ടെത്തിയതോടെ ഡൽഹിയുടെ ആക്രമണം തെളിഞ്ഞു. ഇതിനിടെ നന്ദഗോപാലിന്റെ പരിക്ക്‌ അഹമ്മദാബാദിന്റെ മുന്നേറ്റനിരയുടെ മൂർച്ച ഇല്ലാതാക്കി. അപോൺസയുടെ ബ്ലൊക്കുകൾ ഡൽഹിയെ മത്സരത്തിലേക്ക്‌ തിരികെകൊണ്ടുവരികയും ചെയ്‌തു. സന്തോഷിന്റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ അഹമ്മദാബാദിനെ കാര്യമായി പരീക്ഷിച്ചു. കളിഗതി പതുക്കെ തിരിയാൻ തുടങ്ങി.

അംഗമുത്തു തന്റെ ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത്‌ നിർണായക പോയിന്റുകൾ നേടാൻ തുടങ്ങി. പക്ഷേ, ഡോഡിച്ചിന്റെ തീതുപ്പുന്ന സെർവുകൾ അഹമ്മദാബാദ്‌ പ്രതിരോധത്തെ വിറപ്പിച്ചു. ഡൽഹി 2–-1ന്‌ ലീഡ്‌ നേടി. അതിനിടെ ഷോൺ ടി അഹമ്മദാബാദിന്റെ തിരിച്ചുവരവിന്‌ ഊർജം പകർന്നു. സെനിക്കയുടെ തുടർച്ചയായ പിഴവുകൾക്കിടയിലും അഹമ്മദാബാദ്‌ അംഗമുത്തുവിന്റെ ആക്രമണക്കളിയിൽ പിടിച്ച്‌ കളി അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

അപോൺസയുടെ പ്രതിരോധത്തിലെ രണ്ട്‌ പിഴവുകൾ മുതലെടുത്ത്‌ അഹമ്മദബാദ്‌ ആക്രമണം തുടർന്നു. മുത്തുസാമി തന്റെ മിഡിൽ ബ്ലോക്കർക്കൊപ്പം ചേർന്ന്‌ ആക്രമണത്തിന്‌ കരുത്ത്‌ പകർന്നു. അംഗമുത്തു ഇതിനിടയിലും തുടർച്ചയായി തകർപ്പൻ കളി പുറത്തെടുത്തു. ഡൽഹി പതറി. ഇതിനിടെ അംഗമുത്തു നിർണായകമായ സൂപ്പർ പോയിന്റും കരസ്ഥമാക്കി. നിർണായക ജയവും കുറിച്ചു.

അവസാന കളിയിൽ ഞായറാഴ്‌ച കാലിക്കറ്റ്‌ ഹീറോസാണ്‌ അഹമ്മദാബാദിന്റെ എതിരാളി. ആദ്യ രണ്ട്‌ കളിയും അഹമ്മദാബാദ്‌ തോറ്റിരുന്നു. മൂന്നാം മത്സരം കളിച്ച ഡൽഹിയുടെ ആദ്യ തോൽവിയാണ്‌. അഞ്ച്‌ പോയിന്റുമായിരണ്ടാമതാണ്‌ ഡൽഹി. രണ്ട്‌ പോയിന്റുള്ള അഹമ്മദാബാദ്‌ മൂന്നാമതെത്തി.
ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ മുംബൈ മിറ്റിയോഴ്‌സ്‌ ബംഗളൂരു ടോർപ്പിഡോസിനെ നേരിടും.