കൊച്ചി: ചെന്നൈ ബ്ലിറ്റ്‌സിനെ തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ സെമിഫൈനലില്‍ കടന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1നാണ് കൊല്‍ക്കത്തയുടെ ജയം. പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കിരീടം ചൂടിയതിന്റെ വാര്‍ഷിക ദിനത്തിലെ നേട്ടം കൊല്‍ക്കത്തയുടെ വിജയത്തിന് മാറ്റുകൂട്ടി. സ്‌കോര്‍: 15-12, 15-9, 15-14. 15-13, 10-15.
ജയത്തോടെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് പത്ത് പോയിന്റായി. അവസാന മത്സരത്തിലും തോറ്റ ചെന്നൈ ബ്ലിറ്റ്‌സിന് സീസണില്‍ ഒരൊറ്റ ജയം മാത്രമായി. കൊച്ചിക്ക് പിറകില്‍ അവസാന സ്ഥാനക്കാരായാണ് ബ്ലിറ്റ്‌സിന്റെ മടക്കം. കൊല്‍ക്കത്തക്ക് ഇനി ഒരു കളി കൂടി ബാക്കിയുണ്ട്. ഒരു മത്സരം ബാക്കിയുള്ള അഹമ്മാബാദ് ഡിഫന്‍ഡേഴ്‌സ് നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയിരുന്നു. അവശേഷിക്കുന്ന രണ്ടു ബെര്‍ത്തുകള്‍ക്കായി കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, മുംബൈ ടോര്‍പ്പിഡോസ് ടീമുകള്‍ രംഗത്തുണ്ട്.
ആദ്യ രണ്ട് സെറ്റുകളില്‍ നിരാശപ്പെടുത്തിയ ചെന്നൈ മൂന്നാം സെറ്റില്‍ തിരിച്ചുവരവിന് ശ്രമിച്ചു. സ്‌കോര്‍ 14-14 നില്‍ക്കെ കരുത്തുറ്റൊരു സ്മാഷില്‍ കൊല്‍ക്കത്ത ജയം കുറിച്ചു. അവസാന സെറ്റ് 15-10ന് നേടി ബ്ലിറ്റ്‌സ് തോല്‍വി ഭാരം കുറച്ചു. വിനിത് കുമാര്‍, അശ്വല്‍ റായ്, അനുഷ്, കാഡ്‌വെല്‍ കോഡി എന്നിവര്‍ കൊല്‍ക്കത്തക്കായി തിളങ്ങി. ചെന്നൈ നിരയില്‍ രമണ്‍ കുമാറിനും ജോബിന്‍ വര്‍ഗീസിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. കൊല്‍ക്കത്ത നിരവധി അനാവശ്യ പിഴവുകള്‍ വരുത്തിയെങ്കിലും അവസരം മുതലെടുക്കാന്‍ ചെന്നൈക്കായില്ല.
ഇന്ന് (തിങ്കള്‍) റുപേ പ്രൈം വോളിബോള്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. ഇരുടീമുകളുടെയും അവസാന മത്സരമാണ് ഇന്ന്. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് ജയം കുറിക്കാനായാല്‍ കാലിക്കറ്റിന് സെമിഫൈനല്‍ ഉറപ്പാക്കാം. അവസാന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനോട് ഹീറോസ് തോറ്റിരുന്നു. ഇതുവരെ കളിച്ച ആറ് മത്സരങ്ങില്‍ മൂന്നെണ്ണം ജയിച്ച ബെംഗളൂരു ടോര്‍പ്പിഡോസിന് ഇന്ന് മികച്ച വിജയം കുറിച്ചാല്‍ സെമി സാധ്യതയുണ്ട്.