റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാമത്

Newsroom

Img 20220223 Wa0027
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 23 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി. 13-15, 15-11, 15-13, 15-8, 10-15 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. ബുധനാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച (ഫെബ്രുവരി 24) നടക്കുന്ന ആദ്യ സെമിയില്‍, ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് നാലാം സ്ഥാനക്കാരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് ഹീറോസും തമ്മിലാണ് വെള്ളിയാഴ്ച രണ്ടാം സെമിഫൈനല്‍.

അബ്ദുള്‍ റഹീമിന്റെ തകര്‍പ്പന്‍ സ്മാഷുകളിലൂടെ ആദ്യ സെറ്റില്‍ 9-7ന് ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഡ് നേടി. പിന്നാലെ മാത്യു അഗസ്റ്റിന്റെ മനോഹര സ്‌പൈക്ക് തണ്ടര്‍ബോള്‍ട്ട്‌സിന് സൂപ്പര്‍ പോയിന്റും 12-11ന്റെ ലീഡും സമ്മാനിച്ചു. കൊച്ചി വിട്ടുകൊടുത്തില്ല, ടി.ആര്‍ സേതുവിന്റെ മികച്ച സെര്‍വുകള്‍ ബ്ലൂ സ്‌പൈക്കേഴ്‌സിനെ ഡ്രൈവിങ് സീറ്റിലാക്കി. കാള്‍ഡ്‌വെലിന്റെ തകര്‍പ്പന്‍ സ്മാഷില്‍ കൊച്ചി 15-13ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു. രാഹുലിന്റെ രണ്ട് തകര്‍പ്പന്‍ സെര്‍വുകള്‍ രണ്ടാം സെറ്റില്‍ തണ്ടര്‍ബോള്‍ട്ട്‌സിനെ 8-5ന് മുന്നിലെത്തിച്ചു. വിനിത് കുമാറും മികച്ച പ്രകടനം നടത്തി. മുന്നേറ്റം തുടര്‍ന്ന കൊല്‍ക്കത്ത 15-11ന് രണ്ടാം സെറ്റ് നേടി മത്സരം സമനിലയിലാക്കി.

മൂന്നാം സെറ്റിലും തണ്ടര്‍ബോള്‍ട്ട്‌സ് മുന്നേറ്റം തുടര്‍ന്നു. ക്യാപ്റ്റന്‍ അശ്വല്‍ റായിയും രാഹുലും മികച്ച സ്‌പൈക്കുകള്‍ നടത്തി 9-6ന് മുന്ന് പോയിന്റ് ലീഡ് സമ്മാനിച്ചു. കോഡി കാള്‍ഡ്‌വെലിന്റെയും അഭിനവ് ബിഎസിന്റെയും മിന്നും പ്രകടനം കൊച്ചിയെ 11-9ന് മുന്നിലെത്തിച്ചെങ്കിലും തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ പോയിന്റുകള്‍ നേടിയ കൊല്‍ക്കത്ത 13-11ന് ലീഡ് തിരിച്ചുപിടിച്ചു. ഒരു ബ്ലോക്കിലൂടെ കൊല്‍ക്കത്ത 15-13ന് മൂന്നാം സെറ്റ് നേടി മത്സരത്തില്‍ 2-1ന് മുന്നിലെത്തി.
Img 20220223 Wa0027

രാഹുലും വിനിതും ഉജ്ജ്വലമായ സ്‌പൈക്കുകള്‍ സൃഷ്ടിച്ചതോടെ നാലാം സെറ്റില്‍ 7-3ന് കൊല്‍ക്കത്തയുടെ ആധിപത്യം. വിനിതിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് തണ്ടര്‍ബോള്‍ട്ട്‌സിന് ഒരു സൂപ്പര്‍ പോയിന്റ് നേടാനും 12-7ന് വന്‍ ലീഡ് നേടാനും വഴിയൊരുക്കി. നാലാം സെറ്റ് 15-8ന് അവസാനിപ്പിച്ച കൊല്‍ക്കത്ത മത്സരവും സ്വന്തമാക്കി.

നാലാം സെറ്റില്‍ തണ്ടര്‍ബോള്‍ട്ട്‌സും ബ്ലൂ സ്‌പൈക്കേഴ്‌സും കടുത്ത പോരാട്ടം നടത്തി. 9-9ല്‍ നില്‍ക്കെ റെയ്‌സണ്‍ ബെനറ്റ് റെബെല്ലോയുടെ തകര്‍പ്പന്‍ സെര്‍വില്‍ കൊച്ചി ഒരു സൂപ്പര്‍ പോയിന്റ് നേടി, ടീം 13-10ന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ കൂടി നേടി ബ്ലൂ സ്്‌പൈക്കേഴ്‌സ് 15-10ന് സെറ്റും മത്സരവും അവസാനിപ്പിച്ചു. റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ആറ് മത്സരങ്ങളില്‍ നാലാം ജയമായിരുന്നു കൊല്‍ക്കത്തയുടേത്.

അടുത്ത മത്സരം:

സെമിഫൈനല്‍-1 അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് vs ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് (2022 ഫെബ്രുവരി 24 വ്യാഴാഴ്ച, വൈകിട്ട് 6.50ന്)