പ്രൈം വോളിബോള്‍ ലീഗിന് പിന്തുണയുമായി തെലങ്കാന മുഖ്യമന്ത്രി, സീസണ്‍ 4ന് ആതിഥേയത്വം വഹിക്കാന്‍ ഹൈദരാബാദ് ഒരുങ്ങുന്നു

Newsroom

Img 20250831 Wa0035
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 2025 ഓഗസ്റ്റ് 31: മൂന്ന് സീസണുകളിലായി വോളിബോള്‍ ആരാധകരെ ആവേശത്തിലാക്കിയ പ്രൈം വോളിബോള്‍ ലീഗിന്റെ 2025 സീസണിന് ഒക്ടോബര്‍ രണ്ടിന് ഹൈദരാബാദില്‍ തുടക്കമാകും. തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് പിവിഎലിന്റെ നാലാം പതിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി, കായിക വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ ഐഎസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന ചെയര്‍മാന്‍ ശിവ സേന റെഡ്ഡി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന വൈസ് ചെയര്‍പേഴ്‌സണും എംഡിയുമായ എ.സോണിബാല ദേവി ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് പിവിഎല്‍ സീസണ്‍ 4ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലീഗിന് ആതിഥേയത്വം വഹിക്കുന്നതിന് തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ചടങ്ങില്‍ പിവിഎല്‍ സംഘാടകരെ സംസ്ഥാന പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

തെലങ്കാന കായികരംഗത്തെ അതീവ താല്‍പ്പര്യത്തോടെ കാണുന്ന ഒരു സംസ്ഥാനമാണെന്ന് പ്രൈം വോളിബോള്‍ ലീഗിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പറഞ്ഞു. പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ ഹൈദരാബാദിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരം ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് നമ്മുടെ ലോകോത്തര കായിക സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, നമ്മുടെ യുവജനങ്ങളെ കായികരംഗവുമായി കൂടുതല്‍ ബന്ധിപ്പിക്കാനും സഹായിക്കും. പിവിഎല്‍ ടീമിന് ഞങ്ങളുടെ പൂര്‍ണ പിന്തുണ നല്‍കുന്നു, വോളിബോളിന്റെയും കായിക വിനോദത്തിന്റെയും ആവേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിജയകരമായ സീസണിനായി ഞങ്ങള്‍ കാത്തിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൈം വോളിബോള്‍ ലീഗിന്റെ സംഘാടകരുടെ അര്‍പ്പണബോധം കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും, നഗരത്തിലെ ഏറ്റവും മികച്ച കായിക ഇനങ്ങളിലൊന്നായി പിവിഎലിനെ ഒരുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി പറഞ്ഞു. ഹൈദരാബാദിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. കായികതാരങ്ങള്‍ക്കും ആരാധകര്‍ക്കും വോളിബോള്‍ പ്രേമികള്‍ക്കും ആവേശം പൂര്‍ണമായി ആസ്വദിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും ചടങ്ങില്‍ അദ്ദേഹം ഉറപ്പുനല്‍കി.

പിവിഎല്‍ സീസണ്‍ 4 ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ചടങ്ങില്‍ സംസാരിച്ച ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ മുഖ്യഉടമ അഭിഷേക് റെഡ്ഡി ഹൃദ്യമായ നന്ദി അറിയിച്ചു. കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഇതിനെ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സംസ്ഥാനത്തേക്ക് മികച്ച കായിക മത്സരങ്ങള്‍ ആകര്‍ഷിക്കാനുള്ള നമ്മുടെ സര്‍ക്കാരിന്റെ ശക്തമായ നീക്കമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിവിഎല്‍ സീസണ്‍ 4ല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും, സീസണ്‍ 4ന് ആതിഥേയ നഗരമായി ഹൈദരാബാദിനെ ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും ബെംഗളൂരു ടോര്‍പ്പിഡോസിന്റെ സഹ ഉടമസ്ഥനായ യശ്വന്ത് ബിയ്യാല കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ കായിക സംസ്‌കാരം പിവിഎല്‍ ആരാധകരുടെ ആവേശകരമായ വോളിബോള്‍ അനുഭവത്തിന് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിന്റെ പുതിയ സീസണിന് ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണെന്ന് സീസണ്‍ 4ന്റെ വേദി പ്രഖ്യാപനത്തെക്കുറിച്ച് സംസാരിവക്കവേ പ്രൈം വോളിബോള്‍ ലീഗിന്റെ സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. കായികരംഗത്തോട് വലിയ താല്‍പര്യമുള്ള നഗരമാണ് ഹൈദരാബാദ്. അതിനാല്‍ ഇലക്ട്രിഫൈയിങ് അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ വിപുലീകരിച്ച ടെലികാസ്റ്റിങ് സ്ട്രാറ്റജിയാണ് ഈ സീസണിനെ കൂടുതല്‍ സവിശേഷമാക്കുന്നത്. ടെലിവിഷന്‍ കവറേജിനായി സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുമായി ഞങ്ങളുടെ പങ്കാളിത്തം തുടരുന്നതിനൊപ്പം, പിവിഎലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഞങ്ങള്‍ തത്സമയം മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. വിവിധ ഭാഷകളില്‍ യൂട്യൂബില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പിവിഎലിനെ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ആരാധകരെ കളിയുമായി കൂടുതല്‍ അടുപ്പിക്കം. ഞങ്ങളുടെ ആരാധകര്‍ എല്ലായ്‌പ്പോഴും പിവിഎലിന്റെ ഹൃദയമാണ്, അവരുടെ അഭിനിവേശത്തിനും അചഞ്ചലമായ പിന്തുണയ്ക്കും നല്‍കുന്ന ഒരു ആദരവ് കൂടിയാണ് യൂട്യൂബ് വഴിയുള്ള കളി സംപ്രേക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സെമിഫൈനലുകളും ഫൈനലും ഉള്‍പ്പെടെ 38 മത്സരങ്ങള്‍ക്കാണ് ഹൈദരാബാദിലെ പ്രശസ്തമായ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയൊരുക്കുക. ഹൈദരാബാദിലെ ആരാധകര്‍ക്ക് മികച്ച നിലവാരത്തിലുള്ള വോളിബോള്‍ മത്സരങ്ങള്‍ നേരില്‍ കാണാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി 10 ടീമുകളാണ് ഇത്തവണ പിവിഎല്‍ കിരീടത്തിനായി മത്സരിക്കുക. ഗോവ ഗാര്‍ഡിയന്‍സ് ആണ് ഈ സീസണില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ ടീം.

ഫോട്ടോ അടിക്കുറിപ്പ്

ഹൈദരാബാദില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന്. ഇടത്തുനിന്ന് വലത്തേക്ക്: ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് മുഖ്യഉടമ അഭിഷേക് റെഡ്ഡി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന വൈസ് ചെയര്‍മാനും എംഡിയുമായ എ.സോണിബാല ദേവി ഐഎഎസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന ചെയര്‍മാന്‍ ശിവ സേന റെഡ്ഡി, മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി, തെലങ്കാന സര്‍ക്കാര്‍ കായിക വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ ഐഎഎസ്, ബെംഗളൂരു ടോര്‍പ്പിഡോസ് സഹ ഉടമ യശ്വന്ത് ബിയ്യാല, ചെന്നൈ ബ്ലിറ്റ്‌സ് സിഇഒ കിരണ്‍ കുമാര്‍ റെഡ്ഡി.

പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്:

10 ടീം ഫ്രാഞ്ചൈസികള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളിബോള്‍ ലീഗാണ് പ്രൈം വോളിബോള്‍ ലീഗ്. ഇന്ത്യയിലെ മുന്‍നിര കായിക വിപണന സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സിന്റെ സഹഉടമസ്ഥതയിലുള്ളതും അവര്‍ തന്നെ എക്‌സ്‌ക്ലൂസീവ് മാര്‍ക്കറ്റിങ് നിര്‍വഹിക്കുകയും ചെയ്യുന്ന ലീഗിന്റെ സീസണ്‍ 1, 2, 3 എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയാണ് നാലാം സീസണിലേക്ക് കടക്കുന്നത്. വോളിബോളിന്റെ ആഗോള ബോഡിയായ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി വോളി ബാളുമായി (എഫ്‌ഐവിബി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ 2025 ഒക്ടോബര്‍ 2ന് ഹൈദരാബാദില്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ലീഗിലേക്ക് എഫ്‌ഐവിബിയുടെ അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങളിലൂടെയാണ് കളിക്കാരെ തിരഞ്ഞെടുത്തത്.