ആദ്യ മത്സരത്തില്‍ ഹൈദരാബാദ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ
ഹൈദരാബാദ്: ആവേശകരമായ ബെംഗളൂരു പാദ മത്സരങ്ങള്‍ക്ക് ശേഷം റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഹൈദാരാബാദ് ലെഗ് മത്സരങ്ങള്‍ ഇന്ന് (ബുധന്‍) തുടങ്ങുന്നു. ലീഗിന്റെ ആദ്യ സീസണിന് വേദിയൊരുക്കിയ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇത്തവണയും മത്സരങ്ങള്‍. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ഹൈദരാബാദ് ലെഗ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ബെംഗളൂരില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. അതേസമയം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കളിച്ച രണ്ട് മത്സരങ്ങളും തോറ്റു.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ചുതുടങ്ങാനാണ് ഹൈദരാബാദ് ആഗ്രഹിക്കുന്നത്. ബ്ലൂ സ്പൈക്കേഴ്സിന്റെ ശക്തി എന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും, അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഹോം ഗ്രൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ക്യാപ്റ്റന്‍ എസ് വി ഗുരുപ്രശാന്ത് പറഞ്ഞു. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഗുരുപ്രശാന്ത് പറഞ്ഞു.
പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള കൊച്ചിക്കും അക്കൗണ്ട് തുറക്കാന്‍ ബുധനാഴ്ച ജയിക്കണം. ആദ്യ രണ്ട് മത്സരങ്ങളിലെ പിഴവുകളില്‍ നിന്ന് ടീം പാഠം പഠിച്ചുവെന്നും, തിരിച്ചുവരാനുള്ള വഴി കണ്ടെത്തുമെന്നും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റന്‍ വിപുല്‍ കുമാര്‍ പറഞ്ഞു. ഞങ്ങള്‍ നിസാരമായി കാണേണ്ട ഒരു ടീമല്ലെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ടീമില്‍ ശക്തരായ കളിക്കാരുണ്ട്. ആദ്യ രണ്ട് ഗെയിമുകളില്‍ ഞങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നടന്നില്ലെങ്കിലും, എതിരാളികളില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. തിരിച്ചുവരവിന് ഞങ്ങള്‍ തയാറാണ്-വിപുല്‍ പറഞ്ഞു.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് രണ്ടാമത്. മുംബൈ, ബെംഗളൂരു ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ബുധനാഴ്ച ജയിച്ചാല്‍ ഹൈദരാബാദിന് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താനാവും. മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്പോര്‍ട്സ് ടെന്‍ 3 (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്പോര്‍ട്സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം കാണാം. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെയും തത്സമയം മത്സരങ്ങള്‍ കാണാനാവും.