ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസൺ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് തകർപ്പൻ ജയത്തോടെ അവസാനിപ്പിച്ചു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് മുംബൈ മിറ്റിയോഴ്‌സിനെയാണ് കീഴടക്കിയത്. സ്‌കോർ: 15–12, 16–14, 15-11. പ്രഭാകരനാണ് കളിയിലെ താരം. ജയിച്ചിരുന്നെങ്കിൽ മുംബൈക്ക് സൂപ്പർ ഫൈവ്‌സ് ഉറപ്പിക്കാമായിരുന്നു.
പ്രഭാകരന്റെ മികച്ച ബ്ലോക്കുകൾ തുടക്കത്തിൽതന്നെ കൊൽക്കത്തയ്‌ക്ക് ആധിപത്യം നൽകി. എന്നാൽ ശുഭത്തിന്റെ സൂപ്പർ സെർവ് കളി ഗതി മാറ്റി. സൗരഭ് മാൻ പ്രതിരോധത്തിലും തിളങ്ങി. പ്രഭാകരൻ മിന്നുന്ന കളി തുടർന്നതോടെ കളി സന്തുലിതമായി. ഒടുവിൽ വിനിത് കുമാറിന്റെ സൂപ്പർ പോയിന്റ് കൊൽക്കത്തയ്‌ക്ക് ലീഡ് കുറിച്ചു.
വിനിതിന്റെ ശ്രമങ്ങളെ തടഞ്ഞ് ആദിത്യ റാണ മുംബൈയെ സഹായിച്ചു. അമിത് ഗുലിയയുടെ തകർപ്പൻ ആക്രമണങ്ങളിലൂടെ മുംബൈ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങള രാകേഷിന്റെ ഓൾറൗണ്ട് പ്രകടനം തടഞ്ഞു. മുംബൈ പിന്നാക്കം പോയി. അശ്വൽ റായിയുടെ ഒന്നാന്തരം പ്രകടനം കൊൽക്കത്തയ്‌ക്ക് മറ്റൊരു സൂപ്പർ പോയിന്റ് സമ്മാനിച്ചു. പിന്നാലെ തന്ത്രപരമായ റിവ്യൂവിലൂടെ കൊൽക്കത്ത കളിയുടെ നിയന്ത്രണം കൈക്കലാക്കി.
പ്രഭാകരന്റെ സ്‌പൈക്കുകൾ കൊൽക്കത്തയെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. മറുവശത്ത് മുംബൈ പിഴവുകളിൽ തളർന്നു. ഇതിനിടയിലും അമിതിന്റെ ആക്രമണങ്ങളാണ് മുംബൈക്ക് ആശ്വാസം പകർന്നത്. പക്ഷേ, പ്രഭാകരനും രാകേഷും മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. വിനിത് മറ്റൊരു സൂപ്പർ പോയിന്റ് കുറിച്ചു. മുംബൈയുടെ സമ്മർദം കൂടി. ഒടുവിൽ അർജുൻനാഥ് നയിച്ച മൂന്നംഗ പ്രതിരോധം കൊൽക്കത്തയ്‌ക്ക് തകർപ്പൻ ജയമൊരുക്കി.
ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ബംഗളൂരു ടോർപിഡോസും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും. രാത്രി 8.30ന് നടക്കുന്ന കളിയിൽ സൂപ്പർ ഫൈവ്‌സ് പ്രതീക്ഷയുമായി കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ നേരിടും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.