ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ ഞായറാഴ്ച നടന്ന രണ്ടാം കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച് സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു. സ്കോർ: 11–15, 17–15, 15–13, 10–15, 15–10.
ആദ്യ കളിയിൽ തോറ്റ കൊച്ചിയുടെ തിരിച്ചുവരവായി ഇത്. പട്ടികയിൽ രണ്ടാമതുമെത്തി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. കൊച്ചിയുടെ ഹേമന്താണ് കളിയിലെ താരം.
സൂപ്പർ സെർവിലൂടെ ഗോവ ക്യാപ്‌റ്റൻ ചിരാഗ് യാദവ് മികച്ച തുടക്കം നൽകിയതാണ്. മറുവശത്ത് കളത്തിൽ പ്രകമ്പനം തീർത്ത് കൊച്ചി ക്യാപ്‌റ്റൻ എറിൻ വർഗീസും നിന്നു. ഒടുവിൽ സൂപ്പർ പോയിന്റ് അവസരം ഉപയോഗിക്കാനുള്ള ഗോവയുടെ തീരുമാനം കൃത്യമായി. എറിന്റെ സെർവീസ് പിഴവിലാണ് പോയിന്റ് കിട്ടിയത്. കൊച്ചിക്കായി അമരീന്ദർപാൽ സിങ് കളത്തിന് നടുവിൽവച്ച് ആക്രമണം നടത്തി. ഹേമന്ത് സെർവുകൾ കൊണ്ടും തീ പടർത്തി. കൊച്ചി ക്യാപ്‌റ്റൻ ബൈറൺ കെറ്റുറാകിസ് അമരീന്ദറുമായി ചേർന്ന് ബ്ലോക്കുണ്ടാക്കി ചിരാഗിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ തന്ത്രം ഫലപ്രദമാകുകയും ചെയ്‌തു.
എറിൻ ആത്മവിശ്വാസത്തോടെ ആക്രമണം നടത്തി. കൊച്ചി നിയന്ത്രണംനേടാൻ തുടങ്ങി. പ്രിൻസിന്റെ സെർവ്‌പാളിയതോടെ ഗോവയുടെ സൂപ്പർ പോയിന്റ് നഷ്ടമായി. പിന്നിലായതോടെ രോഹിതിന്റെ കരുത്തുറ്റ സെർവുകളിലൂടെ ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. പകരക്കാരൻ വിക്രം ആക്രമണത്തിലും പ്രതിരോധത്തിലും തിളങ്ങിയതോടെ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു.
ലിബെറോ അലൻ ആഷിക്കിന്റെ കിടിലൻ സേവുകൾ കൊച്ചി നിർണായക പോയിന്റുകൾ അഞ്ചാം സെറ്റിൽ നൽകി. ഹേമന്ത് എല്ലാ മേഖലയിലും മിന്നി. എറിന്റെ മികച്ച റിവ്യൂ തീരുമാനം കൊച്ചിക്ക് നിർണായകമായ സൂപ്പർ പോയിന്റ് നൽകി. അവിസ്‌മരണീയമായ 3–2ന്റെ ജയം കൊച്ചിക്ക് ലഭിക്കുകയും ചെയ്‌തു.