എഡ്വര്‍ഡോ റോമേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍; വിപുല്‍ കുമാര്‍ വൈസ് ക്യാപ്റ്റന്‍

Img 20230121 Wa0017

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റനായി എഡ്വര്‍ഡോ റോമേയെ പ്രഖ്യാപിച്ചു. വിപുല്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. ബെംഗളൂരുവില്‍ ഫെബ്രുവരി 4-നാണ് ലീഗിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏഷ്യന്‍, യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിട്ടുള്ള പെറുവില്‍ നിന്നുള്ള ആദ്യ താരമായ 27 കാരനായ റോമേ ഓപ്പോസിറ്റായാണ് കളത്തിലിറങ്ങുക. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍ എത്തുന്നതിന് മുമ്പ് സ്‌പെയിന്‍, തുര്‍ക്കി, ഓസ്ട്രിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ടീമുകള്‍ക്കൊപ്പം റോമേ കളിച്ചിട്ടുണ്ട്.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് റോമേ പറഞ്ഞു. എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏല്‍പിച്ചതിന് ടീം ഉടമകളോടും കോച്ചിനോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമിനെ നയിച്ചതിന്റെയും വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ചതിന്റെയും റോമേയുടെ പരിചയസമ്പത്ത് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ഗുണം ചെയ്യുമെന്ന് ടീം ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു.