പ്രൈം വോളിബോള്‍ ലീഗ്: ഹൈദരാബാദിനെനേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡല്‍ഹി തൂഫാന്‍സ്

Newsroom

Img 20251011 Wa0004
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണില്‍ വെള്ളിയാഴ്ച്ച നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സിന് വിജയം. ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. സ്‌കോര്‍: 15-10, 16-14, 17-15. കാര്‍ലോസ് ബെറിയോസ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ നാലുപോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തേക്കുയര്‍ന്നു. 9ാം സ്ഥാനത്താണ് ഹൈദാരാബാദ്. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തെലങ്കാല കായിക വകുപ്പ് മന്ത്രി വകിതി ശ്രീഹരി, തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശിവസേന റെഡ്ഡി എന്നിവരുടെ സാനിധ്യത്തിലായിരുന്നു മത്സരം. ഇരുവരും മത്സരത്തിന് മുമ്പ് കളിക്കാരെ ഹസ്തദാനം ചെയ്തു.

തുടര്‍ച്ചയായ മൂന്ന് സര്‍വീസ് പിഴവുകളോടെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹൈദരാബാദ് തുടങ്ങിയത്. തുടക്കത്തിലേ പിഴവ് അവര്‍ക്ക് തിരിച്ചടിയായി. ജീസസ് ചൗരിയോ ആണ് ഡല്‍ഹി തൂഫാന്‍സിനായി ആക്രമണ മികവ് നല്‍കിയത്. മിഡില്‍ സോണില്‍ നിന്ന് ജോണ്‍ ജോസഫ് പന്ത് തീയുണ്ടകള്‍ പോലെ എതിര്‍കോര്‍ട്ടിസലേക്ക് പായിച്ചതോടെ ഹൈദരാബാദും ഫോമിലായി. എന്നാല്‍ ബ്ലാക്ക്‌ഹോക്‌സിന് പിഴവുകള്‍ കൂടിക്കൂടി വന്നത് വിനയായി. കാര്‍ലോസ് തന്റെ സെര്‍വീസുകളില്‍ കരുത്ത് പ്രകടിപ്പിച്ചതോടെ, ഹൈദരാബാദിന്റെ പ്രതിരോധം ഇളകി. ഡല്‍ഹി ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരിഖ് പന്തുകള്‍ കൃത്യമായി പാസ് ചെയ്ത് ആക്രമണങ്ങള്‍ക്കും ആക്കം കൂട്ടി. ശിഖര്‍ സിങ്, സാഹില്‍ കുമാര്‍ എന്നിവരുടെ കോര്‍ട്ടിലെ സാനിധ്യമാണ് ഡല്‍ഹിയെ ആദ്യ സെറ്റ് നേടുന്നതില്‍ നിന്ന് വൈകിപ്പിച്ചത്.

രണ്ടാം സെറ്റില്‍ മുഹമ്മദ് ജാസിമിന്റെ പിഴവ് ഡല്‍ഹിക്ക് നഷ്ടമുണ്ടാക്കിയെങ്കിലും, അടുത്ത ഷോട്ടില്‍ സ്‌പൈക്ക് അടിച്ച് സൂപ്പര്‍ പോയിന്റ് നേടി മലയാളി ബ്ലോക്കര്‍ ആ പിഴവ് നികത്തി. ഡല്‍ഹി ലിബറോ ആനന്ദ് നിര്‍ണായകമായ ഒരു പോയിന്റ് നേടാന്‍ ടീമിനെ സഹായിക്കുകയും, കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ കളി ഡല്‍ഹിയുടെ വരുതിയിലായി. ആനന്ദിന്റെ മികവുറ്റ പ്രകടനം കാണികളെയും തൂഫാന്‍സ് ആരാധകരെയും ആവേശത്തിലാക്കി. ആവേശകരമായ പോയിന്റില്‍ രണ്ടാം സെറ്റും തൂഫാന്‍സ് തൂക്കി.

തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മൂന്നാം സെറ്റിലും കാര്‍ലോസ് ഡല്‍ഹിക്ക് വേണ്ടി ഫ്രണ്ട് കോര്‍ട്ടില്‍ ആധിപത്യം തുടര്‍ന്നു. മിഡില്‍ സോണിലെ തൂഫാന്‍സിന്റെ പ്രതിരോധത്തിലെ പാളിച്ചകള്‍ മുതലെടുത്തായിരുന്നു ഹൈദരാബാദിന്റെ നീക്കം. സെന്ററില്‍ നിന്ന് ആക്രമിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പ്രതിരോധം വിയര്‍ത്തു. ബ്രസീല്‍ അറ്റാക്കര്‍ വിറ്റര്‍ യൂഡി യമമോട്ടോയുടെ മികവ് ഫോര്‍മേഷനില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തൂഫാന്‍സിനെ നിര്‍ബന്ധിതരാക്കി. തന്ത്രം ഫലിച്ചു, കാര്‍ലോസ് ബെറിയോസിന്റെ അറ്റാക്കിങ് പോയിന്റിലൂടെ ഡല്‍ഹി തൂഫാന്‍സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയവും ഉറപ്പിച്ചു. ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ബംഗളൂരു ടോര്‍പിഡോസിനെയും, രാത്രി 8.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും.