റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ്-ഡല്‍ഹി തൂഫാന്‍സ് ഫൈനല്‍ ഇന്ന്

Newsroom

Picsart 24 03 20 17 59 22 398
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, 2024 മാര്‍ച്ച് 20: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23യുടെ മൂന്നാം സീസണിന്റെ കലാശക്കളി ഇന്ന് നടക്കും. വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഹീറോസ് ലീഗിലെ പുതുമുഖക്കാരായ ഡല്‍ഹി തൂഫാന്‍സിനെ നേരിടും. രാജ്യത്തുടനീളമുള്ള എട്ട് ടീമുകള്‍ മത്സരിച്ച ഒന്നര മാസം നീണ്ട സീസണിന് 48ാം മത്സരത്തോടെ സമാപനമാവും. സൂപ്പര്‍ ഫൈവില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം. മത്സരത്തിന് മുന്നോടിയായി നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീതും, ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരീഖും പങ്കെടുത്തു.

Picsart 24 03 20 17 59 35 414

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് റൗണ്ടില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ടേബിളില്‍ ഒന്നാമതെത്തിയ ഹീറോസ്, രണ്ട് ബോണസ് പോയിന്റുമായാണ് സൂപ്പര്‍ ഫൈവില്‍ പ്രവേശിച്ചത്. മുംബൈ മിറ്റിയോഴ്‌സിനും ബെംഗളൂരു ടോര്‍പ്പിഡോസിനുമെതിരെ ജയിച്ച ടീം വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി, ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കുകയായിരുന്നു.

ആദ്യമായി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു. ടീമിനായി ആരാധകര്‍ നല്‍കിയ വലിയ പിന്തുണ കപ്പിലൂടെ പകരം ചെയ്യുമെന്നും, ആരാധകരുടെ വിശാസം കാക്കുമെന്നും ജെറോം പറഞ്ഞു. ലീഗിലെ മത്സരങ്ങള്‍ കടുപ്പമേറിയതായിരുന്നു, ഫൈനല്‍ വരെ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ എഫ്‌ഐവിബി ക്ലബ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടി നല്‍കും, തീര്‍ച്ചയായും അത് ഞങ്ങള്‍ക്ക് ഒരു അധിക പ്രചോദനമായിരിക്കുമെന്നും ജെറോം വിനീത് കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആരാധകരെ ത്രസിപ്പിച്ച നവാഗതരായ ഡല്‍ഹി തൂഫാന്‍സ് 12 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് അവസാനിപ്പിച്ചത്. സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെയും കാലിക്കറ്റ് ഹീറോസിനെയും പരാജയപ്പെടുത്തിയ അവര്‍ ലീഗ് റൗണ്ടിലെ ഒരു ബോണസ് പോയിന്റിന്റെ ബലത്തില്‍ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി എലിമിനേറ്ററിന് യോഗ്യത നേടുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 15-9, 10-15, 10-15, 15-12, 17-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ടീം കാലിക്കറ്റ് ഹീറോസിനെതിരെയുള്ള കലാശക്കളി ഉറപ്പിച്ചത്.

ഫൈനലില്‍ കിരീടം നേടി ഈ സീസണ്‍ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലെയ്ന്‍ താരീഖ് പറഞ്ഞു. ഒരു മാസത്തിലേറെ നീണ്ട ലീഗില്‍ ഏറ്റവും മികച്ച ടീമുകളുമായി മത്സരിക്കാനായത് ഒരു മികച്ച അനുഭവമാണ്. കാലിക്കറ്റ് ഹീറോസിനെതിരെയുള്ള ഞങ്ങളുടെ ഫൈനല്‍ പോരാട്ടത്തിലേക്കെത്താന്‍ എല്ലാ കളിക്കാരും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ആരാധകരും അവരുടേതായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഇന്ന് കഴിവിന്റെ പരമാവധി പ്രകടനം നടത്തി, ട്രോഫി സ്വന്തമാക്കി മടങ്ങുകയാണ് ഞങ്ങളുടെ ലക്ഷ്യം-ഡല്‍ഹി ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Picsart 24 03 20 17 59 55 287

റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23യുടെ മൂന്നാം സീസണിന്റെ ആരാധകവൃന്ദം അതിരില്ലാത്തതായിരുന്നുവെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഇതുവരെ ആവേശകരമായ ചില മത്സരങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഫൈനല്‍ മത്സരം പ്രതീക്ഷയ്ക്കപ്പുറമായിരിക്കുമെന്നും, ചെന്നൈയില്‍ ഒഴുകിയെത്തുന്ന ആരാധകരെ ത്രസിപ്പിക്കുമെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

റുപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണ്‍ ഫൈനല്‍ മത്സരം മാര്‍ച്ച് 21ന് വൈകിട്ട് 6.30 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍1 എസ്ഡി ആന്‍ഡ് എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.