ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ഡൽഹി തൂഫാൻസിന് ആധികാരിക ജയം. ഞായറാഴ്‌ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ കീഴടക്കി. സ്‌കോർ: 15–9, 16–14, 17–15. സന്തോഷാണ് കളിയിലെ താരം. അഞ്ചാം തോൽവിയോടെ കൊൽക്കത്ത പുറത്തായി. ഡൽഹിയുടെ നാലാം ജയമാണ്.
സഖ്‌ലയിൻ ആയിരുന്നു ഡൽഹിയുടെ താളം. അമലിനും സന്തോഷിനും ഈ സെറ്റർ നിരന്തരം പാസുകൾ നൽകി. ഡൽഹിയുടെ ആക്രമണം ഇരുവശങ്ങളിൽനിന്നുംവന്നു. അശ്വൽ റായിയുടെയും വിനിത് കുമാറിന്റെയും ആക്രമണം നേരിട്ട ഘട്ടത്തിൽ ഡാനിയൽ അപോൺസുമായി ചേർന്ന് സഖ്‌ലയിൻ കളി വരുതിയിലാക്കി. പക്ഷേ, വിനിതിന്റെ കിടയറ്റ ആക്രമണം കൊൽക്കത്തയ്‌ക്ക് ഡൽഹിക്കുമേൽ സമ്മർദം ചെലുത്താൻ സഹായമായി. എന്നാൽ ലാസർ ഡോഡിച്ചിന്റെ സ്‌പൈക്കുകൾ എത്തിയതോടെ ഡൽഹിക്ക് തുടക്കത്തിൽതന്നെ ലീഡ് നേടാനായി.
അനു ജയിംസിന്റെ തകർപ്പൻ സ്‌പൈക്കുകളും പിന്നാലെ സൂപ്പർ സെർവും ഡൽഹി ആക്രമണത്തിന് വൈവിധ്യം നൽകി. എന്നാൽ വിനിതിന്റെ സാന്നിധ്യം ഡൽഹി പ്രതിരോധത്തിന് ഒരു ആശ്വാസവും പകർന്നില്ല. അർജുൻ നാഥ് നയിച്ച് ഇരട്ട ബ്ലോക്ക് കൊൽക്കത്ത പ്രതിരോധത്തിന് കരുത്തായി. ആക്രമണത്തിന് അമിതും എത്തിയതോടെ കൊൽക്കത്തയ്‌ക്ക് പുതിയ വഴികൾ തുറന്നു. പക്ഷേ, ആയുഷിന്റെ കിടയറ്റ ബ്ലോക്ക് അവരെ തടഞ്ഞു. ഡൽഹിയുടെ നിയന്ത്രണത്തിലായി കളി.
സന്തോഷിന്റെ തുടരൻ ആക്രമണങ്ങളിലൂടെ ഡൽഹി കളംപടിച്ചു. എന്നാൽ ദീപക് കുമാറിന്റെയും അമിതിന്റെയും സൂപ്പർ സെർവുകൾ കൊൽക്കത്തയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ പകർന്നു. മധ്യഭാഗത്ത്‌നിന്നുള്ള അശ്വൽ റായിയുടെ സ്‌പൈക്കുകൾ കൊൽക്കത്തയെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നാൽ സൂപ്പർ പോയിന്റനായുള്ള ഡൽഹിയുടെ ചൂതാട്ട നീക്കം ഫലംകണ്ടു. ഡോഡിച്ചിന്റെ മാന്ത്രിക സ്‌പർശം ഡൽഹിക്ക് രണ്ട് പോയിന്റും നേരിട്ടുള്ള സെറ്റുകൾക്ക് ജയവും നൽകി.
ഇന്ന്(തിങ്കൾ) രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് ബംഗളൂരു ടോർപിഡോസിനെയും രാത്രി 8.30ന് മുംബൈ മിറ്റിയോഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും. ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.