പ്രൈം വോളിബോള്‍ ലീഗ്: ചെന്നൈ ബ്ലിറ്റ്‌സിന് രണ്ടാം ജയം, പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 20 ഫെബ്രുവരി 2022: അഖിന്‍ ജിഎസ്, നവീന്‍ രാജാ ജേക്കബ് എന്നിവരുടെ കരുത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരം ജയിച്ച് ചെന്നൈ ബ്ലിറ്റ്‌സ്. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 9-15, 15-12, 15-13, 15-9, 12-15 എന്ന സ്‌കോറിനാണ് ചെന്നൈ തോല്‍പിച്ചത്. സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും വിജയത്തോടെ ലീഗ് പോരാട്ടം അവസാനിപ്പിക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ ആകെ രണ്ട് വിജയങ്ങളാണ് ചെന്നൈ നേടിയത്. ചെന്നൈ ബ്ലിറ്റ്‌സിന്റെ അഖിന്‍ ജി.എസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. .Img 20220221 Wa0006

ചെന്നൈ ബ്ലിറ്റ്‌സിന്റെ ചില അനാവശ്യ പിഴവുകള്‍ ആദ്യ സെറ്റില്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് 7-3ന് ലീഡ് നല്‍കി. പങ്കജ് ശര്‍മയും രോഹിത്തും മികച്ച പ്രകടനം നടത്തി. സാരംഗ് ശാന്തിലാലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ബെംഗളൂരു ആദ്യ സെറ്റ് 15-9ന് സ്വന്തമാക്കി. പങ്കജിന്റെ രണ്ട് മികച്ച സ്‌പൈക്കുകളിലൂടെ രണ്ടാം സെറ്റില്‍ 7-2ന് ബെംഗളൂരു ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ രണ്ട് ഗംഭീര സെര്‍വുകളിലൂടെ ചെന്നൈ ബ്ലിറ്റ്‌സ് തിരിച്ചടിച്ച് 10-9ന് ലീഡ് നേടി. അഖിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് ചെന്നൈയുടെ ലീഡ് ഉയര്‍ത്തി. ഒടുവില്‍ 15-12ന് രണ്ടാം സെറ്റ് അവസാനിപ്പിച്ച് ബ്ലിറ്റ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി.

അഖിന്‍ ഉജ്ജ്വലമായ സ്‌പൈക്കിലൂടെ മൂന്നാം സെറ്റില്‍ ചെന്നൈ 7-5ന് ലീഡ് നേടി. തിരിച്ചടിച്ച ബെംഗളൂരു പങ്കജ് ശര്‍മയുടെയും രഞ്ജിത് സിങിന്റെയും മികവില്‍ 9-8ന് ലീഡ് പിടിച്ചു. നവീന്‍ രാജ ജേക്കബ് തലയുയര്‍ത്തി നിന്നതോടെ ബ്ലിറ്റ്‌സ് തിരിച്ചെത്തി, 14-13ന് ലീഡ് നേടിയ ചെന്നൈ ടീം 15-13ന് മൂന്നാം സെറ്റും നേടി.

നാലാം സെറ്റില്‍ നവീന്‍ രാജ ജേക്കബും ബ്രൂണോ ഡ സില്‍വയും ചേര്‍ന്ന് ചെന്നൈയെ നയിച്ചു, 8-6ന് ടീം ലീഡ് നേടി. അഖിന്റെ സ്‌പൈക്ക് ചെന്നൈക്ക് ഒരു സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. ലവ്മീത് കടാരിയ ബെംഗളൂരുവിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നൈയുടെ കുതിപ്പ് തടയാനായില്ല. 15-9ന് ബെംഗളൂരു കീഴടങ്ങി. കടുത്ത പോരാട്ടം നടത്തിയ ഇരുടീമുകളും അവസാന സെറ്റില്‍ 8-8ന് സമനിലയിലെത്തി. ജോബിന്‍ വര്‍ഗീസിന്റെ ഒരു സെര്‍വ് നഷ്ടമായതോടെ ബെംഗളൂരു സൂപ്പര്‍ പോയിന്റ് നേടി 13-12ന് മുന്നില്‍. കെയ്ല്‍ ഫ്രണ്ടിന്റെ ഒരു തകര്‍പ്പന്‍ സ്‌പൈക്കിന് പിന്നാലെ ഒരു സെറ്റ് കൂടി നേടി ബെംഗളുരു ടോര്‍പ്പിഡോസ് പോരാട്ടം അവസാനിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. *സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ഹീറോസിന് ജയം അനിവാര്യമാണ്.*