ചെന്നൈ ബ്ലിറ്റ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി തൂഫാന്‍സ്

Newsroom

ചെന്നൈ, മാര്‍ച്ച് 1, 2024: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ഡല്‍ഹി തൂഫാന്‍സിന് ജയം. വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 15-9, 15-13, 12-15, 19-17. സന്തോഷാണ് കളിയിലെ താരം. മൂന്നാം വിജയത്തോടെ ഡല്‍ഹി സൂപ്പര്‍ 5 പ്രതീക്ഷകള്‍ സജീവമാക്കി. തോറ്റെങ്കിലും ചെന്നൈ നാലാം സ്ഥാനത്ത് തുടര്‍ന്നു.

Picsart 24 03 01 20 59 39 042

സര്‍വീസ് ലൈനില്‍ നിന്നുള്ള ചെന്നൈയുടെ പിഴവുകള്‍ ഡല്‍ഹി തൂഫാന്‍സിന് തൂടക്കത്തില്‍ തന്നെ ആനുകൂല്യം നല്‍കി. സന്തോഷ് ആക്രമണാത്മക പ്രകടനത്തിലൂടെ ബ്ലിറ്റ്‌സിനെ നേരിട്ടതോടെ ചെന്നൈ ആധിപത്യം ഉറപ്പിച്ചു. ഡഗ്ലസ് ബ്യൂണോയുടെ മിന്നല്‍ പ്രകടനവും, ലിയാന്‍ഡ്രോ ജോസിന്റെ ബ്ലോക്കുകളും ഡല്‍ഹിക്കൊപ്പമെത്താന്‍ ചെന്നൈ ബ്ലിറ്റ്‌സിനെ സഹായിച്ചു. എന്നാല്‍ ആക്രമണത്തില്‍ ലാസര്‍ ഡോഡിക്കിന്റെ പങ്കാളിത്തവും സഖ്‌ലെയ്ന്‍ താരിഖിന്റെ സമര്‍ഥമായ പാസിങും ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു.

രമണ്‍ കുമാറും ദിലീപ് കുമാറും അറ്റാക്കിങ് തുടങ്ങിയതോടെ ഡല്‍ഹി വിയര്‍ത്തു, ചെന്നൈയുടെ ആക്രമണങ്ങളെ തടയാന്‍ ഡാനിയല്‍ അപ്പോന്‍സ മധ്യനിരയില്‍ സജീവമായി. ദിലീപിന്റെ സൂപ്പര്‍ പോയിന്റും, ബ്യൂണോയുടെ മികവും ചെന്നൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കി. എന്നാല്‍ ലാസര്‍ ഡോഡിക്കിന്റെ ആക്രമണോത്സുകമായ സെര്‍വുകള്‍ ചെന്നൈയുടെ വാതിലുകളടച്ചു, ഡല്‍ഹി മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു.

ജോയല്‍ ബെഞ്ചമിനും രമണ്‍കുമാറും ചേര്‍ന്ന് മൂന്നാം സെറ്റില്‍ ചെന്നൈയ്ക്ക് മികച്ച തുടക്കം നല്‍കി. ലിയാന്‍ഡ്രോയുടെ ബ്ലോക്കുകള്‍ക്കൊപ്പം സൂപ്പര്‍ പോയിന്റിനായുള്ള ചെന്നൈയുടെ ശ്രമവും വിജയിച്ചു. ചെന്നൈ ഒരു സെറ്റ് നേടി. നാലാം സെറ്റില്‍ ദിലീപിന്റെ സ്മാഷുകളും ജോയലിന്റെ അറ്റാക്കിങും ഡല്‍ഹിയെ അസ്വസ്ഥരാക്കി, എന്നാല്‍ ലിബറോ ആനന്ദിന്റെ മികവില്‍ ഡോഡിക്കും സന്തോഷും ഡല്‍ഹിക്കായി തുടര്‍ച്ചയായി പോയിന്റുകള്‍ നേടി. ശരിയായ സമയത്ത് അറ്റാക്കിങ് കൂടി തുടര്‍ന്നതോടെ സെറ്റും ജയവും ഡല്‍ഹിക്കായി.

ലീഗില്‍ ഇന്ന് (ശനി) ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും. നാലില്‍ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു ജയം മാത്രമുള്ള ബ്ലാക് ഹോക്‌സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്തും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.