ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി ഫൈനൽ കാണാതെ പുറത്തായി. ബുധനാഴ്ച ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസിനോട് 5 സെറ്റ് നീണ്ട തകർപ്പൻ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ രണ്ട് സെറ്റ് നഷ്ടമായ കാലിക്കറ്റ് തുടർന്നുള്ള രണ്ട് സെറ്റുകൾ സ്വന്തമാക്കി കളിയിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന സെറ്റിൽ കാലിടറുകയായിരുന്നു. സ്കോർ: 20-18, 20-18, 7-15, 11-15, 15-12.
തോറ്റെങ്കിലും കാലിക്കറ്റിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷമീമുദ്ദീൻ ആണ് കളിയിലെ താരം. സീസണിൽ ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. 13 പോയിന്റോടെ പട്ടികയിലും ഒന്നാമതെത്തി. ഇന്ന് നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം ജയിച്ചിരുന്നെങ്കിൽ ഹീറോസിന് സെമി സാധ്യത നിലനിർത്താമായിരുന്നു. ഒക്ടോബർ 19ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായാണ് കാലിക്കറ്റ് ഹീറോസിന്റെ അടുത്ത മത്സരം.