കാലിക്കറ്റ് ഹീറോസിനെതിരെ
ആധികാരിക ജയവുമായി ഡല്‍ഹി തൂഫാന്‍സ്
ഹൈദരാബാദ്: ആര്.ആര് കാബെല് പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഡല്‍ഹി തൂഫാന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു (1511, 159, 1511). ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം. ആദ്യ മൂന്ന് കളിയും തോറ്റ കാലിക്കറ്റിന് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജീവന്മരണപ്പോരാട്ടമായിരുന്നു. ജയത്തോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി. ജയത്തിനായി കൊതിച്ചിറങ്ങിയ കാലിക്കറ്റ് തുടക്കത്തില്‍ സന്തോഷിന്റെ സ്മാഷുകളിലൂടെ ലീഡ് നേടിയതാണ്. വികാസ് മാന്റെ ബ്ലോക്കുകളും പ്രതീക്ഷ നല്കി. പക്ഷേ, ക്യാപ്റ്റന്‍ സഖ്ലെയ്ന്‍ താരിഖിന്റെ തന്ത്രപരമായ നീക്കങ്ങളില്‍ ഡല്‍ഹി കളം പിടിച്ചു. മുഹമ്മദ് ജാസിം നയിച്ച ട്രിപ്പിള്‍ ബ്ലോക്ക് ഡല്‍ഹിക്ക് സൂപ്പര്‍ പോയിന്റ് നല്‍കുകയും ചെയ്തു. ഇതോടെ കാലിക്കറ്റിന്റെ താളവും തെറ്റി.

പിന്നാലെ ചൗറോയിയുടെ കരുത്തില്‍ ആഞ്ഞടിക്കുന്ന ഡല്‍ഹിയെയാണ് കണ്ടത്. കാലിക്കറ്റ് പ്രതിരോധം അതില്‍ ചിതറിപ്പോയി. പിറന്നാള്‍ദിനം ആഘോഷമാക്കി ജോര്‍ജ് ആന്റണി തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ സെര്‍വുകള്‍ തൊടുത്തപ്പോള്‍ കളി ഡല്‍ഹിയുടെ കളത്തിലായി. കാലിക്കറ്റ് ലിബെറോ ആദര്‍ശും ഡല്‍ഹി ലിബെറോ ആനന്ദും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാലിക്കറ്റ് കളിപിടിക്കാന്‍ ആവുംവിധം ശ്രമിച്ചു. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ അതിനുള്ള ഒരുക്കം കണ്ടതാണ്. പക്ഷേ, അധികം ആയുസുണ്ടായില്ല. ഷമീമുദീന്റെ ചില ബ്ലോക്കുകള്‍ ഡല്‍ഹി അറ്റക്കാര്ക്കര്മാര്ക്ക് നേരിയ സമ്മര്‍മുണ്ടാക്കിയതൊഴിച്ചാല്‍ കാലിക്കറ്റിന്റെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു. ഡല്‍ഹി ക്യാപ്റ്റന്‍ സഖ്ലയ്ന്‍ മധ്യഭാഗത്ത് കാര്‍ലോസ് ബെരിയോസ് അവസരങ്ങളൊരുക്കി. പിന്നാലെ റഹീമിന്റെ ശ്രമത്തിന് കരുത്തുറ്റ പ്രതിരോധം തീര്‍ത്ത് ആയുഷ് മിന്നിയതോടെ സൂപ്പര്‍ പോയിന്റ് പിടിച്ച് ഡല്‍ഹി ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും.