ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23 മൂന്നാം സീസണ്‍ കിരീടം കാലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന കലാശക്കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ തോല്‍പ്പിച്ചാണ് കാലിക്കറ്റ് കന്നിക്കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 15-13, 15-10, 13-15, 15-12. ആദ്യ രണ്ട് സെറ്റുകള്‍ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാം സെറ്റില്‍ ഡല്‍ഹി വിറപ്പിച്ചെങ്കിലും, തുടര്‍സെറ്റില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഹീറോസ് നായകന്‍ ജെറോം വിനീതാണ് ഫൈനലിലെ താരം, ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിര്‍ണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പര്‍ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാന്‍സിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ വേദിയൊരുക്കുന്ന എഫ്‌ഐവിബി ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പിലും കാലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധീകരിക്കും.
കാലിക്കറ്റാണ് കലാശക്കളിയിലെ സ്‌കോര്‍ബോര്‍ഡ് തുറന്നത്, പിന്നാലെ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി. തൂഫാന്‍സിന്റെ സര്‍വീസ് പിഴവില്‍ കാലിക്കറ്റ് ഒപ്പമെത്തി. സന്തോഷിന്റെ തകര്‍പ്പന്‍ സ്മാഷ് തൂഫാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. വികാസും ചിരാഗും ഡല്‍ഹിയുടെ മുന്നേറ്റത്തിന് തടയിട്ടു. അപോണ്‍സയുടെ പിഴവില്‍ ഹീറോസ് മുന്നേറി. ജെറോം പ്രതിരോധത്തിലും ആക്രമണത്തിലും തിളങ്ങി, എന്നാല്‍ ഡോഡിച്ചിന്റെ മികവും ഹീറോസിന്റെ സര്‍വീസ് പിഴവും ഡല്‍ഹിക്ക് തുണയായി. സൂപ്പര്‍ പോയിന്റില്‍ തൂഫാന്‍സ് മുന്നേറി. ജെറോം വീണ്ടു രക്ഷനായി, ഡല്‍ഹി റിവ്യൂ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പെറോറ്റോയുടെ മാജിക്കല്‍ സെര്‍വിലൂടെ ഡല്‍ഹിയെ ഞെട്ടിച്ച ഹീറോസ് ആദ്യ സെറ്റിലെ കളി അവസാനിപ്പിച്ചു.
രണ്ടാം സെറ്റില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി, കാലിക്കറ്റിനായി ഡാനിയേല്‍ മൊയതാസെദിയും ഡല്‍ഹിക്കായി ആയുഷും സൂപ്പര്‍ സ്‌പെക്കിലൂടെ പോയിന്റുകള്‍ നേടി. ഉക്രപാണ്ഢ്യന്റെ തന്ത്രപരമായ പന്തൊരുക്കത്തില്‍ ചിരാഗ് യാദവ് ഹീറോസിനെ മുന്നിലാക്കി. കാണികളുടെ ആരവങ്ങള്‍ കരുത്താക്കി ഹീറോസ് കുതിച്ചു. ഡല്‍ഹിയുടെ കോര്‍ട്ടില്‍ ആശയക്കുഴപ്പം പ്രകടമായി. ഡോഡിച്ചിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജെറോമിന്റെ മികവ് തടയാനായില്ല. ചിരാഗിന്റെ സൂപ്പര്‍സ്‌പൈക്കും ഉക്രയും മൊയതാസെദിയും ചേര്‍ന്നൊരുക്കിയ ബ്ലോക്കും തൂഫാന്‍സിനെ ഏറെ പിന്നിലാക്കി. സൂപ്പര്‍പോയിന്റിലൂടെ ഒപ്പമെത്താനുള്ള ഡല്‍ഹിയുടെ നീക്കവും പാളി. സന്തോഷിന്റെ തടയിടല്‍ ഹീറോസിന്റെ സെറ്റ് വിജയം വൈകിപ്പിക്കാന്‍ മാത്രം സഹായകരമായി. ഡോഡിച്ചിന്റെ സര്‍വീസ് ലൈനിന് പുറത്തായതോടെ രണ്ടാം സെറ്റിലും കാലിക്കറ്റ് ഹീറോസായി.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഡല്‍ഹി അതിവേഗം പോയിന്റുകള്‍ നേടി. കാലിക്കറ്റ് താരങ്ങള്‍ക്കിടയിലെ ആശയകുഴപ്പം മുതലെടുത്തായിരുന്നു തൂഫാന്‍സിന്റെ മുന്നേറ്റം. പെറോറ്റോ ശക്തമായൊരു സ്‌പൈക്കിലൂടെ ഹീറോസിന് തിരിച്ചുവരവിനുള്ള ഇന്ധനം പകര്‍ന്നു. ഡല്‍ഹി ആറാം പോയിന്റില്‍ നില്‍ക്കെ പെറോറ്റോയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കാലിക്കറ്റ് അവരെ ഒപ്പം പിടിച്ചു. ബ്രസീലിയന്‍ താരത്തെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കായില്ല. തുടരെ പോയിന്റുകള്‍ നേടിയ പെരോറ്റോ ഹീറോസിന് രണ്ട് പോയിന്റ് ലീഡ് നല്‍കി. പ്രവീണിന്റെ സര്‍വീസ് പിഴവും ടീമിന്റെ പ്രതിരോധപ്പിഴവും സ്‌കോര്‍ വീണ്ടും തുല്യനിലയിലാക്കി. പിന്നാലെ ഡല്‍ഹി മൂന്ന് പോയിന്റ് ലീഡ് നേടി, സൂപ്പര്‍ പോയിന്റ് തുഫാന്‍സിന്റെ ലീഡ് കുറച്ചെങ്കിലും അപോണ്‍സയുടെ സ്‌പൈക്കില്‍ അവര്‍ മത്സരം നാലാം സെറ്റിലേക്ക് നീട്ടി.
ഡാനിയേല്‍ അപോണ്‍സ നിര്‍ത്തിയേടത് നിന്ന് തുടങ്ങി, തൂഫാന്‍സ് കുതിച്ചു. അമിത ആത്മവിശ്വാസം അവര്‍ക്ക് വിനയായി, സന്തോഷിന്റെ സൂപ്പര്‍ സ്‌പൈക്കിനുള്ള ശ്രമം പാളി. ജെറോമും പെരോറ്റോയും ചേര്‍ന്ന് ഹീറോസിനെ ഉയിര്‍ത്തേഴുന്നേല്‍പ്പിച്ചു. ഡല്‍ഹിയുടെ അനാവശ്യ പിഴവുകള്‍ ചുവപ്പന്‍ പടയെ മുന്നിലെത്തിച്ചു. സൂപ്പര്‍പോയിന്റിനുള്ള ശ്രമം ജെറോം തീപ്പൊരി സ്മാഷിലൂടെ ടീമിന് അനുകൂലമാക്കി. മികവ് തുടര്‍ന്ന ക്യാപ്റ്റന്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിന് കിരീടം സമ്മാനിച്ചു.