ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ ബംഗളൂരു ടോര്‍പിഡോസിനെതിരെ ആധികാരിക ജയംകുറിച്ച് ചെന്നൈ ബ്ലിറ്റ്‌സ് സൂപ്പര്‍ ഫൈവ്‌സ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. സ്‌കോര്‍: 16-14, 15-11, 15-13. ദിലിപ് കുമാറാണ് കളിയിലെ താരം.
ഒരു കളി ശേഷിക്കെ എട്ട് പോയിന്റുമായി ആറാമതാണ് ചെന്നൈ. എട്ട് മത്സരം പൂര്‍ത്തിയായ ബംഗളൂരു മൂന്നാമതാണ്. രമണ്‍ കുമാറും ദിലിപ് കുമാറും ചെന്നൈക്ക് മുന്‍തൂക്കം നല്‍കി. മുജീബിന്റെ ബ്ലൊക്കുകളിലൂടെയായിരുന്നു ബംഗളൂരുവിന്റെ പ്രത്യാക്രമണം. സേതുവിനെ തടയുക എന്നതായിരുന്നു ചെന്നൈയുടെ തന്ത്രം. അത് വിജയിച്ചതോടെ കളി കൈയിലായി. ലിയാന്‍ഡ്രോ ജോസിന്റെ സൂപ്പര്‍ സെര്‍വും തുണച്ചു. ജോ, അഖിന്‍, ദിലിപ് എന്നിവരെവച്ചുള്ള കോച്ച് ദക്ഷിണാമൂര്‍ത്തിയുടെ കളി തന്ത്രം ചെന്നൈക്ക് തുടക്കത്തില്‍തന്നെ ലീഡ് നേടാന്‍ സഹായകരമായി.
ഐബിന്റെ കരുത്തുറ്റ പ്രകടനത്തിലൂടെ ബംഗളൂരു തിരിച്ചുവരാന്‍ നോക്കിയെങ്കിലും പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. കളിയൊഴുക്കിന് താളം നഷ്ടപ്പെട്ടു. ബംഗളൂരു പ്രതിരോധത്തെ തകര്‍ത്ത് ലിയാന്‍ഡ്രോ ഇതിനിടെ മറ്റൊരു സൂപ്പര്‍ സെര്‍വും തടുത്തു. ചെന്നൈ കളിയില്‍ പൂര്‍ണമായും നിയന്ത്രണം നേടി. സേതുവിന്റെ സ്‌പൈക്കുകള്‍ക്കിടയിലും കളി ചെന്നൈയുടെ ആധിപത്യത്തിലായി.
ലിയാന്‍ഡ്രോയുടെ കരങ്ങളില്‍തന്നെയായിരുന്നു ചെന്നൈയുടെ മുന്നേറ്റം. ജിഷ്ണു മികച്ച പകരക്കാരന്‍ ബ്ലോക്കറായി. ഓള്‍ റൗണ്ട് പ്രകടനവുമായി മുജീബ് ബംഗളൂരുവിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ മധ്യഭാഗത്ത് അഖിന്റെ സാന്നിധ്യം കളി ചെന്നൈയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തി. സെര്‍വീസ് ലൈനില്‍നിന്നുള്ള ഐബിന്റെ ആക്രമണക്കളി തുടര്‍ന്നപ്പോഴും ചെന്നൈ നേരിട്ടുള്ള സെറ്റുകളില്‍ കളി സ്വന്തമാക്കി. ഇന്ന് (ശനി) ഒരു മത്സരം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ നേരിടും.