ചെന്നൈ, മാര്‍ച്ച് 16, 2024: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ ഫൈവിലെ നിര്‍ണായക മത്സരം നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന കളിയില്‍ മുംബൈ മിറ്റിയോഴ്‌സിനെ 15-13, 16-14, 15-10 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. ജിഷ്ണുവാണ് കളിയിലെ താരം. സൂപ്പര്‍ഫൈവില്‍ നാലുമത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു രണ്ട് ജയവുമായി നാലുപോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുംബൈക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ബെംഗളൂരുവിന്റെ വിജയത്തോടെ സൂപ്പര്‍ 5ലെ അവസാന മത്സരങ്ങള്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്കായി.
അമിത് ഗുലിയയുടെ ആക്രമണങ്ങളിലൂടെ മുംബൈ മിറ്റിയോഴ്‌സ് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ജിഷ്ണുവിന്റെ സമര്‍ഥമായ ബ്ലോക്കുകള്‍ ബെംഗളൂരുവിന് തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നല്‍കി. ഇരു ടീമുകളുടെയും സര്‍വീസ് പിഴവുകള്‍ കളി തുല്യനിലയിലാക്കി. ബെംഗളൂരു കോച്ച് ഡേവിഡ് ലീയുടെ സൂപ്പര്‍ സെര്‍വിനുള്ള നീക്കം പിഴച്ചില്ല, ലീഡെടുത്ത ടോര്‍പ്പിഡോസ് ഐബിന്‍ ജോസിന്റെ സ്‌പൈക്കിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കി.
പൗലോ ബാര്‍ബോസയായിരുന്നു ടോര്‍പ്പിഡോസിന്റെ ആക്രമണങ്ങളുടെ സൂത്രധാരന്‍, അറ്റാക്കര്‍മാര്‍ക്ക് കൃത്യമായി പന്തെത്തി. എന്നാല്‍ മധ്യനിരയില്‍ നിന്നുള്ള സൗരഭിന്റെ ആക്രമണങ്ങള്‍ ബെംഗളൂരിനെ പ്രതിരോധത്തിലാക്കി. മുജീബിന്റെ മികവുറ്റ ബ്ലോക്കുകളിലൂടെ കളി തിരിച്ചുപിടിച്ച ടോര്‍പ്പിഡോസ് സേതുവിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ മുന്നിലെത്തി. സ്രാജന്റെയും ജിഷ്ണുവിന്റെയും കിടിലന്‍ ബ്ലോക്ക് കൂടിയായതോടെ ബെംഗളൂരൂ 16-14ന് രണ്ടാം സെറ്റും നേടി. ശുഭം ചൗധരിയുടെ ഫോമില്ലായ്മ മിറ്റിയോഴ്‌സിന് തിരിച്ചടിയായി, അതേസമയം ബെംഗളൂരു കടുത്ത ആക്രമണങ്ങളുമായി മുന്നേറി. ജിഷ്ണുവിന്റെ അപാര മികവ് അവര്‍ക്ക് തുണയായി. അനായാസം പോയിന്റുകള്‍ നേടുന്നതില്‍ നിന്ന് ബെംഗളൂരു പ്രതിരോധം മുംബൈയെ തടഞ്ഞു. മികവ് തുടര്‍ന്ന ടോര്‍പ്പിഡോസ് തോമസ് ഹെപ്റ്റിന്‍സ്റ്റാളിന്റെ സൂപ്പര്‍ സെര്‍വിലൂടെ ജീവന്‍ മരണ പോരാട്ടത്തില്‍ ജയം കുറിച്ചു.
സൂപ്പര്‍ ഫൈവ് മത്സരങ്ങള്‍ ഇന്ന് (ഞായര്‍) അവസാനിക്കും. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന അവസാന മത്സരത്തില്‍ ഹീറോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ഹീറോസിന് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലെത്താം. വൈകിട്ട് 6.30ന് അഞ്ച് പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി തൂഫാന്‍സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. സൂപ്പര്‍ ഫൈവിന് ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന ടീമാണ് നേരിട്ട് ഫൈനലില്‍ പ്രവേശിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളായിരിക്കും രണ്ടാം ഫൈനലിസ്റ്റ്. അഹമ്മദാബാദിനും മുംബൈക്കും നിലവില്‍ രണ്ട് പോയിന്റുകള്‍ വീതമുണ്ട്.