ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ കിരീടം ബെംഗളൂരു ടോര്‍പ്പിഡോസിന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂവിന്റെ കന്നിക്കിരിടം. സ്‌കോര്‍: 15-13, 16-4, 15-13. ലീഗ്ഘട്ടത്തില്‍ മുംബൈയോട് തോറ്റ് രണ്ടാം സ്ഥാനക്കാരാവേണ്ടി വന്ന ബെംഗളൂരിന് ഫൈനല്‍ വിജയം മധുരപ്രതികാരം കൂടിയായി. രണ്ടാം സെറ്റില്‍ നാലു പോയിന്റുകള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്‍ സ്‌കോര്‍ 14-13 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല. 2023 ഫൈനലില്‍ ബെംഗളൂരു അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. അന്നും ഡേവിഡ് ലീ തന്നെയായിരുന്നു ടോര്‍പ്പിഡോസിന്റെ പരിശീലകന്‍.
ആദ്യ സെറ്റില്‍ ഇരുടീമുകളും ജാഗ്രതയോടെ കളിച്ചു. പീറ്റര്‍ ഓസ്റ്റ്വിക് ജോയല്‍ ബെഞ്ചമിനെ ബ്ലോക്ക് ചെയ്തപ്പോള്‍, ശുഭം ചൗധരിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തുകൊണ്ട് ജിഷ്ണു ബംഗളൂരുവിനായി ശക്തമായി തിരിച്ചടിച്ചു. സേതുവിന്റെ സെര്‍വീസ് ബംഗളൂരുവിന് നേരിയ മുന്‍തൂക്കം നല്‍കി, ഇത് മിറ്റിയോഴ്‌സിനെ സൂപ്പര്‍ പോയിന്റിന് വിളിക്കാന്‍ നിര്‍ബന്ധിതരാക്കി. മുംബൈ ശക്തമായി പൊരുതിയെങ്കിലും, ബെംഗളൂരു ക്യാപ്റ്റനും സെറ്ററുമായ മാറ്റ് വെസ്റ്റിന്റെ കൃത്യതയാര്‍ന്ന പന്തെത്തിക്കല്‍ ടോര്‍പ്പിഡോസിനെ ആദ്യ സെറ്റ് നേടാന്‍ സഹായിച്ചു.
ബെംഗളൂരിന്റെ സര്‍വാധിപത്യമായിരുന്നു രണ്ടാം സെറ്റില്‍. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെയാണ് ബെംഗളൂരു തുടങ്ങിയത്. മുംബൈയുടെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍ ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. മുംബൈക്കായി ഓം ലാഡ് വസന്ത് അറ്റാക്കര്‍മാര്‍ക്ക് കൃത്യമായി പന്തെത്തിച്ചു, എന്നാല്‍ ശുഭവും ക്യാപ്റ്റന്‍ അമിത് ഗുലിയയും പന്തുകള്‍ ദൂരത്തേക്ക് അടിച്ച് പാഴാക്കി. ജോയലിന്റെ സ്ഥിരതയാര്‍ന്ന ആക്രമണങ്ങള്‍ മുംബൈയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ജോയലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ടോര്‍പ്പിഡോസ് രണ്ട് സെറ്റിന്റെ ലീഡുറപ്പിച്ചു. മൂന്നാം സെറ്റില്‍, ജാലെന്‍ പെന്റോസ് ശക്തമായ സ്‌പൈക്കുകള്‍ ഉതിര്‍ത്തതോടെ ടോര്‍പ്പിഡോസ് മുന്നേറ്റം തുടര്‍ന്നു. ശുഭം കൗണ്ടര്‍അറ്റാക്കിന് നേതൃത്വം നല്‍കിയെങ്കിലും മുംബൈയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. സൂപ്പര്‍പോയിന്റും മുംബൈയെ തുണച്ചില്ല, നിഖിലിന്റെ സര്‍വീസ് പിഴവിലൂടെ ബെംഗളൂരു ജയവും കിരീടവും ഉറപ്പിച്ചു.
Image Caption
പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ ഫൈനലില്‍ മുംബൈ മിറ്റിയോഴ്‌സിനെതിരെ വിജയം നേടിയ ബെംഗളൂരു ടോര്‍പ്പിഡോസ് താരങ്ങളുടെ ആഹ്ലാദം














