ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ വീഴ്ത്തി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്

Newsroom

Picsart 24 02 18 22 05 55 708
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, ഫെബ്രുവരി 18, 2024: റുപേ പ്രൈം വോളിബോള്‍ പവേര്‍ഡ് ബൈ എ23 സീസണ്‍ മൂന്നില്‍ അഹമ്മദാബാദിന് തുടര്‍ച്ചയായ രണ്ടാം ജയം. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 15-9, 15-6. നന്ദഗോപാലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

അഹ 24 02 18 22 05 44 776

മികച്ച പാസിങിലൂടെ മുത്തുസാമിയും, തകര്‍പ്പന്‍ പ്രതിരോധവുമായി മാക്‌സ് സെനികയും നന്ദയും അഹമ്മദാബാദിന് മികച്ച തുടക്കം സമ്മാനിച്ചു. വിനീത് കുമാറിന്റെ നിരന്തര ആക്രമണങ്ങള്‍ക്കൊപ്പം കളി ഒപ്പമെത്തിക്കാന്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ശ്രമിച്ചു. മിഡില്‍ ബ്ലോക്കര്‍ അശ്വല്‍ റായ് കൂടി മികവ് കണ്ടെത്തിയതോടെ കൊല്‍ക്കത്ത മുന്നേറി. എന്നാല്‍ തണ്ടര്‍ബോള്‍ട്ട്‌സിന്റെ രണ്ടു അനാവശ്യ പിഴവുകള്‍ അവര്‍ക്ക് വിനയായി. ശക്തമായ സ്മാഷിലൂടെ അംഗമുത്തു അഹമ്മദാബാദിന് ആദ്യ സെറ്റ് സമ്മാനിച്ചു.

രണ്ടാം സെറ്റിലും മുത്തുസാമിയുടെ മികവുറ്റ പാസിങ് അഹമ്മദാബാദിന് തുണയായി. നന്ദയുടെ പൈപ്പ് അറ്റാക്കുകള്‍ കൊല്‍ക്കത്തയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഇതിനിടെ ഒനൂര്‍ ഷുക്കൂറിന്റെ ആക്രമണസ്വഭാവമുള്ള പാസിങ് ഡിഫന്‍ഡേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, മിഡില്‍ ബ്ലോക്കര്‍ എല്‍.എം മനോജിലൂടെ രണ്ടാം സെറ്റും അഹമ്മദാബാദ് നേടി.

മൂന്നാം സെറ്റില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു തണ്ടര്‍ ബോള്‍ട്ട്‌സ്. അംഗമുത്തുവിന്റെ ആക്രമണങ്ങള്‍ക്ക് കൊല്‍ക്കത്തക്ക് മറുപടിയുണ്ടായില്ല. റിവ്യൂവിലൂടെ സൂപ്പര്‍ പോയിന്റ് നേടിയ ഡിഫന്‍ഡേഴ്‌സ് സൂപ്പര്‍ സെര്‍വിലൂടെ അതിവേഗം മൂന്നാം സെറ്റും സ്വന്തമാക്കി ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം കുറിച്ചു. ജയത്തോടെ നാലു പോയിന്റുമായി അഹമ്മദാബാദ് ആദ്യ സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്തയുടെ തുടര്‍ച്ചായ രണ്ടാം തോല്‍വിയാണിത്.

ആദ്യ രണ്ട് സീസണുകളുടെ വിജയത്തെത്തുടര്‍ന്ന്, റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ അസ്‌ലി എന്റര്‍ടെയ്‌നര്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും. ആരാധകര്‍ക്ക് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മറ്റൊരു ആവേശകരമായ സീസണ്‍ പ്രതീക്ഷിക്കാവുന്നതിനോടൊപ്പം, 2024 ഫെബ്രുവരി 15ന് വൈകിട്ട് 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലീവിലും ലൈവ് സ്ട്രീമിങ് വഴി വോളിബോള്‍ കോര്‍ട്ടിലെ മുന്‍നിര ടീമുകളുടെ പോരാട്ടവും ആസ്വദിക്കാം.