റുപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണിന് ഇന്ന് ചെന്നൈയില്‍ തുടക്കം

Newsroom

Picsart 24 02 14 19 39 13 084
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ ഇന്ന് ആരംഭിക്കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് ലീഗ് കിരീടത്തിനായി മത്സരിക്കുക.

ഇന്ന് വൈകിട്ട് 6.30ന് ചെന്നൈയിലെ എസ്ഡിഎടി മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ്, ഒന്നാം സീസണ്‍ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെയും നേരിടും.

വൈകിട്ട് 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. സോണി ലീവിലും മത്സരങ്ങള്‍ തത്സമയം കാണാം. ഫെബ്രുവരി 16ന് രാത്രി 8.30നാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരം.

മൂന്നാം സീസണിന് മുന്നോടിയായി ചെന്നൈയിലെ താജ് ക്ലബ് ഹൗസില്‍ നടന്ന പ്രീസീസണ്‍ പ്രസ് കോണ്‍ഫറന്‍സില്‍ ഒമ്പത് ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്മാരും പങ്കെടുത്തു. തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് നായകന്‍ മുത്തുസാമി അപ്പാവു പറഞ്ഞു. .അതേസമയം കാണികളുടെ പിന്തുണ ടീമിന് ഗുണകരമാവുമെന്ന് ചെന്നൈ ക്യാപ്റ്റന്‍ അഖിന്‍ ജി.എസ് പറഞ്ഞു. മുന്‍ സീസണിലെ ചാമ്പ്യന്‍ ടീമിന്റെ പരിശീലകനായ ദക്ഷിണമൂര്‍ത്തി ഇത്തവണ ഞങ്ങള്‍ക്കൊപ്പമുണ്ട്, ഈ സീസണില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു വലിയ ഉത്തേജനമാണെന്നും അഖിന്‍ ജി.എസ് കൂട്ടിച്ചേര്‍ത്തു.

Picsart 24 02 14 19 39 56 870
റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിന് മുന്നോടിയായി ചെന്നൈയിലെ താജ് ക്ലബ് ഹൗസില്‍ നടന്ന പ്രീസീസണ്‍ പ്രസ് കോണ്‍ഫറന്‍സില്‍ ഒമ്പത് ടീമുകളുടെ ക്യാപ്റ്റന്മാര്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ, ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് എംഡി തുഹിന്‍ മിശ്ര എന്നിവര്‍ക്കൊപ്പം ട്രോഫിയുമായി അണിനിരന്നപ്പോള്‍

ഈ വര്‍ഷം കിരീടം നേടുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി നല്‍കുമെന്ന് ടോര്‍പ്പിഡോസ് നായകന്‍ പങ്കജ് ശര്‍മ പറഞ്ഞു. റുപേ പ്രൈം വോളിബോള്‍ ലീഗില്‍ രണ്ട് തവണ ട്രോഫി നേടുന്ന ആദ്യ ടീമാവുകയാണ് ലക്ഷ്യമെന്ന് തണ്ടര്‍ബോള്‍ട്ട്‌സ് ക്യാപ്റ്റന്‍ അശ്വല്‍ റായി പറഞ്ഞു. ജെറോം വിനീതിനെയാണ് ഈ സീസണില്‍ കാലിക്കറ്റ് ഹീറോസ് നായകനായി പ്രഖ്യാപിച്ചത്. ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് വെറ്ററന്‍ താരം രഞ്ജിത് സിങിനെയും ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ ജിതിന്‍ എന്‍, മുംബൈ മെറ്റിയോഴ്‌സിനെ ഹര്‍ദീപ് സിങ് എന്നിവര്‍ നയിക്കുമ്പോള്‍, പുതിയ ഫ്രാഞ്ചൈസിയായ ഡല്‍ഹി തൂഫാന്‍സ് സഖ്‌ലൈന്‍ താരീഖിനെയാണ് അവരുടെ ആദ്യ സീസണിലെ നായകനായി തിരഞ്ഞെടുത്തത്.

സൂപ്പര്‍ 5 മത്സരങ്ങളാണ് പുതിയ സീസണിലെ ആകര്‍ഷക ഘടകം. മാര്‍ച്ച് 11നും മാര്‍ച്ച് 18 നും ഇടയിലായിരിക്കും സൂപ്പര്‍ 5 മത്സരങ്ങള്‍ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മത്സരിക്കുക. സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടം നേടുന്ന രണ്ടാമത്തെ ടീം. മാര്‍ച്ച് 21നാണ് ഫൈനല്‍.