മൂന്ന് സെറ്റ് ജയം, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സിനെ ഞെട്ടിച്ച് ഗോവ ഗാര്‍ഡിയന്‍സ്

Newsroom

Img 20251014 Wa0164
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ആര്‍ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണില്‍ ചൊവ്വാഴ്ച്ച നടന്ന രണ്ടാം മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ പരാജയപ്പെടുത്തി ഗോവ ഗാര്‍ഡിയന്‍സ്. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-11, 15-8, 15-6 എന്ന സ്‌കോറിനാണ് ഗോവയുടെ ജയം. രോഹിത് യാദവ് ആണ് കളിയിലെ താരം. വിജയവഴിയില്‍ തിരിച്ചെത്തിയ ഗോവ ഗാര്‍ഡിയന്‍സ്, 11 പോയിന്റുമായിപോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത.

1000289885

ആദ്യ സെറ്റില്‍ തന്നെ ഗോവ ഗാര്‍ഡിയന്‍സ് തങ്ങളുടെ നയം വ്യക്തമാക്കി. പ്രിന്‍സും ദുഷ്യന്തും മധ്യഭാഗത്ത് നിന്ന് ആക്രമണം തുടങ്ങി, ഇതിന് മറുപടിയായി ഗോവയുടെ ഷോട്ടുകള്‍ തടയാന്‍ തണ്ടര്‍ബോള്‍ട്ട്‌സ് ഇറാന്‍ താരം മാറ്റിന്‍ തവല്‍ക്കറെ വിന്യസിച്ചു. ജെറി ഡാനിയേലിന്റെ സൂപ്പര്‍ സെര്‍വ് ഗോവയ്ക്ക് മുന്‍തൂക്കം നല്‍കി. എന്നാല്‍ പങ്കജ് ശര്‍മയുടെ മിസൈല്‍ സെര്‍വിലൂടെ കൊല്‍ക്കത്ത സ്‌കോര്‍ വീണ്ടും സമനിലയിലാക്കി. ചിരാഗ് ശര്‍മയുടെ സെര്‍വീസുകള്‍ക്ക് തണ്ടര്‍ബോള്‍ട്ട്‌സിന് മറുപടിയുണ്ടായില്ല, ഗോവ വീണ്ടും മുന്നിലെത്തി. ഗാര്‍ഡിയന്‍സ് ആക്രമണോത്സുകമായ പ്രകടനം തുടര്‍ന്നു, രോഹിത് യാദവ് തകര്‍പ്പന്‍ സെര്‍വുകളാല്‍ കൊല്‍ക്കത്തയുടെ പ്രതിരോധത്തെ പരീക്ഷിച്ചു. പ്രിന്‍സിന്റെ കോര്‍ട്ടിലെ സാനിധ്യം ഗോവയുടെ ബ്ലോക്കിങ് മെച്ചപ്പെടുത്തുകയും ചെയ്തു.

ജെറി, ചിരാഗ്, നഥാനിയേല്‍ ഡിക്കിന്‍സണ്‍ എന്നിവര്‍ക്കിടയില്‍, സ്‌പൈക്കുകള്‍ക്കായി പന്ത് ഒരുക്കാന്‍ സെറ്റര്‍ രോഹിത്തിന് ഒന്നിലധികം ഓപ്ഷനുകള്‍ ലഭിച്ചു. തിരിച്ചടിക്കായി രാഹുല്‍ കെ, സൂര്യന്‍ഷ് തോമര്‍ എന്നിവരെ കൊല്‍ക്കത്ത കളത്തിലിറക്കി. എന്നാല്‍ ചിരാഗിന്റെ അതിഗംഭീരമായ സൂപ്പര്‍ സ്‌പൈക്ക് ഗോവയ്ക്ക് ഒരു സൂപ്പര്‍ പോയിന്റ് നേടിക്കൊടുത്തു, രണ്ടാം സെറ്റും ഗാര്‍ഡിയന്‍സ് നേടി. കൊല്‍ക്കത്തയുടെ പ്രതിരോധം ശക്തമായിരുന്നിട്ടും, ഗോവയുടെ നിര്‍ത്താതെയുള്ള ആക്രമണങ്ങളെ തടയാനായില്ല. ദുഷ്യന്തിന്റെ സാനിധ്യം ഗോവന്‍ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് നല്‍കി. ഡിക്കിന്‍സന്റെ സൂപ്പര്‍ സെര്‍വ് ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം വീണ്ടും വര്‍ധിപ്പിച്ചു. ജെറിയുടെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ ഗോവ 3-0ന്റെ വിജയവും സ്വന്തമാക്കി.

നാളെ (ബുധന്‍) ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും കാലിക്കറ്റ് ഹീറോസും തമ്മില്‍ കളിക്കും.