ഒളിമ്പിക്സിൽ ആദ്യമായി വോളിബോളിൽ മെഡൽ കണ്ടത്തി ഫ്രാൻസ്. അതും സ്വർണമാക്കി മാറ്റിയ ഫ്രഞ്ച് പട തങ്ങളുടെ നേട്ടം അവിസ്മരണീയമാക്കി. വോളിബോളിലെ പ്രധാന ശക്തികളിൽ ഒന്നായ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയെ 5 സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ആണ് ഫ്രാൻസ് ടീം മറികടന്നത്. ആദ്യ രണ്ടു സെറ്റുകളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ഫ്രാൻസ് റഷ്യൻ ടീമിനെ കടന്നാക്രമിച്ചു. 25-23 നേരിയ വ്യത്യാസത്തിൽ ആദ്യ സെറ്റ് നേടിയ ഫ്രാൻസ് രണ്ടാം സെറ്റ് 25-17 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നും നാലും സെറ്റുകളിൽ തിരിച്ചടിക്കുന്ന റഷ്യൻ ടീമിനെയാണ് കാണാൻ ആയത്.
മൂന്നാം സെറ്റ് 25-21 നു നേടി തിരിച്ചു വരവിന്റെ സൂചന നൽകി. നാലാം സെറ്റിലും സമാനമായ പ്രകടനം ആവർത്തിച്ച റഷ്യൻ ടീം സെറ്റ് 15-21 നു തന്നെ നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ഇരു ടീമുകളും പുറത്ത് എടുത്തത്. ഒടുവിൽ റഷ്യൻ പോരാട്ട വീര്യം 15-12 നു മറികടന്ന ഫ്രഞ്ച് പട ചരിത്രം എഴുതി. ഫ്രാൻസിന് ആയി 26 പോയിന്റുകൾ നേടിയ എർവിൻ നാഗപത്, 15 പോയിന്റുകൾ നേടിയ പാർട്ടി എന്നിവർ തിളങ്ങിയപ്പോൾ റഷ്യക്ക് ആയി മിഖയിലോവ് 21 പോയിന്റും എഗോർ 20 തും പോയിന്റുകൾ നേടി. നേരത്തെ ബ്രസീലിനെ തോൽപ്പിച്ച അർജന്റീന വോളിബോൾ വെങ്കലം നേടിയിരുന്നു.