ഇന്ത്യൻ ടേബിൾ ടെന്നീസ് രംഗത്തെ വിവാദം തുടരുന്നു. ഇന്ത്യയുടെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ടീമിൽ നിന്നു സൂപ്പർ താരം മണിക ബത്രയെ ഒഴിവാക്കിയത് ആണ് പുതിയ വിവാദം. ദേശീയ ക്യാമ്പിൽ പങ്കെടുക്കാത്ത ഒരു താരത്തെയും മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത് ഇല്ല എന്ന നിലപാടിൽ ആണ് ടേബിൾ ടെന്നീസ് ഫെഡറേഷൻ. ഈ മാസം 28 നു ദോഹയിൽ തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് ടീമിൽ നിന്നു സോനപറ്റിൽ നടക്കുന്ന നിർബന്ധിത ക്യാമ്പിൽ പങ്കെടുക്കാത്തത് കൊണ്ടാണ് മണിക ബത്രയെ ഫെഡറേഷൻ ഒഴിവാക്കിയത്. നേരത്തെ ദേശീയ പരിശീലകൻ ആയ സൗമ്യദീപ് റോയിക്ക് എതിരെ തന്നോട് മത്സരം തോറ്റു കൊടുക്കാൻ ആവശ്യപ്പെട്ടത് ആയി എന്നടക്കമുള്ള ആരോപണങ്ങൾ മണിക ബത്ര നടത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ഫെഡറേഷൻ അന്വേഷണം നടക്കുന്നുണ്ട്.
ടോക്കിയോ ഒളിമ്പിക്സിന് ശേഷമാണ് ദേശീയ ക്യാമ്പ് നിർബന്ധിതമാക്കിയത് ആയി ഫെഡറേഷൻ അറിയിക്കുന്നത്. എന്നാൽ ക്യാമ്പിൽ താൻ പങ്കെടുക്കുന്നില്ല പൂനെയിൽ തന്റെ സ്വകാര്യ പരിശീലകനു ഒപ്പം പരിശീലിച്ചു കൊള്ളാം എന്ന നിലപാട് ആണ് ലോക 56 റാങ്കുകാരിയായ ഖേൽരത്‌ന അവാർഡ് ജേതാവ് ആയ മണിക ബത്ര സ്വീകരിച്ചത്. എന്നാൽ നിയമത്തിനു ആരും മുകളിലല്ല എന്ന നിലപാട് സ്വീകരിച്ച ഫെഡറേഷൻ താരത്തെ ടീമിൽ നിന്നു ഒഴിവാക്കുക ആയിരുന്നു. ടേബിൾ ടെന്നീസിലെ ഏറ്റവും വലിയ ശക്തിയായ ചൈന പങ്കെടുക്കാത്തത് കൊണ്ട് ഇന്ത്യ വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന ചാമ്പ്യൻഷിപ്പിൽ സുതിർത്ത മുഖർജി, അഹിക മുഖർജി, അർച്ചന കാമത്ത് എന്നീ വനിത താരങ്ങളും ശരത് കമാൽ, ജി സത്യൻ, ഹർമീത് ദേശായി, മനവ് തക്കർ, സനിൽ ഷെട്ടി എന്നീ പുരുഷ താരങ്ങളും അടങ്ങുന്നത് ആണ് ഇന്ത്യൻ ടീം.