ബ്രസീലിൽ നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടൂർണമെന്റിൽ ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരം മണിക ബത്ര ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ കിം നാ-യെങ്ങിനെ 3-2 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് മണികയുടെ തിരിച്ചുവരവ്. സ്കോർ: 6-11, 11-5, 11-3, 7-11, 11-4. ഈ വിജയത്തോടെ, പ്രധാനപ്പെട്ട അഞ്ച് ഡബ്ല്യു.ടി.ടി ഇവന്റുകളിലും (സ്മാഷ്, ചാമ്പ്യൻസ്, സ്റ്റാർ കണ്ടൻഡർ, കണ്ടൻഡർ, ഫീഡർ) ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമെന്ന ചരിത്രനേട്ടം മണിക സ്വന്തമാക്കി.
അതേസമയം, ഇന്ത്യൻ പുരുഷ താരങ്ങൾക്ക് നിരാശയുടെ ദിവസമായിരുന്നു. ഹർമീത് ദേശായി ദക്ഷിണ കൊറിയയുടെ ജുൻസങ്ങിനോട് 1-3ന് പരാജയപ്പെട്ടപ്പോൾ, മനുഷ് ഷാ ജർമ്മനിയുടെ ഡുഡയോട് അതേ സ്കോറിന് തോറ്റു.