ഓൾ ബ്ലാക്സിന് മേൽ സ്പ്രിങ് ബോക്‌സ്! ദക്ഷിണാഫ്രിക്കക്ക് റെക്കോർഡ് നാലാം റഗ്ബി ലോകകപ്പ്

Wasim Akram

Picsart 23 10 29 03 16 48 744
Download the Fanport app now!
Appstore Badge
Google Play Badge 1

റഗ്ബി ലോകകപ്പ് റെക്കോർഡ് നാലാം തവണ ഉയർത്തി ദക്ഷിണാഫ്രിക്ക. റഗ്ബി ലോകകപ്പ് നാലാം തവണ നേടുന്ന ആദ്യ ടീം ആണ് സ്പ്രിങ് ബോക്‌സ്. റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ഫൈനലിൽ നേർക്കുനേർ വന്നപ്പോൾ പിറന്നത് ക്ലാസിക് ഫൈനൽ ആയിരുന്നു. ഫൈനലിൽ ന്യൂസിലാന്റിനെ 12-11 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് മറികടന്നത്. ഹാകയും ആയി എതിരാളിയെ വെല്ലുവിളിച്ചു പതിവ് പോലെ ഓൾ ബ്ലാക്സ് തുടങ്ങിയപ്പോൾ നിലവിലെ ജേതാക്കൾ കൂടിയായ ദക്ഷിണാഫ്രിക്കക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. മൂന്നാം മിനിറ്റിലും 13 മത്തെ മിനിറ്റിലും ലഭിച്ച ഫീൽഡ് പെനാൽട്ടികൾ ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്ക് 6-0 ന്റെ മുൻതൂക്കം നൽകി.

റഗ്ബി

എന്നാൽ 17 മത്തെ മിനിറ്റിൽ ഫീൽഡ് പെനാൽട്ടിയിലൂടെ റിച്ചി മൗങ സ്‌കോർ 6-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മറ്റൊരു ഫീൽഡ് പെനാൽട്ടിയിലൂടെ പൊള്ളാർഡ് സ്‌കോർ 9-3 ആക്കി മാറ്റി. 27 മത്തെ മിനിറ്റിൽ ആണ് കളി മാറിയ തീരുമാനം ഉണ്ടായത്. ജെസ്സെ ക്രിയലിനു എതിരായ അപകടകരമായ ടാക്കിളിന് ന്യൂസിലാന്റ് ക്യാപ്റ്റൻ സാം കെയിനു നൽകിയ മഞ്ഞ കാർഡ് റിവ്യൂയിന് ശേഷം ചുവപ്പ് കാർഡ് ആയി ഉയർത്തിയതോടെ ഓൾ ബ്ലാക്സ് 14 പേരായി ചുരുങ്ങി. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഓൾ ബ്ലാക്സ് ക്യാപ്റ്റൻ മാറി. തുടർന്ന് 34 മത്തെ മിനിറ്റിൽ പൊള്ളാർഡ് ഒരു ഫീൽഡ് പെനാൽട്ടി കൂടി ലക്ഷ്യത്തിൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് 12-3 എന്ന മുൻതൂക്കം ലഭിച്ചു. നാലു മിനിറ്റിനുള്ളിൽ ഒരു ഫീൽഡ് പെനാൽട്ടി നേടി സ്‌കോർ 12-6 ആക്കിയാണ് ന്യൂസിലാന്റ് ആദ്യ പകുതി അവസാനിപ്പിച്ചത്.

റഗ്ബി

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിയ കൊലിസി മഞ്ഞ കാർഡ് കണ്ടതോടെ കുറച്ചു നേരം ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങി. എന്നാൽ റിവ്യൂയിൽ ഇത് ചുവപ്പ് ആയി ഉയർത്തിയില്ല. തുടർന്ന് മനോഹരമായ നീക്കത്തിലൂടെ തന്റെ അവസാന മത്സരം കളിക്കുന്ന ആരോൺ സ്മിത്ത് ഒരു ട്രെ നേടിയെങ്കിലും മുമ്പുള്ള ഫൗൾ കാരണം റഫറി ഈ ട്രെ അനുവദിച്ചില്ല. എന്നാൽ ഇതിനു തൊട്ടു പിന്നാലെ 58 മത്തെ മിനിറ്റിൽ ബൂഡൻ ബാരറ്റ് ഫൈനലിലെ ഏക ട്രെ ഓൾ ബ്ലാക്സിന് ആയി നേടിയതോടെ സ്‌കോർ 12-11 ആയി. എന്നാൽ തുടർന്ന് ലഭിച്ച കൺവെർഷൻ പെനാൽട്ടി ലക്ഷ്യം കാണാൻ റിച്ചി മൗങക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ കോൽബെക്ക് മഞ്ഞ കാർഡ് കണ്ടതോടെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്ക 14 പേരായി ചുരുങ്ങി. എന്നാൽ അപ്പോൾ ലഭിച്ച ഫീൽഡ് പെനാൽട്ടിയും ലക്ഷ്യം കാണാൻ റിച്ചിക്ക് ആയില്ല.

റഗ്ബി

അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങിയതിനു പിന്നാലെ ഓൾ ബ്ലാക്സ് കളി ജയിക്കാൻ ആയി ആഞ്ഞു പരിശ്രമിച്ചു എങ്കിലും സ്പ്രിങ് ബോക്‌സ് പ്രതിരോധം പിടിച്ചു നിന്നു. ഏതാണ്ട് ഒരു മണിക്കൂർ 14 പേരായി കളിച്ചിട്ടും ഓൾ ബ്ലാക്സ് മത്സരത്തിൽ അവിശ്വസനീയം ആയ പോരാട്ടം ആണ് കാഴ്ച വച്ചത്. കിരീടത്തിനു ഹാന്ദ്ര പൊള്ളാർഡിന്റെ ബൂട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മത്സരത്തിൽ 28 ടാക്കിളുകൾ നടത്തിയ ദക്ഷിണാഫ്രിക്കൻ ഫ്ലാങ്കർ പീയ്റ്റർ-സ്റ്റെഫ് ഡു ടോയ്റ്റ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. റെക്കോർഡ് നാലാം കിരീട നേട്ടത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച റഗ്ബി ടീം ആരാണ് എന്ന ചോദ്യത്തിന് ഓൾ ബ്ലാക്സിന് മുന്നിൽ എത്തി നിലവിൽ സ്പ്രിങ് ബോക്‌സ്.