ഗ്രൂപ്പ് ബിയിൽ റഗ്ബിയിലെ തങ്ങളുടെ മേധാവിത്വം എന്തെന്ന് ന്യൂസിലാൻഡ് ഒരിക്കൽ കൂടി കാണിച്ചപ്പോൾ കാനഡയെ തകർത്തത് 63-0 എന്ന വമ്പൻ സ്കോറിന്. പലപ്പോഴും മുഴുവൻ അവസരങ്ങളും മുതലെടുക്കാൻ ഓൾ ബ്ളാക്സിന് ആവാത്തത് ആണ് കാനഡയുടെ തോൽവിയുടെ ആഘാതം ഇത്രയും കുറച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ ടീമിൽ 3 സഹോദരന്മാരെ അണിനിരത്തിയ ഓൾ ബ്ളാക്സിന് തെറ്റിയില്ല. മൊത്തം 9 ട്രൈ സ്കോർ ചെയ്ത ന്യൂസിലാൻഡിനായി 3 സഹോദരന്മാരും ട്രൈ സ്കോർ ചെയ്തപ്പോൾ പുതിയ ലോകകപ്പ് ചരിത്രം ആയി അത്.
ജോർഡി ബാരെറ്റും സ്കോട്ട് ബാരെറ്റും ബ്യുഡൻ ബാരെറ്റും തിളങ്ങിയപ്പോൾ അത് ഗാലറി നിറഞ്ഞ ആരാധകർക്കും വലിയ ആവേശം ആയി. ഓൾ ബ്ളാക്സിനായി ആർത്ത് വിളിക്കാൻ ഗാലറിയിൽ ഒഴുകി എത്തിയ തദ്ദേശിയർ മത്സരം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അതേസമയം മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ക്വാട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തിയ ഫ്രാൻസ് അമേരിക്കക്ക് എതിരെ ബോണസ് പോയിന്റ് ജയം നേടി. അവസാന പത്ത് മിനിറ്റ് വരെ പൊരുതിയ അമേരിക്ക ഫ്രാൻസിനെ ഞെട്ടിക്കും എന്നു തോന്നിച്ചു എങ്കിലും 12-9 ൽ നിന്ന് 33-9 നു ജയം കണ്ടു ഫ്രാൻസ്. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാമന്മാർ ആയ ഇംഗ്ലണ്ടിനു അടുത്ത് എത്തി ഫ്രാൻസ്.