പുരുഷന്മാരുടെ ജാവലിനിൽ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ലോക ഒന്നാം നമ്പർ റാങ്കിൽ എത്തി. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര മാറി. ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നാണ് ചോപ്ര ഒന്നാമത് എത്തിയത്.
2021ലെ ടോക്കിയോ ഒളിമ്പിക്സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ വിജയത്തോടെയാണ് നീരജ് ചോപ്ര അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് ആരംഭിച്ചത്. അന്ന് അത്ലറ്റിക്സിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറിയിരുന്നു. അന്ന് 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണ്ണത്തിലേക്ക് എത്തിയത്.
അടുത്തിടെ ദോഹ ഡയമണ്ട് ലീഗ് ഇവന്റിൽ 88.67 മീറ്റർ എറിഞ്ഞ് വിജയിച്ചതോടെയാണ് ചോപ്ര റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഈ ഇവന്റിൽ ആൻഡേഴ്സൺ പീറ്റേഴ്‌സ് 85.88 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്.