ലക്ഷദ്വീപിൽ ഇനി സ്‌കൂൾ ഗെയിംസ് ആവേശം. അടുത്ത മാസം ആദ്യം മുതൽ തുടങ്ങുന്ന ഗെയിംസിന്റെ ലോഗോ അധികൃതർ പുറത്ത് വിട്ടു. ചിത്രകലാ അധ്യാപകൻ ആയ ആന്ത്രോത്ത് ദ്വീപ് സ്വദേശി സലീം കൈതാട് ആണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ 10 ദ്വീപിൽ നിന്നുളള സ്‌കൂളുകളും അവിടത്തെ വിദ്യാർത്ഥികളും മാറ്റുരക്കുന്ന ഗെയിംസിന് അടുത്ത മാസം ഒന്നാം തിയതി ആണ് തുടക്കമാവുക. 10 ദിവസം നീണ്ടു നിൽക്കുന്ന കായിക മേള അടുത്ത മാസം 10 നു സമാപിക്കും.
ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് റെക്കോഡ് ജേതാക്കൾ ആയ ആന്ത്രോത്ത് ദ്വീപ് ആണ് ഇത്തവണ ഗെയിംസിനു ആഥിത്യമരുളുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിവിധ പ്രായഗ്രൂപ്പുകൾ ആയാണ് കായികമേള നടക്കുക. അത്ലറ്റിക്സ്, നീന്തൽ തുടങ്ങിയവക്ക് പുറമെ വിവിധ വിഭാഗങ്ങളിൽ ആയി ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലും കുട്ടികൾ മാറ്റുരക്കും. എന്നത്തേയും ആന്ത്രോത്ത് ദ്വീപിന്റെ ആധിപത്യം തകർക്കാൻ മറ്റാർക്കെങ്കിലും ഇത്തവണ ആവുമോ എന്നു കണ്ടറിയണം.