ലാഗാനും റൂഡിയും മുതൽ മണിബോൾ വരെ,10 സ്പോർട്സ് സിനിമകൾ പരിചയപ്പെടാം

- Advertisement -

സിനിമകളിൽ തന്നെ ഏറ്റവും അധികം ആളുകളെ സ്വാധീനിക്കുകയും പ്രചോദനം നൽകുകയും ഏറ്റവും അധികം പേർ ഇഷ്ടപ്പെടുന്നതും ആയ ഒരു വിഭാഗം ആണ് സ്പോർട്സ് സിനിമകൾ. അതിൽ ചിലപ്പോൾ മിക്കവാറും എല്ലാവരും കണ്ട പ്രിയപ്പെട്ട ഒരു 10 സിനിമകളെ പരിചയപ്പെടുത്തുക ആണിവിടെ. ഏറ്റവും മികച്ച സ്പോർട്സ് സിനിമകൾ എന്ന അർത്ഥത്തിലോ ക്രമം പോലെ മികച്ചത് എന്ന അർത്ഥത്തിലോ അല്ല ഈ സിനിമകൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ചിലപ്പോൾ നിങ്ങൾക്ക് പ്രിയങ്കരമായി വളരെ മികച്ച തോന്നിയ എസ്കേപ്പ്‌ ടു വിക്ടറി, പെലെ, യുണൈറ്റഡ്, വിൽ, മിറാക്കിൾ, ദംഗൽ, വാരിയേഴ്‌സ്, കൺകഷൻ, ബാറ്റിൽ ഓഫ് സെക്സെസ്, ബോർഗ്ഗ് വൈസസ് മെക്കൻറോ മുതൽ മലയാളത്തിലെ സുഡാനി ഫ്രം നൈജീരിയയോ ഈ ലിസ്റ്റിൽ ഇല്ലാത്തത് ഒരിക്കലും അതിന്റെ കുറവ് കൊണ്ട് അല്ല എന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് ഇതിലും മികച്ചതായി തോന്നിയ സിനിമകൾ ലിസ്റ്റിൽ വരാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഈ ലിസ്റ്റിലെ മിക്ക സിനിമകളും യഥാർത്ഥ സംഭവങ്ങളും പ്രചോദനം നൽകുന്നതും ആയ കഥകൾ കൊണ്ട് നിറഞ്ഞത് ആണ് എന്നത് യാദൃശ്ചികമായി സംഭവിച്ചത് അല്ല എന്ന് കൂടി പറഞ്ഞു കൊണ്ട് നമുക്ക് ലിസ്റ്റിലേക്ക് കടക്കാം.

1. The Damned United

 

2009 ൽ പുറത്ത് വന്ന ഇംഗ്ലീഷ് ചലച്ചിത്രം ആണ് ഇത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും മഹാനായ ഫുട്‌ബോൾ പരിശീലകൻ ആയി പരിഗണിക്കപ്പെടുന്ന തന്റെ വായാടിത്തരം കൊണ്ടും വിവാദമായ പരാമർശനങ്ങൾ കൊണ്ടും എന്നും ശ്രദ്ധേയമായിരുന്ന പരിശീലകൻ ബ്രയാൻ ഗ്ലോവിന്റെ ജീവിതകഥയുടെ ഒരു ഭാഗം ആണ് സിനിമ പറയുന്നത്. യഥാർത്ഥ സംഭവങ്ങൾ ചിത്രത്തിന് പ്രചോദനം ആയി എങ്കിലും എഴുത്തുകാരന്റെ ഭാവന തന്നെയാണ് സിനിമയിൽ അധികവും. ഇംഗ്ലീഷ് എഴുത്ത്കാരൻ ഡേവിഡ് പീസിന്റെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് സിനിമ. 2009 ൽ പുറത്ത് വന്ന ചിത്രം പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ ടോം ഹൂപ്പർ ആണ് സംവിധാനം ചെയ്തത്. ബ്രയാന്റെ റോളിൽ ബ്രിട്ടീഷ് നടൻ മൈക്കിൾ ഷീന്റെ മികച്ച പ്രകടനം ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 1968 മുതൽ 1974 വരെയുള്ള കാലഘട്ടം ആണ് ചിത്രത്തിലെ കാലഘട്ടം. ഡെർബി കൗണ്ടിയിൽ അവിശ്വസനീയമായ നേട്ടം കൈവരിച്ച് ഇംഗ്ലീഷ് ഫുട്‌ബോളിൽ സ്വന്തമായ ഒരു പേര് സൃഷ്ടിച്ച ബ്രയാൻ അക്കാലത്ത് ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും വലിയ വമ്പന്മാർ ആയ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ആയി വരുന്നതോടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മുമ്പേ തന്നെ ലീഡ്സിന്റെ ശാരീരിക, മോശം ഫുട്‌ബോളിന്റെ കടുത്ത വിമർശകൻ ആയിരുന്ന ബ്രയാൻ 1974 ലെ ലോകകപ്പിന് മുന്നോടിയായി ഇംഗ്ലീഷ് പരിശീലകൻ ആയി ലീഡ്സിന്റെ എക്കാലത്തെയും മികച്ച പരിശീലകൻ ആയിരുന്ന ഡോൺ റീവിക്കിന്റെ പകരക്കാരൻ ആയാണ് ലീഡ്സിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. മുമ്പ് താൻ കടുത്ത വിമർശനങ്ങൾ തൊടുത്തു വിട്ട താരങ്ങൾ പലതും ബ്രയാനെ അംഗീകരിക്കാൻ വിസമ്മതിച്ചതും പലരും കൂറ് റീവിക്കിനോട് കാണിച്ചതും, ബ്രയാനു ക്ലബുമായി ഒത്തുപോവാൻ ആവതത്തതും അടക്കമുള്ള പ്രശ്നങ്ങളും ബ്രയാന്റെ ഡെർബിയിലെ ഭൂതകാലവും ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. തുടർന്ന് സ്ഥാനം ഏറ്റെടുത്ത് വെറും 44 ദിവസങ്ങൾക്ക് ഉള്ളിൽ ബ്രയാൻ ജോലി നഷ്ടമാവുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഇംഗ്ലീഷ് ടീമിന്റെ പരിശീലിപ്പിക്കാത്ത ഏറ്റവും മഹാനായ ഇംഗ്ലീഷ് പരിശീലകൻ ആയി അറിയപ്പെടുന്ന ബ്രയാൻ തുടർന്ന് നോർട്ടിങ്ഹാം ഫോറസ്റ്റിലൂടെ ഇംഗ്ലീഷ് ഫുട്‌ബോളിൽ നടപ്പാക്കിയ വിപ്ലവം ചരിത്രം ആണ്. മൈക്കിൾ ഷീനിന്റെ നായകവേഷത്തിന് ഒപ്പം സഹപരിശീലകൻ ആയ പീറ്റർ ടെയ്‌ലർ ആയി തിമോത്തി സ്പാലും മികച്ച പ്രകടനം ആണ് നടത്തിയത്. ഹൊസെ മൗറീന്യോ അടക്കമുള്ള സമീപകാല വായാടിത്തരം കൊണ്ട് പ്രസിദ്ധമായ പരിശീലകരുടെ ഒക്കെ മുൻഗാമി എന്ന് ആണ് ബ്രയാൻ അറിയപ്പെടുന്നത് തന്നെ. മൗറീന്യോയിൽ താൻ തന്നെ കാണുന്നു എന്നു ബ്രയാൻ അവസാനനാളുകളിൽ വ്യക്തമാക്കിയിട്ടും ഉണ്ട്. ഡോൺ റീവിക്കിനോട് അടക്കം നീതികാണിച്ചില്ല എന്ന വിവാദങ്ങളും സിനിമയെ പറ്റി പിന്നീട് ഉയർന്നു കേട്ടു. എങ്കിലും ലോക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് സിനിമകളിൽ ഒന്നു തന്നെയാണ് ഇത്.

2. Lagaan

ലഗാൻ എന്ന ഇന്ത്യൻ സിനിമയെ പറ്റി പരിചയപ്പെടുത്തലുകളുടെ ആവശ്യം കായിക, സിനിമ പ്രേമികളുടെ ഇടയിൽ ആവശ്യമില്ല. സ്വദേശ്, ജോധ അക്ബർ തുടങ്ങിയ ക്ലാസിക്ക് സിനിമകൾ ഒരുക്കിയ ഹിന്ദി സംവിധായകൻ അശുദോഷ് ഗൗവരിക്കറിന്റെ ഈ ക്ലാസിക്ക് സിനിമ 2001 ൽ ആണ് പുറത്ത് വന്നത്. ആമിർ ഖാൻ നിർമിച്ച ഈ ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ല് ആയി മാറി. വിദേശഭാഷ വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട വെറും മൂന്നാമത്തെ മാത്രം ചലച്ചിത്രമായി മാറിയ ചിത്രം നിരവധി അവാർഡുകൾ ആണ് വാരിക്കൂട്ടിയത്. വലിയ സാമ്പത്തികജയവും ചിത്രം നേടി. ബ്രിട്ടീഷ് കാലഘട്ടത്തിൽ അവരുടെ ക്രൂരതകൾക്ക് വിധേയമായ ഒരു ചെറിയ ഇന്ത്യൻ ഗ്രാമത്തിന്റെ ക്രിക്കറ്റിലൂടെയുള്ള ചെറുത്ത് നിൽപ്പ് കാണിച്ച ചിത്രം ഇന്ത്യൻ ഹൃദയവും മനസ്സും കീഴടക്കി. മഴ കിട്ടാതെ ക്ഷാമത്തിൽ വലഞ്ഞ ജനങ്ങൾ തങ്ങളുടെ ആ വർഷത്തെ കടുത്ത നികുതി ഒഴിവാക്കാൻ ആവുമോ എന്നു ചോദിച്ചു ഭുവന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ്കാരുടെ അടുത്ത് ചെല്ലുന്നതും തുടർന്ന് ബ്രിട്ടീഷ് ക്യാപ്റ്റൻ ആയ ആൻഡ്രൂ റസലും ആയി ഭുവൻ പന്തയത്തിൽ ഏർപ്പെടുന്നതും ആണ് ചിത്രത്തിലെ പ്രമേയം. റസലും ആയി ഏർപ്പെട്ട പന്തയപ്രകാരം ബ്രിട്ടീഷ്കാരെ ഗ്രാമീണർ ക്രിക്കറ്റ് മത്സരത്തിൽ തോല്പിച്ചാൽ 3 വർഷത്തെ നികുതി അവർ അടക്കേണ്ടി വരില്ല മറിച്ച് ബ്രിട്ടീഷ്കാർ ജയിച്ചാൽ നികുതി മൂന്നിരട്ടി ആയി കൂടുകയും ചെയ്യും. തുടർന്ന് റസലിന്റെ സഹോദരി എലിസബത്തിന്റെ സഹായത്തോടെ ഭുവനും ഗ്രാമീണരും ക്രിക്കറ്റ് പഠിക്കുകയും ബ്രിട്ടീഷ്‌കാരും ആയി ഏറ്റുമുട്ടുകയും ചെയ്യുന്നു. ബ്രിട്ടീഷ് കുതന്ത്രങ്ങളും ജാതി, മത വേർതിരിവുകളും അതിജീവിച്ച് ഗ്രാമീണരെ ഒരുമിച്ച് നിർത്തി ഭുവൻ അസാധ്യമായ ലക്ഷ്യം പൂർത്തിയാക്കുമ്പോൾ ചിത്രം അവസാനിക്കുന്നു. ഭുവൻ ആയി ആമിർ ഖാന്റെ വേഷപകർച്ച ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകകഥാപാത്രങ്ങളിൽ ഒന്നായി ആണ് പരിഗണിക്കപ്പെടുന്നത്. ആമിറിന് പുറമെ പൗൾ ബ്ളാക്ത്രോൺ, ഗ്രേസി സിങ്, റേച്ചൽ ഷെല്ലി തുടങ്ങിയവർ മികച്ച പ്രകടനം ആണ് നടത്തിയത്. രാജ്യസ്നേഹവും, പ്രണയവും, ക്രിക്കറ്റിലൂടെയുള്ള ഒരു ജനതയുടെ അതിജീവനവും(മുൻ കോളനി രാജ്യങ്ങൾ ഇംഗ്ലണ്ടിന് മേൽ നേടിയ ഇന്നത്തെ ജയങ്ങൾക്ക് സമാനം) സിനിമയെ ഭംഗിയാക്കുന്നു. ചിത്രത്തിനു ആയി എ. ആർ റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ ചിത്രത്തിന്റെ ഏറ്റവും പ്രധാന ആകർഷണം ആണ്. എന്നും ഏത് കായിക, സിനിമ പ്രേമിയും ഹൃദയത്തിൽ ഏറ്റുന്ന സിനിമ തന്നെയാണ് ലഗാൻ.

3. Remember The Titans

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബോസ് യാകിൻ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയാണ് 2000 ത്തിൽ പുറത്ത് വന്ന ‘റിമമ്പർ ദ ടൈറ്റൻസ്’ എന്ന ചലച്ചിത്രം. വെളുത്ത വർഗ്ഗക്കാർ മാത്രം പഠിക്കുന്ന സ്‌കൂൾ, കോളേജുകളിലേക്ക് കരുത്തവർഗ്ഗക്കാരെ പ്രവേശിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട് 1960-70 കളിൽ അമേരിക്ക പ്രകമ്പനം കൊണ്ട സമയത്തെ സംഭവങ്ങൾ ആണ് ചിത്രത്തിലെ വിഷയം. 1971 ൽ ഇത് വരെ വെളുത്തവർക്ക് മാത്രം പ്രവേശന അനുമതി ഉണ്ടായിരുന്ന വിർജീനിയയിലെ ടി. സി വില്യംസ് ഹൈസ്‌കൂളിലേക്ക് ആഫ്രോ അമേരിക്കൻ വംശജനായ ഹെർമൻ ബൂൺ അമേരിക്കൻ ഫുട്‌ബോൾ പരിശീലകൻ ആയി എത്തുന്നതും തുടർന്നു സംഭവിക്കുന്ന കാര്യങ്ങളും ആണ് ചിത്രത്തിലെ കഥാതന്തു. ആദ്യം തൊലി നിറത്തിന്റെ പേരിൽ വെറുപ്പോടെയും സംശയത്തോടെയും തമ്മിലകന്നു നിന്ന വിദ്യാർത്ഥികളെയും തന്റെ മുൻഗാമിയും നിലവിൽ സഹപരിശീലകനും ആയ വെളുത്തവർഗ്ഗക്കാരൻ ബിൽ യോസ്റ്റിനെയും ബൂൺ മാറ്റിയെടുക്കുന്നത് ആണ് ചിത്രം മനോഹരമായി പറയുന്നത്. ബൂണിനും യോസ്റ്റിനും കീഴിൽ കഠിന പരിശീലങ്ങളും ജീവിതപാഠങ്ങളും ആർജ്ജിക്കുന്ന വിദ്യാർത്ഥികൾ അമേരിക്കൻ സ്‌കൂൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കൂൾ ടീമായി പിന്നീട്‌ വളരുന്നു. ടീം ക്യാപ്റ്റനും വെളുത്ത വർഗ്ഗക്കാരനും ആയ ജെറി ബെർട്ടിയറും ടീമിലെ ഏറ്റവും മികച്ച താരവും കറുത്ത വർഗ്ഗക്കാരനും ആയ ജൂലിയസ് കാംമ്പലും തമ്മിലുള്ള സൗഹൃദവും ചിത്രം ഒപ്പിയെടുക്കുന്നു. അപകടത്തിൽ പെട്ട് അരക്ക് താഴ്‌പ്പോട്ട് തളർന്നു ആശുപത്രിയിൽ ആയ ബെർട്ടിയറെ കാണാൻ ജൂലിയസ് വരുന്ന രംഗം ആരുടെയും കണ്ണ് നിറക്കുന്ന രംഗം ആണ്. പിന്നീട് യോസ്റ്റിനു കീഴിൽ വീൽച്ചയറിൽ പാരാ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ചരിത്രവും ബെർട്ടിയർക്ക് ഉണ്ട്. സ്പോർട്സ് എന്ന വികാരത്തിന് എങ്ങനെ മനസ്സുകളെ ഒന്നിപ്പിക്കാം എന്നു വെറുപ്പ് മായിച്ച് കളയാൻ ആവും എന്നുള്ളതിന്റെ വലിയ ഉദാഹരണം ആണ് ഈ സിനിമയിൽ കാണിക്കുന്നത്. ഹെർമൻ ബൂൺ ആയി ഇതിഹാസതാരം ഡെൻസൽ വാഷിങ്ടൺ ചിത്രത്തിൽ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വച്ചത്. ബിൽ യോസ്റ്റ് ആയി വിൽ പാറ്റണും, ജൂലിയസ് ആയി വുഡ് ഹാരിസും, ബെർട്ടിയർ ആയി റയാൻ ഹർസ്റ്റും മികച്ച പ്രകടനം തന്നെയാണ്. ടീമിലെ ഒരംഗമായി അലൻ ബോസ്‌ലി എന്ന ചെറിയ റോളിൽ പിന്നീട് സൂപ്പർ സ്റ്റാർ ആയ റയാൻ ഗോസ്ലിങും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സ്പോർട്സ് സിനിമ തന്നെയാണ് ഇത്.

4. Chak De India

2007 ൽ പുറത്തിറങ്ങിയ ഷിമിത് അമിൻ സംവിധാനം ചെയ്ത ചക് ദേ ഇന്ത്യ എന്ന ചിത്രം ഇന്ത്യയിൽ ഉണ്ടാക്കിയ ഓളം പല സിനിമകൾക്കും സ്വപ്നം കാണാവുന്നതിനും അപ്പുറം ആയിരുന്നു. 2004 ൽ പുറത്ത് വന്ന അമേരിക്കൻ ചിത്രം ‘മിറാക്കിൾ'(മഞ്ഞ്കാല ഒളിമ്പിക്സിൽ സോവിയറ്റ് യൂണിയന്റെ അപരാജിത ടീമിന് മേൽ അമേരിക്കൻ ജയം പ്രമേയമായ ചിത്രം) ഈ ചിത്രത്തിന് പ്രചോദനം ആയി. ഷാരൂഖ് ഖാന്റെ കബീർ ഖാൻ എന്ന നായകനെ ഇന്ത്യൻ നെഞ്ചിൽ സ്ഥിരമായി പ്രതിഷ്ഠിച്ച ചിത്രം കൂടിയായിരുന്നു ഇത്. സലി-സുലൈമാൻ സഖ്യത്തിന്റെ ‘ചക് ദേ ഇന്ത്യ’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇന്ത്യൻ കായികരംഗത്തെ തന്നെ ഏറ്റവും വലിയ മുദ്രാവാക്യവും പ്രചോദനഗാനവും ആയി മാറുന്നതും പിന്നീട്‌ കണ്ടു. പിന്നീട് ഏത് ഇന്ത്യൻ കായികനേട്ടത്തിനു ഒപ്പവും ചക് ദേ ഇന്ത്യ എന്ന വിളി ഒരു ശീലമായി. മുമ്പ്‌ പാക്കിസ്ഥാനെതിരായ മത്സരത്തിൽ പെനാൽട്ടി നഷ്ടമാക്കിയതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട് വിരമിച്ച മുൻ ഇന്ത്യൻ ഹോക്കി നായകൻ ആയ കബീർ ഖാൻ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ നായകൻ ആവുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്. അച്ചടക്കം ഇല്ലായ്മക്കും, പ്രാദേശിക വാദങ്ങൾക്കും, താൻ പൊരുമക്കും, ടീമിലെ കലഹങ്ങൾക്കും പേര് കേട്ട ടീമിനെ കബീർ ഖാൻ കടുത്ത പരിശീല, ജീവിതപാഠങ്ങളിലൂടെ ഉയിർത്ത് എഴുന്നേല്പിക്കുന്ന കാഴ്ചക്ക് ആണ് ചിത്രം സാക്ഷിയാകുന്നത്. വനിത കായിക മേഖലയോടുള്ള ഇന്ത്യൻ കായിക മേധാവികളുടെ മോശം സമീപങ്ങളും, അവിടുത്തെ അഴിമതിയും, സ്ത്രീപക്ഷ വാദവും ഒക്കെ ചർച്ച ആവുന്നുണ്ട് ചിത്രത്തിൽ. അതിനോടൊപ്പം മുസ്ലിം ന്യൂനപക്ഷം ഇന്ത്യയിൽ എന്നും നേരിടുന്ന അന്യവൽക്കരണവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ടീമിലൂടെ അസാധ്യമായ ലക്ഷ്യം സാധ്യമാക്കുന്ന കബീർ ഖാൻ കാണികളെ പ്രചോദനം കൊണ്ട് മൂടുന്നുണ്ട്. സിനിമയിലെ അവസാനരംഗങ്ങളിലെ ഷാരൂഖ്‌ ഖാന്റെ പ്രകടനം വലിയ പ്രശംസകൾ ആണ് ഏറ്റുവാങ്ങിയത്. രാജ്യസ്നേഹം ഏതൊരു ഇന്ത്യക്കാരിലും നിറക്കുന്ന ചിത്രത്തിൽ ദേശീയ കായിക വിനോദം ആയ ഹോക്കി ഇന്ന് നേരിടുന്ന പ്രതിസന്ധിയും പറഞ്ഞു വാക്കുന്നുണ്ട്. ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് സിനിമകളിൽ ഒന്നായി തന്നെ എന്നും ഈ സിനിമ വാഴ്ത്തപ്പെടും.

5. Rudy

1993 ൽ ആൻസ്പോ സംവിധാനം ചെയ്ത് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം ആണ് റൂഡി. അമേരിക്കയിലെ സ്‌കൂൾ, കോളേജ് ലീഗുകൾ ദേശീയ ലീഗുകൾ എന്ന പോലെ തന്നെ വലിയ ആരാധകപിന്തുണ ഉള്ള വലിയ ബിസിനസ്സ് ആണ്. ദേശീയ ലീഗ് ലക്ഷ്യം വക്കുന്ന താരങ്ങളെ കൊണ്ട് നിറഞ്ഞ ഇത്തരം ലീഗുകൾ വർഷങ്ങളായി തന്നെ അമേരിക്കയിൽ ടി വി സംപ്രേഷണം അടക്കം ലഭിക്കുന്ന പ്രമുഖ കായികവിനോദങ്ങൾ ആണ്. ഇത്തരത്തിൽ പ്രസിദ്ധമായ അമേരിക്കൻ കോളേജ് ടീമായ നോട്ടർഡാം യൂണിവേഴ്‌സിറ്റി അമേരിക്കൻ ഫുട്‌ബോൾ ടീമിൽ ഇടം കണ്ടെത്തുക എന്ന അസാധ്യമായ ലക്ഷ്യം അമേരിക്കൻ ഫുട്‌ബോളിനു വേണ്ട ശാരീരിക മികവും വേണ്ടത്ര കഴിവും ഇല്ലായിരുന്നിട്ടും കഠിനമായ പരിശ്രമം മൂലം സാധ്യമാക്കിയ ഡേവിഡ് റൂട്ടിഗർ എന്ന ആളുടെ ജീവിതകഥയാണ് റൂഡി. അമേരിക്കയിൽ കോളേജ് വിദ്യാഭ്യാസം എന്നത് എല്ലാവർക്കും ഒരിക്കലും സാധ്യമായ ഒന്നായിരുന്നില്ല പ്രത്യേകിച്ച് റൂഡിയെ പോലെയൊരു ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്ന ശരാശരിയിലും താഴെ ആയ വിദ്യാർത്ഥിയെ സംബന്ധിച്ച്. എന്നാൽ വർഷങ്ങളുടെ കഠിനപരിശ്രമം അവനെ തള്ളിപ്പറഞ്ഞ കുടുംബ, അധ്യാപകരെ ഒക്കെ ഞെട്ടിച്ച് റൂഡിയെ പ്രസിദ്ധമായ കോളേജിലും കോളേജ് ടീമിന്റെ റിസർവ് ടീമിലും സ്ഥാനം നേടിക്കൊടുക്കുന്നു. കോളേജ് കാലത്ത് മുഴുവൻ ഒരിക്കൽ എങ്കിലും ആ ടീമിൽ ഇറങ്ങണം എന്ന സകലരും അസാധ്യമെന്നു പ്രവചിച്ച ആ ലക്ഷ്യത്തിന് ആയി റൂഡി പൊരുതുക ആണു. ഒടുവിൽ ടീം അംഗങ്ങൾക്കും കോളേജിനും തന്നെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുന്ന റൂഡി കോളേജ് ടീമിന്റെ വലിയ ആരാധകൻ ആയ അച്ഛനെ ഗാലറിയിൽ സാക്ഷിയാക്കി തന്റെ സ്വപ്നം സാധ്യമാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. മത്സരശേഷം റൂഡിയെ തോളിലേറ്റി കളം വിട്ടാണ് സഹതാരങ്ങൾ റൂഡിയോടുള്ള ആദരവ് പ്രകടമാക്കുന്നത്. പ്രചോദിപ്പിക്കുന്ന നിരവധി രംഗങ്ങൾ ആണ് ചിത്രത്തിൽ ഉടനീളം. കോളേജ് ടീം ഒന്നടങ്കം റൂഡിക്ക് ആയി പരിശീലകനു മുന്നിൽ നിൽക്കുന്നതും, റൂഡിക്ക് ആയി അവസാനരംഗങ്ങളിൽ ഗാലറി ആർത്ത് വിളിക്കുന്നതും ഒക്കെ ആരെയും ആവേശം കൊള്ളിക്കും. ലോകത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് സിനിമ, പ്രചോദനം നൽകുന്ന സിനിമ എന്ന നിലകളിൽ വളരെ പ്രശസ്തമാണ് റൂഡി. വിഖ്യാതമായ ലോർഡ് ഓഫ് റിംഗ്‌സ് സിനിമകളിൽ സാം എന്ന പ്രസിദ്ധ കഥാപാത്രം ആയി പിന്നീട് വിശ്വപ്രസിദ്ധമായ ഷോൺ ഓസ്റ്റിൻ ആണ് സിനിമയിൽ റൂഡി ആയി അഭിനയിച്ചത്. റൂഡിയുടെ പഠനങ്ങളിൽ സഹായിക്കുന്ന കോളേജിലെ സുഹൃത്ത് ആയി പിന്നീട് പ്രസിദ്ധ സംവിധായകൻ ആയ ജോൺ ഫവരെയും(അയൺ മാൻ, ജംഗിൾ ബുക്ക് തുടങ്ങിയ സിനിമകളുടെ സംവിധായകൻ) ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നിലവിൽ മോട്ടിവേഷണൽ പ്രാസംഗികൻ എന്ന നിലയിൽ വളരെ പ്രസിദ്ധൻ ആണ് യഥാർത്ഥ ജീവിതത്തിൽ ഡേവിഡ് റൂട്ടിഗർ എന്ന റൂഡി.

6. McFarland, USA

2015 ൽ നിക്കി കരോയുടെ സംവിധാനത്തിൽ പുറത്ത് വന്ന സിനിമയാണ് മക്ഫാർലന്റ്, യു.എസ്.എ എന്ന ചിത്രം. യഥാർത്ഥ സംഭവങ്ങൾ ആണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിലെ മക്ഫാർലന്റ് എന്ന മെക്സിക്കൻ, ലാറ്റിനോ വംശജർ അടങ്ങിയ സ്ഥലത്തെ സ്‌കൂളിലേക്ക് ജിം വൈറ്റ് എന്ന വെളുത്ത വർഗ്ഗക്കാരൻ കായിക അധ്യാപകൻ എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിൽ കാണിക്കുന്നത്. തന്റെ മുൻകോപം കാരണം മുൻ ജോലി നഷ്ടമായ വൈറ്റിന് ഇത് പോലൊരു സ്ഥലത്ത് കുടുംബവും ആയി താമസിച്ച് ജോലി ചെയ്യുന്നതിൽ വലിയ താൽപ്പര്യം ഒന്നുമില്ല. എന്നാൽ തുടർന്ന് താനടക്കമുള്ള വെള്ളക്കാർ ലാറ്റിനോ വംശജരെ എത്രത്തോളം മുൻവിധിയോടെയാണ് കണ്ടത് എന്നു വൈറ്റ് തിരിച്ചറിയുന്നു. സ്‌കൂളിൽ കുട്ടികൾ ഓട്ടത്തിൽ മികവ് പുലർത്തുന്നതായി മനസ്സിലാക്കിയ വൈറ്റ് അവരെ ജില്ലാതല ക്രോസ് കന്ദ്രി മത്സരത്തിനു തയ്യാറാക്കാൻ ഒരുങ്ങുന്നു. എന്നാൽ ആദ്യം മുതൽ കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും വൈറ്റിന് പ്രതിഷേധം നേരിടേണ്ടി വരുന്നു. തുടർന്ന് അവരെ കൂടുതൽ അറിയുമ്പോൾ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ആ കുട്ടികളും ആ സമൂഹവും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വൈറ്റിനെ അമ്പരപ്പിക്കുന്നു. വംശീയമായ അവഹേളനവും, ദുരിതവും, ജീവിതസാഹചര്യങ്ങളും അതിജീവിച്ച് വൈറ്റിനു കീഴിൽ ആ കുട്ടികൾ നാടിന്റെ മൊത്തം പ്രതീക്ഷ ആയി മാറുന്നത് ആണ് തുടർന്ന് കാണുക. ജില്ലയിലെ പ്രമുഖ സ്‌കൂളുകളെ മറികടന്ന് മത്സരത്തിൽ ജയം കാണുന്ന ആ കുട്ടികൾ നാടിന്റെ അഭിമാനം ആയി മാറുന്നു. തുടർന്ന് പ്രമുഖ സ്‌കൂളിലെ വലിയ ജോലി വേണ്ടെന്ന് വച്ച് വൈറ്റും കുടുംബവും മക്ഫാർലന്റിൽ തുടരാൻ തീരുമാനിക്കുന്നിടത്ത് സിനിമ അവസാനിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ ഇന്നും മക്ഫാർലന്റിൽ ജീവിക്കുന്ന ജിം വൈറ്റ് 2003 വിരമിക്കും വരെ സ്‌കൂൾ ടീമിന്റെ കോച്ചായി തുടർന്നു. കാലഘട്ടത്തിൽ നിരവധി ജയങ്ങളും സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. കൂടാതെ വൈറ്റ് ആദ്യം പരിശീലിപ്പിച്ച ടീമിലെ എല്ലാവരും കോളേജ് വിദ്യാഭ്യാസം നേടുകയും മികച്ച ജോലി സ്വന്തമാക്കുകയും ചെയ്തു. ഇങ്ങനെ ഒരു നാടിനു തന്നെ പ്രചോദനം ആയ കായിക അധ്യാപകന്റെ കഥയാണ് ഈ സിനിമ. ജിം വൈറ്റ് ആയി പ്രമുഖ ഹോളിവുഡ് താരം കെവിൻ കോസ്റ്റ്നർ മികച്ച പ്രകടനം ആണ് നടത്തിയത്. മികച്ച ഒരു സ്പോർട്സ് സിനിമയായി തന്നെ ഈ സിനിമയെ അടയാളപ്പെടുത്താം.

7. Rush

വിഖ്യാത ഹോളിവുഡ് സംവിധായകൻ റോൺ ഹൗവാർഡ് കാറോട്ടമത്സരത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഇംഗ്ലീഷ് സിനിമയാണ് 2011 ൽ പുറത്ത് വന്ന റഷ്. ഫോർമുല വൺ കാറോട്ടമത്സരങ്ങളിലെ എക്കാലത്തെയും വലിയ ഇതിഹാസതാരവും നിരവധി തവണ ലോകജേതാവും ആയ ജർമ്മൻ/ഓസ്ട്രിയൻ ഡ്രൈവർ ഫെരാരിയുടെ നിക്കി ലൗഡയും മുൻ ഫോർമുല വൺ ലോകജേതാവ് ബ്രിട്ടീഷ് ഡ്രൈവർ മക്ലാരന്റെ ജെയിംസ് ഹണ്ടും തമ്മിലുള്ള റേസിംഗ് ട്രാക്കിലെ ശത്രുതയെ ഒരു ത്രില്ലർ സിനിമയിൽ എന്ന പോലെ ഹൗവാർഡ് ചലച്ചിത്രമാക്കിയിരിക്കുന്നത്. അച്ചടക്കത്തിലും കായികമേഖലയോടും ജീവിതത്തോടും ഉള്ള സമീപനങ്ങളിലും കാഴ്ചപ്പാടിലും രണ്ടറ്റത്ത് നിൽക്കുന്ന ലൗഡയും ഹണ്ടും തമ്മിലുള്ള ശത്രുതയും പരസ്പര ബഹുമാനവും സൗഹൃദവും ഒക്കെ സിനിമ പറഞ്ഞു വക്കുന്നു. ഒരു ഫോർമുല വൺ ഡ്രൈവർ ആണ് എന്ന് പോലും പലരും സംശയിക്കുന്ന വിധത്തിലുള്ള ചെറിയ ജീവിതം നയിക്കുന്ന ലൗഡയും ജീവിതം ആഘോഷിക്കുന്ന ഹണ്ടും ഒരേകാര്യത്തിൽ മാത്രമാണ് സമാനത പുലർത്തുന്നത് അത് ജയത്തോടുള്ള ത്വരയിൽ ആണ്. റേസിംഗ് ട്രാക്കിലെ അപകടത്തിൽ നിന്ന് മരണത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ട് വരുന്ന ലൗഡയെ കാണിക്കുന്ന ചിത്രത്തിൽ ലൗഡയെ മറികടന്ന് ലോക ജേതാവ് ആയി ചരിത്രം കുറിക്കുന്ന ഹണ്ടിന്റെ വിജയം ആണ് ക്ളൈമാക്‌സിൽ കാണിക്കുന്നത്. മികച്ച കാറിന്റെ അഭാവത്തിലും എന്നും ലൗഡക്ക് വെല്ലുവിളി ആയ ഹണ്ടിന്റെ ഈ ജയം വളരെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ഹണ്ട് എന്ന മുടിയനായ പുത്രനും ലൗഡ എന്ന പെര്ഫക്ഷനിസ്റ്റും തമ്മിലുള്ള ശത്രുത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിപ്പകകളിൽ ഒന്നാണ്. ഡ്രൈവർമാരുടെ മാനസികതലങ്ങളിലേക്കും തന്റെ ക്യാമറ തിരിക്കുന്ന ഹൗവാർഡ് ഫോർമുല വൺ ലോകത്തെ ബിസിനസ് മാത്രം ലക്ഷ്യമിടുന്ന കളികളെ കുറിച്ചും പറയാതെ പറയുന്നു. ഹണ്ട് ആയി മാർവലിന്റെ തോർ എന്ന കഥാപാത്രം ആയി പ്രത്യക്ഷപ്പെട്ടു ആരാധകരെ കീഴടക്കിയ ക്രിസ് ഹെമ്സ്വർത്ത് വേഷമിട്ടപ്പോൾ മറ്റൊരു മാർവൽ കാഥാപാത്രം ആയി അഭിനയിച്ച ഡാനിയേൽ ബ്രൂൽ ആണ് ലൗഡയായി അഭിനയിച്ചത്. ലൗഡയുടെ കഥാപാത്രം ആയിരുന്നു ചിത്രത്തിൽ ഹണ്ടിന്റെ കഥാപാത്രത്തെക്കാൾ കൂടുതൽ മികവ് പുലർത്തിയത്. റേസിംങ് അടക്കം കൃത്യമാക്കിയ വിഖ്യാത സംഗീതജ്ഞൻ ഹാൻസ് സിമ്മറിന്റെ ബാക്റൗണ്ട് സംഗീതം സിനിമയുടെ വലിയ മുതൽക്കൂട്ടാണ്.

8. Coach Carter

അമേരിക്കയിലെ റിച്ച്മൗണ്ട് ഹൈസ്‌കൂൾ ബാസ്‌ക്കറ്റ്ബോൾ പരിശീലകൻ ആയിരുന്ന കെൻ കാർട്ടറിന്റെ ജീവിതത്തെ ആസ്പദമാക്കി 2005 ൽ പുറത്ത് വന്ന തോമസ്‌ കാർട്ടർ സംവിധാനം ചെയ്ത ചിത്രം ആണ് കോച്ച് കാർട്ടർ. ഹൈസ്‌കൂൾ ബാസ്‌ക്കറ്റ്ബോൾ ടീമിലെ സ്ഥാനം കോളേജിലേക്കും കോളേജ് ടീമിലേക്കും തുടർന്ന് എൻ.ബി.ഐ അടക്കമുള്ള തലങ്ങളിലേക്കും ഒരു പടിയായി കാണുന്നവർ ആണ് മിക്ക അമേരിക്കൻ വിദ്യാർത്ഥികളും. കറുത്തവർഗ്ഗക്കാരും സാമ്പത്തികമായി താഴെ നിൽക്കുന്നവരും ആയ വിദ്യാർത്ഥികൾ പഠിക്കുന്ന റിച്ച്മൗണ്ട് ഹൈസ്‌കൂളിലേക്ക് ബാസ്‌ക്കറ്റ്ബോൾ പരിശീലകൻ ആയി മുൻ താരം കൂടിയായ കെൻ കാർട്ടർ എത്തുന്നതും തുടർന്ന് അദ്ദേഹം കുട്ടികളിലും സ്‌കൂളിലും ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പ്രതിപാദിക്കുന്നത്. മര്യാദയും, ബഹുമാനവും, അച്ചടക്കവും, കളിയോടുള്ള ആത്മാർഥയും ഒട്ടുമില്ലാത്ത ഒരുപറ്റം കുട്ടികൾ ആണ് കാർട്ടറിന് മുന്നിൽ ഉണ്ടായിരുന്നത്. ഒപ്പം മികച്ച സ്‌കൂൾ ഒഴിവാക്കി അച്ഛനു കീഴിൽ കളിക്കാൻ ആയി കാർട്ടറിന്റെ മകനും ഈ സ്‌കൂളിൽ എത്തുന്നു. ആ കുട്ടികളിൽ അച്ചടക്കവും ജയിക്കാനുള്ള ആവേശവും നിറച്ച് ജയിക്കുന്നവരുടെ സംഘം ആക്കി മാറ്റാൻ കഠിന പരിശീലങ്ങളിലൂടെ കാർട്ടറിനു ആവുന്നുണ്ട്. എന്നാൽ കളത്തിലെ ജയത്തിനു അപ്പുറം പഠനകാര്യത്തിൽ തന്റെ വിദ്യാർത്ഥികൾ വളരെ മോശം ആണെന്ന് കണ്ടത്തിയ അദ്ദേഹം പരിശീലനവും സ്‌കൂൾ ടീമിന്റെ കളികളും താൽക്കാലികമായി നിർത്തി വക്കുന്നു. വിദ്യാർത്ഥികൾ പഠന മികവ് നേടാതെ താൻ പരിശീലനം നടത്തില്ല എന്നു പ്രഖ്യാപിക്കുന്ന കാർട്ടർ സ്‌കൂൾ അധികൃതരുടെയും മാതാപിതാക്കളുടെയും ശത്രുത വിളിച്ചു വരുത്തുന്നു. യഥാർത്ഥത്തിൽ 1999 ൽ ഈ തീരുമാനം അമേരിക്കയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ കായികതാരങ്ങൾ എന്നതിന് അപ്പുറം തന്റെ കുട്ടികൾ വിദ്യാർത്ഥികൾ ആണ് എന്ന് സ്‌കൂൾ അധികൃതരെയും മാതാപിതാക്കളേയും ബോധ്യമാക്കാൻ സാധിക്കാത്ത കാർട്ടർ ഒടുവിൽ പരിശീലനം നിർത്തി വച്ച തീരുമാനം പിൻവലിക്കാൻ നിർബന്ധിതനായി. എന്നാൽ കൊച്ചിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ ബാസ്‌ക്കറ്റ്ബോൾ മൈതാനം അടക്കം പഠനമുറിയാക്കി ആണ് കോച്ചിനോടുള്ള കടമ നിർവഹിക്കുന്നത്. തുടർന്ന് പഠനജയം നേടി കളത്തിലേക്കും കാർട്ടറിന്റെ കുട്ടികൾ തിരിച്ചു വരുന്നു. കായികമികവ് കൂട്ടുക എന്നതിനപ്പുറം തന്റെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന കാർട്ടർ അവരെ കോളേജ് വിദ്യാഭ്യാസം നേടാനും മികച്ച ജോലി കണ്ടത്താനും കൂടിയാണ് സഹായിക്കുന്നത്. കോച്ച് കാർട്ടർ ആയി ഇതിഹാസ അമേരിക്കൻ താരം സാമുവൽ എൽ ജാക്സൻ നിറഞ്ഞാടിയ ചിത്രത്തിൽ വിദ്യാർത്ഥികളിൽ ഒരാൾ ആയി പിന്നീട് പ്രസിദ്ധ താരമായി മാറിയ ചാനിങ് ടാറ്റവും അഭിനയിച്ചിരിക്കുന്നു. വലിയ പ്രചോദനം നൽകുന്ന ഒരു സ്പോർട്സ് സിനിമ തന്നെയാണ് കോച്ച് കാർട്ടർ.

9. A League of Their Own

 

1992 ൽ പെന്നി മാർഷൽ സംവിധാനം ചെയ്ത ‘എ ലീഗ് ഓഫ് ദയർ ഓൺ’ എന്ന അമേരിക്കൻ ചിത്രം അമേരിക്കയിൽ വനിത ബേസ് ബോൾ ലീഗ് ഉണ്ടായി വന്ന യഥാർത്ഥ സംഭവങ്ങളുടെ കഥയാണ് പറയുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന മേജർ ലീഗ് ബേസ് ബോൾ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ആണുങ്ങൾ യുദ്ധമുഖത്ത് ആയപ്പോൾ വനിതകളുടെ ദേശീയ ബേസ് ബോൾ ലീഗ് എന്ന ആശയം ഉയർന്ന് വന്നു. തുടർന്ന് ടീം പ്രാദേശിക ലീഗുകളിൽ നിന്നായി താരങ്ങളെ സംഘടിപ്പിച്ച് കബ്സ് ക്ലബ് അധികൃതർ ഒരു ടീം ഒരുക്കുന്നു. ഈ ടീമിലേക്ക് ആണ് ഡോത്തി, കിറ്റി എന്നീ സഹോദരിമാരും എത്തുന്നത്. തുടർന്ന് ഈ ടീമിനെ പരിശീലിപ്പിക്കാൻ മുൻ കബ്സ് താരം കൂടിയായ ജിമ്മി ഡംഗൻ നിയമിതനാവുന്നു. മുഴുകുടിയൻ കൂടിയായ ജിമ്മിക്ക് വനിത ബേസ് ബോൾ ലീഗ് എന്ന ആശയം തന്നെ തമാശ ആയാണ് തോന്നിയത്. എന്നാൽ തുടർന്ന് ജിമ്മിയും അവരിലെ മികവ് തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. 1943 ൽ ആദ്യം ആരാധകരെ ആകർഷിക്കാൻ വനിത ലീഗിന് ആയില്ലെങ്കിലും പതുക്കെ പതുക്കെ ലീഗ് വലിയ പിന്തുണ ആർജ്ജിക്കുന്നു. ഇതിനിടയിൽ മുഖ്യാതാരങ്ങൾ കൂടിയായ ഡോത്തി, കിറ്റി സഹോദരിപ്പൊരിനെ തുടർന്ന് ക്ലബിന് കിറ്റിയെ എതിരാളികൾക്ക് വിൽക്കാൻ നിർബന്ധിതമാവുന്നു. ലോക സീരീസിൽ ഇരു സഹോദരിമാരും പരസ്പരം എതിരെ വരുന്നിടത്ത് ആണ് സിനിമയുടെ അന്ത്യമുള്ളത്. സ്ത്രീപക്ഷ ആശയങ്ങൾക്ക് ഒപ്പം ലോകമഹായുദ്ധത്തിന്റെ ദുരന്തമുഖവും ചിത്രം പ്രതിപാദിക്കുന്നുണ്ട്. മൈതാനത്തിലെ ലോക്കർ റൂമിൽ വച്ച് ഭർത്താവ് യുദ്ധത്തിൽ മരിച്ചു എന്നറിയുന്ന ഭാര്യയും യുദ്ധത്തിൽ പരിക്കേറ്റ ഭർത്താവിനെ സ്വീകരിക്കുന്ന ഭാര്യയും ഒക്കെ ചിത്രത്തിൽ യുദ്ധ അനുഭവങ്ങൾ ആയി കാണാം. ചിത്രത്തിലെ മുഴുകുടിയൻ ആയ പരിശീലകൻ ആയി ഇതിഹാസതാരം ടോം ഹാങ്ക്‌സ് ശ്രദ്ധേയമായ പ്രകടനം ആണ് നടത്തിയത്. പ്രധാനകഥാപാത്രങ്ങൾ ആയി ഹാങ്ക്‌സിന് ഒപ്പം ജീന ഡേവിസ്, ലോറി പെറ്റി എന്നിവർക്ക് ഒപ്പം വിശ്വപ്രസിദ്ധ പോപ്പ് ഗായിക മഡോണ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഉറപ്പായും കണ്ടിരിക്കേണ്ട സ്പോർട്സ് സിനിമകളിൽ ഒന്നിൽ തന്നെയാണ് എന്നും ഈ സിനിമയുടെ സ്ഥാനം.

10. Moneyball

ഇത് വരെ പ്രതിപാദിച്ച ഏതൊരു സ്പോർട്സ് സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ സിനിമ ആയിരുന്നു 2011 ൽ ബെന്നെറ്റ് മില്ലർ സംവിധാനം ചെയ്തു പുറത്ത് വന്ന മണിബോൾ എന്ന ചലച്ചിത്രം. അമേരിക്കൻ മേജർ ലീഗ് ടീമായ ഓക്‌ലാന്റ് അത്ലറ്റിക്കിന്റെ ജനറൽ മാനേജർ(പരിശീലകൻ അല്ല) ബില്ലി ബീനിനെ കുറിച്ചും സഹ മാനേജർ പോൾ ഡിപോസറ്റയെ(ചിത്രത്തിൽ പീറ്റർ ബ്രാന്റ്) കുറിച്ചും അവർ വികസിപ്പിച്ച് എടുത്ത പുതിയ കായികവിപ്ലവത്തെ കുറിച്ചും 2003 ൽ മൈക്കിൾ ലൂയിസ് എഴുതിയ സമാനമായ പേരുള്ള പുസ്തകം ആണ് ഈ സിനിമയായി പുറത്ത് വന്നത്. 2002 സീസണിൽ പരമ്പരാഗതമായ എല്ലാ ശീലങ്ങളെയും അവഗണിച്ചു വിദഗ്ധ സ്കൗട്ട്മാരുടെയും ടീമിന്റെ മുഖ്യപരിശീലകന്റെയും ആശയങ്ങളെയും തള്ളിക്കളഞ്ഞു പീറ്റർ ബ്രാന്റിന്റെ സഹായത്തോടെ ബില്ലി ബീൻ ചെറിയ ബഡ്ജറ്റിൽ ഓക്‌ലാന്റ് ടീമിൽ നടത്തിയ കായിക വിപ്ലവം ആണ് സിനിമയിൽ പ്രതിപാദിക്കുന്നത്. തന്റെ പ്രമുഖതാരങ്ങളെ നഷ്ടമായ ബീൻ തന്റെ മുന്നിലെത്തിയ യേലിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുള്ള ബേസ് ബോളുമായി വലിയ ബാധമില്ലാത്ത പീറ്റർ ബ്രാന്റിന്റെ കമ്പ്യൂട്ടർ ഉപയോഗിച്ച് കൊണ്ടുള്ള കണക്കുകൾ വിലയിരുത്തിക്കൊണ്ടുള്ള പുതിയ രീതി ടീമിൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ബ്രാന്റിനെ സഹമാനേജർ ആക്കിയ ബീൻ പരമ്പരാഗതമായ എല്ലാ രീതികളെയും കാറ്റിൽ പറത്തുന്നു. മുമ്പ് ഹൈസ്‌കൂൾ ടീമിൽ നിന്ന് നേരിട്ട് ലീഗിൽ എത്തി വലിയ പരാജയമായ ചരിത്രമുള്ള ബീനിനു വലിയ എതിർപ്പ് ആണ് ടീമിന്റെ ഉപദേശകരിൽ നിന്നും പരിശീലകൻ ആയ ആർട്ട് ഹൗവിൽ നിന്നും ഉണ്ടായത്. എന്നാൽ എല്ലാ എതിർപ്പും തള്ളിയ ബീൻ പ്രായം കഴിഞ്ഞെന്നും കാലം കഴിഞ്ഞെന്നും വലിയ ഗുണമില്ലാത്തവൻ എന്നും വിളിച്ച താരങ്ങളെ വച്ച് വിചിത്രമായ ഒരു ടീം ആണ് ഒരുക്കുന്നത്. മേജർ ലീഗ് ബേസ് ബോളിനെയും കായികലോകത്തെയും ഒട്ടാകെ അമ്പരപ്പിച്ച് അമേരിക്കൻ ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുടർച്ചയായ വിജയക്കുതിപ്പ് ആണ് പിന്നീട് ഈ ടീം നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള 19 തുടർച്ചയായ ജയങ്ങൾ എന്ന റെക്കോർഡ് പഴങ്കഥ ആക്കിയ ടീം മേഖല കിരീടം നേടുന്നു എങ്കിലും ലോകസീരീസിൽ പരാജയപ്പെടുന്നു. തുടർന്ന് മേജർ ലീഗ് ബേസ് ബോളിലെ ഏറ്റവും വലിയ ടീമായ ന്യൂയോർക്ക് റെഡ് സോക്സ് ചരിത്രത്തിൽ ഒരു മാനേജർക്ക് ഇന്നേവരെ ലഭിക്കാത്ത 12.5 മില്യൺ അമേരിക്കൻ ഡോളർ എന്ന സ്വപ്നപ്രതിഫലവും ആയി ബീനിനെ സമീപിക്കുന്നു. എന്നാൽ ബീൻ ഈ വാഗ്ദാനം സ്വീകരിക്കുന്നില്ല. തുടർന്ന് 2004 ൽ ബീനിന്റെ സമാനമായ മാതൃക പിന്തുടർന്ന ന്യൂയോർക്ക് റെഡ് സോക്സ് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ഒടുവിൽ ലോക സീരീസ് ജേതാക്കൾ ആവുന്നു. കായികലോകത്തെ പരമ്പരാഗത ശീലങ്ങളെ മാറ്റി പ്രതിഷ്ഠിച്ച മണിബോൾ എന്നു പിന്നീട്‌ വിഖ്യാതമായ മാതൃക പലരും പിന്തുടർന്നിട്ടുണ്ട്. ചിലത് ജയിക്കുകയും മറ്റിടത്ത് പരാജയവും സംഭവിച്ചു. എങ്കിലും കായികലോകത്ത് കമ്പ്യൂട്ടർ ഉപയോഗിച്ച് കൊണ്ടുള്ള വിവരശേഖരണവും വിലയിരുത്തലുകളും വലിയ ശീലമായി മാറി. ഇടക്ക് ലിവർപൂൾ ഇംഗ്ലീഷ് ഫുട്‌ബോളിൽ ഈ രീതി പരീക്ഷിച്ചു എങ്കിലും പരാജയലപ്പെട്ടു. മുൻ ബയേൺ മ്യൂണിച്ച്, റയൽ മാഡ്രിഡ് സഹപരിശീലകൻ പോൾ ക്ലെമറ്റ് അടക്കം പുതുതലമുറയിലെ വിവിധ കായികമേഖലകളിലെ പലപരിശീലകരും മണിബോളിനെ പിന്തുണക്കുന്നർ ആണ്‌. മികച്ച പ്രേക്ഷകപ്രീതിക്ക് ഒപ്പം നിരൂപകപ്രീതിയും നേടിയ ചിത്രം ആണ് മണിബോൾ. മികച്ച ചിത്രം അടക്കം 6 ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രത്തിലെ പ്രകടത്തിനു ബില്ലി ബീൻ ആയി വേഷമിട്ട ബ്രാഡ് പിറ്റിനു മികച്ച നടനുള്ള ഓസ്കാർ നാമനിർദ്ദേശം നേടിക്കൊടുത്തു. സഹമാനേജർ ആയ പീറ്റർ ബ്രാന്റ് ആയി വേഷമിട്ട ജോന ഹില്ലിന് മികച്ച സഹനടനുള്ള ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചു. ടീം പരിശീലകൻ ആയി വന്ന വിഖ്യാതനടൻ ഫിലിപ്പ് ഹോഫ്മാനും ചിത്രത്തിൽ മികച്ച പ്രകടനം ആണ് നടത്തിയത്. സാങ്കേതികമായും സിനിമ അനുഭവം ആയി ഉന്നത നിലവാരം പുലർത്തുന്ന ചിത്രം തന്നെയാണ് മണിബോൾ എന്നതിൽ സംശയമില്ല.

കായിക, സിനിമ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട 10 സ്പോർട്സ് സിനിമകൾ ആണ് മുകളിൽ കൊടുത്തിരിക്കുന്ന ഓരോ ചിത്രവും എന്നതിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മികച്ച സ്പോർട്സ് പ്രമേയമാക്കിയ ചിത്രങ്ങൾ പങ്ക് വക്കുക.

Advertisement