റെയ്ഡര്‍മാര്‍ പോയിന്റുകള്‍ വാരിക്കൂട്ടിയ മത്സരത്തില്‍ 13 പോയിന്റ് വ്യത്യാസത്തില്‍ ജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. മെറാജ് ഷെയ്ഖിന്റെ സൂപ്പര്‍ 10ന്റെയും രവീന്ദര്‍ പഹലിന്റെ ഹൈ 5യുടെയും ബലത്തിലാണ് ഡല്‍ഹി ആധികാരിക ജയം സ്വന്തമാക്കിയത്. ഇടവേല സമയത്ത് 29-10 എന്ന സ്കോറിനു ഡല്‍ഹിയാണ് മുന്നില്‍ നിന്നത്. ഫൈനല്‍ വിസില്‍ മുഴക്കിയപ്പോള്‍ ജയം 48-35 എന്ന സ്കോറിനു ടീം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ജയ്പൂര്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ആദ്യ പകുതിയിലെ അന്തരം ഏറെ വലുതായിരുന്നതിനാല്‍ പോയിന്റ് നില മറികടക്കുവാന്‍ ടീമിനായില്ല.
15 പോയിന്റ് നേടിയ മെറാജ് ഷെയ്ഖിനൊപ്പം 9 വീതം പോയിന്റ് നേടി നവീന്‍ കുമാറും ചന്ദ്രന് രഞ്ജിത്തും മികച്ച പിന്തുണ നല്കിയപ്പോള് പോയിന്റുകള്‍ വാരിക്കൂട്ടുവാന്‍ ഡല്‍ഹിയ്ക്കായി പ്രതിരോധത്തില്‍ രവീന്ദര്‍ പഹല്‍ അഞ്ച് പോയിന്റ് നേടി. ജയ്പൂരിന്റെ ദീപക് ഹൂഡ 20 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു സഹതാരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നത് ടീമിനു തിരിച്ചടിയായി. 6 പോയിന്റ് നേടിയ അജിങ്ക്യ പവാര്‍ ആണ് ടീമിലെ രണ്ടാമത്തെ പ്രധാന സ്കോറര്‍.
31-29 എന്ന നിലയില്‍ നേരിയ ലീഡ് മാത്രമാണ് റെയിഡിംഗില്‍ ഡല്ഹിയ്ക്കുണ്ടായിരുന്നത്. 9-4നു പ്രതിരോധത്തില്‍ മുന്നിട്ട് നിന്ന ഡല്‍ഹി മൂന്ന് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കി. ഒരു തവണ ജയ്പൂരും ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കി. 2-0നു അധിക പോയിന്റുകളിലും ഡല്‍ഹിയായിരുന്നു മുന്നില്‍.