തകര്‍പ്പന്‍ വിജയവുമായി ബെംഗളൂരു, പിങ്ക് പാന്തേഴ്സിനെ കീഴടക്കിയത് 13 പോയിന്റ് വ്യത്യാസത്തില്‍

പ്രൊ കബഡി ലീഗില്‍ മികച്ച വിജയം നേടി ബെംഗളൂരു ബുള്‍സ്. ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 13 പോയിന്റ് മാര്‍ജിനില്‍ 45-32 എന്ന സ്കോറിനാണ് ബെംഗളൂരു കീഴടക്കിയത്. ഇടവേള സമയത്ത് നേരിയതെങ്കിലും ഒരു പോയിന്റിന്റെ ലീഡ് കൈവശപ്പെടുത്തിയത് ജയ്പൂരായിരുന്നു. 18-17നു ലീഡ് ചെയ്ത ടീം എന്നാല്‍ രണ്ടാം പകുതിയില്‍ കാലിടറി പരാജയത്തിലേക്ക് വീഴുകയായിരുന്നു.

19 പോയിന്റ് നേടിയ പവന്‍ ഷെഹ്റാവത്ത് കൊടുങ്കാറ്റില്‍ ജയ്പൂര്‍ കടപുഴകി വീഴുകയായിരുന്നു. മഹേന്ദര്‍ സിംഹും കാശിലിംഗ് അഡ്കേയും 5 വീതം പോയിന്റ് നേടി ബെംഗളൂരു നിരയില്‍ തിളങ്ങി. ജയ്പൂരിനായി 11 പോയിന്റുമായി ദീപക് ഹൂഡയും 7 പോയിന്റ് നേടി അജിങ്ക്യ പവാറും തിളങ്ങിയെങ്കിലും പവന്റെ പ്രകടനത്തിനു ഏഴയലത്ത് വരുവാന്‍ ഇവര്‍ക്കും സാധിച്ചില്ല.

റെയിഡിംഗില്‍ 28-21നു ബെംഗളൂരു മുന്നില്‍ നിന്നപ്പോള്‍ പ്രതിരോധ പോയിന്റുകളില്‍ ഇരു ടീമുകളും 9 പോയിന്റുമായി ഒപ്പം നിന്നു. മൂന്ന് തവണ പാന്തേഴ്സിനെ ബുള്‍സ് ഓള്‍ഔട്ട് ആക്കിയപ്പോള്‍ ജയ്പൂരിനു 2 ഓള്‍ഔട്ട് പോയിന്റ് സ്വന്തമാക്കി.