ബന്നിഹട്ടിയിൽ നടന്ന രണ്ടാം എഎഫ്‌ഐ ദേശീയ ജംപ്‌സ് മത്സരത്തിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ തമിഴ്‌നാടിന്റെ ജെസ്വിൻ ആൽഡ്രിൻ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. 21-കാരൻ 8.42 മീറ്റർ ആണ് ചാടിയത്. കഴിഞ്ഞ വർഷം സഹ ഇന്ത്യൻ അത്‌ലറ്റ് എം ശ്രീശങ്കർ ചാടിയ 8.36 മീറ്ററിന്റെ മുൻ ദേശീയ റെക്കോർഡ് ആണ് ജെസ്വിൻ മറികടന്നത്. 8.41 മീറ്റർ ചാടി ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തിയ കഴിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് മിൽറ്റിയാഡിസ് ടെന്റോഗ്ലോയുടെ ദൂരത്തേക്കാൾ മുന്നിലാണ് ആൽഡ്രിന്റെ ഈ നേട്ടം എന്നത് ശ്രദ്ധേയമായത്.
കഴിഞ്ഞ മാസം അസ്താനയിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 7.97 മീറ്റർ ചാടി വെള്ളി നേടാൻ ആൽഡ്രിനായിരുന്നു. “ദേശീയ റെക്കോർഡ് വരാൻ കുറച്ച് സമയമായി, ഞാൻ പരിശീലനം നടത്തുന്ന ഒരു വേദിയിൽ ഇത് വന്നതിൽ എനിക്ക് സന്തോഷമുണ്ട്,” സ്‌പോർട്‌സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഞാൻ ഇപ്പോൾ ആഗോള തലത്തിൽ ഇത്തരത്തിലുള്ള പ്രകടനം നടത്താൻ ആഗ്രഹിക്കുന്നു.” വേൾഡ് അത്‌ലറ്റിക്‌സ് വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഈ സീസണിൽ ആൽഡ്രിനെക്കാൾ മികച്ചതായി ആരും ചാടിയിട്ടില്ല.