കലാ, കായിക പ്രകടനങ്ങൾക്ക് നൽകി വന്ന ഗ്രേസ് മാർക്കിനെ സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കയെ തുടർന്ന് കുട്ടികൾ കലാ, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ മടിക്കുന്നതായി സൂചന. ഇത്തവണ കേരള സർക്കാർ തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നതിന് സമാനമായ ഗ്രേസ് മാർക്ക് സി.ബി.ഐ.സി തുടങ്ങിയ തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതിനെ തുടർന്നു ചില സി.ബി.ഐ.സി സ്‌കൂളുകളും രക്ഷകർത്താക്കളും നൽകിയ കേസിൽ കോടതി നടത്തിയ ഇടപെടൽ ആണ് നിലവിലെ ആശങ്കക്ക് കാരണം. ഗ്രേസ് മാർക്കിന്റെ ആനുകൂല്യം മൂലം ഹയർസെക്കൻഡറി പ്രവേശനം, ഉന്നത വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയവയിൽ സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്ക് മുൻതൂക്കം ലഭിക്കുന്നു എന്നതാണ് മുഖ്യപരാതിയായി ചൂണ്ടി കാണിക്കുന്നത്.
ഇതിനെ തുടർന്ന് എങ്ങനെ ഗ്രേസ് മാർക്ക് നൽകും എന്ന കാര്യത്തിൽ ശരിയായ ഒരു തീരുമാനം അധികൃതർ ഇത് വരെ എടുത്തിട്ടില്ല. ഉടൻ തന്നെ ആശങ്ക പരിഹരിക്കും എന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഗ്രേസ് മാർക്കിന്റെ അഭാവം രക്ഷിതാക്കളെയും കുട്ടികളെയും സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്നുണ്ട് ഇപ്പോൾ. പ്രത്യേകിച്ച് പരിശീലസമയത്ത് പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത കുട്ടികൾക്ക്, ജില്ലാതല, സംസ്ഥാനതല, ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ നഷ്ടമാവുന്നത് ഒരുപാട് പഠനദിനങ്ങൾ ആണ്. അതിനാൽ തന്നെ ഗ്രേസ് മാർക്കിന്റെ അഭാവം കുട്ടികളുടെ ജയത്തെ ബാധിക്കും എന്നതിനാൽ തന്നെ പ്രത്യേകിച്ച് ബോർഡ് പരീക്ഷകൾ എഴുതുന്ന കുട്ടികൾ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുന്നു എന്ന വാർത്തകൾ ആണ് പല സ്‌കൂളുകളിൽ നിന്നും കേൾക്കുന്നത്. ഉടനെ പരിഹരിച്ചില്ലെങ്കിൽ സ്‌കൂൾതല മത്സരങ്ങളുടെ നിലനിൽപ്പ് തന്നെ ഇത് അപകടത്തിൽ ആക്കിയേക്കും.