മൂന്നാം റൗണ്ടിനു ശേഷവും രണ്ടാം സ്ഥാനത്ത് തുടർന്ന് അദിതി അശോക്, നാളെ മഴ എത്തിയാൽ വെള്ളി മെഡൽ ഉറപ്പ്

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അപ്രതീക്ഷിതമായി മെഡൽ സാധ്യത നൽകി ഇന്ത്യൻ വനിത ഗോൾഫ് താരം അദിതി അശോക്. ആദ്യ ദിനം തൊട്ട് വനിത ഗോൾഫിൽ ശക്തമായ പ്രകടനം നടത്തുന്ന അദിതി മൂന്നാം ദിവസവും തന്റെ മികവ് തുടർന്നു. മൂന്നാം ദിനം -3 പോയിന്റുകൾ നേടിയ അദിതി മൊത്തം -12 പോയിന്റുകളും ആയാണ് നിലവിൽ 60 പേരിൽ രണ്ടാമത് നിൽക്കുന്നത്. മൂന്നാമതുള്ളവരുമായി 2 സ്ട്രോക്ക് മുൻതൂക്കം ആണ് താരത്തിന് ഇപ്പോൾ ഉള്ളത്.

അതേസമയം അമേരിക്കൻ താരം നെല്ലി കോർദയാണ് -15 പോയിന്റുകളും ആയി നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. നാളെ വലിയ മഴയും കാറ്റും ടോക്കിയോയിൽ പ്രതീക്ഷിക്കുന്നതിനാൽ തന്നെ നാലാം റൗണ്ട് നടക്കാൻ സാധ്യത കുറവാണ് എന്നാണ് സൂചനകൾ. ഇങ്ങനെ വന്നാൽ ബാംഗ്ലൂർ സ്വദേശിയായ അദിതി അശോക് ഇന്ത്യക്ക് ഗോൾഫിൽ ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിക്കും. അദിതി അശോക് അപ്രതീക്ഷിത വെള്ളി മെഡൽ നൽകിയാൽ ഇന്ത്യക്ക് അത് വലിയ നേട്ടം ആയിരിക്കും.