ബ്ലാസ്റ്റേഴ്‌സ് മൺസൂൺ | Fanzone

ISL വീണ്ടും കൊച്ചിയിലേക്ക്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റ തിരിച്ചടിയിൽ  സങ്കടപ്പെട്ടിരുന്ന കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കിട്ടുന്ന രണ്ടാമത്തെ സന്തോഷ വാർത്തയാണ് ഇത്. ആദ്യത്തേത് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയതായിരുന്നു, 2025 വരെ കോച്ച് ഇവാനുമായി കരാർ ഒപ്പിട്ടത്.

ഇക്കൊല്ലം കൊച്ചിയിൽ കളി നടത്തിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഇതിലും ഭേദപ്പെട്ട കളി കാഴ്ച വച്ചേനെ എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ആരാധകർ. അങ്ങനെ നോക്കുമ്പോൾ, ആശാന്റെ കീഴിൽ നമ്മുടെ ടീം അടുത്ത സീസണിൽ കണക്കു തീർക്കും എന്ന് തന്നെയാണ് അവർ കരുതുന്നത്.

വർഷങ്ങളോളം മുള ഗ്യാലറികളിൽ തിങ്ങിയിരിന്നു മികച്ച ഫുട്ബോളിനെ പിന്തുണച്ചിരുന്ന കേരളത്തിലെ കാണികളുടെ പിന്തുടർച്ചക്കാർ ഇനിയും ആത്മവിശ്വാസം കൈ വിട്ടിട്ടില്ല. സീസൺ അനുസരിച്ചു ടീമുകൾക്ക് മാറി മാറി പിന്തുണ നൽകിയിരുന്ന ആരാധകരാണ് പണ്ട് കേരളത്തിൽ ഉണ്ടായിരുന്നത്. ആകെ ഒരു ആശ്വാസം സന്തോഷ് ട്രോഫി ടീമായിരുന്നു. കേരളം മൊത്തം ആ ടീമിന് പിന്നിൽ അണിനിരക്കുമായിരിന്നു.

പിന്നീട് വന്ന ടിവി പ്രക്ഷേപണം ആസ്വാദകരെ കടലിനു അക്കരേക്ക് കൊണ്ട് പോയി യുറോപിയൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, സൗത്ത് അമേരിക്കൻ ലീഗുകളെ പരിചയപ്പെടുത്തി. അപ്പോഴും ഓരോരുത്തർ അവരവരുടെ ഇഷ്ട ടീമുകളെ തിരഞ്ഞെടുത്തു. കേരളം മൊത്തം അപ്പോഴും ഒരു ടീമിന് പിന്നിൽ അണിനിരന്നില്ല. വേൾഡ് കപ്പു കാലങ്ങളിലെ ഫ്ലെക്സുകൾ ആ കഥ ലോകം മുഴുവൻ എത്തിക്കാറുമുണ്ട്.

ISL ലീഗിൽ അധികം ശോഭിക്കാൻ പല വർഷങ്ങളിലും കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന് പക്ഷെ ആരാധകരുടെ കാര്യത്തിൽ ഒരിക്കലും പിറകിൽ നിൽക്കേണ്ടി വന്നിട്ടില്ല. ലീഗിൽ ഏറ്റവും അധികം ഫാൻസ്‌ ഉള്ളതും, ഏറ്റവും നല്ല ഫാൻസ്‌ ഉള്ളതും ബ്ലാസ്റ്റേഴ്സിന് തന്നെ. മാനേജ്‌മെന്റിന്റെ കഴിവ് കേടു കൊണ്ട് പല സീസണുകളിലും കളി പാളിയപ്പോഴും ആരാധകർ ഒറ്റക്കെട്ടായി കൊമ്പന് പിന്നിൽ നിന്നിരുന്നു.

കഴിഞ്ഞ സീസണിൽ അവർക്കു അതിനുള്ള പ്രതിഫലവും കിട്ടി. കപ്പ് ഉയർത്തിയില്ലെങ്കിലും, ശക്തമായ കളി കാഴ്ചവെച്ചു ടീം ഫാൻസിനു നന്ദി പറഞ്ഞു.

അങ്ങനെയുള്ള ഒരു സമയത്തു, ടീമിനെ അറിയുന്ന ഒരു കോച്ചിനെ കിട്ടുകയും, ഹോം ഗ്രൗണ്ടിലേക്ക് കളി തിരികെ വരികയും ചെയ്യുന്നതിലും വലുതായി ആരാധകർക്ക് സന്തോഷിക്കാൻ മറ്റെന്തുണ്ട്. വരാൻ പോകുന്നത് തങ്ങളുടെ ടീമിന്റെ നാളുകളാണ് എന്ന് അവർ വിശ്വസിക്കുന്നു.

കൊച്ചിയിലെ ഫുട്ബാൾ ആരാധകരിൽ മുന്നിലുള്ള വിവേകേട്ടൻ പറഞ്ഞ പോലെ, “ഇറ്റ് വിൽ ബി എ ബ്ലാസ്റ്റേഴ്‌സ് മൺസൂൺ സീസൺ ഇൻ ISL”.  മണ്സൂണിലും വലിയൊരു സീസൺ നമുക്കില്ലല്ലോ!