ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്; അഞ്ചാം ഗെയിമിൽ ഡിംഗ് ലിറനെ സമനിലയിൽ പിടിച്ച് ഗുകേഷ്

ഇന്ത്യൻ ചെസ്സ് സെൻസേഷൻ ഡി ഗുകേഷ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ തൻ്റെ മികച്ച പ്രകടനം തുടർന്നു, ശനിയാഴ്ച നടന്ന ഗെയിം 5 ൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ ഗുകേഷ് സമനിലയിൽ പിടിച്ചു. 40 നീക്കങ്ങൾക്ക് ശേഷം മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. രണ്ട് കളിക്കാരും ഇപ്പോൾ 2.5-2.5 എന്ന പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.

ഈ സമനില പരമ്പരയിലെ മൂന്നാമത്തേതാണ്. രണ്ട് കളിക്കാരും ലോക കിരീടത്തിൽ നിന്ന് അഞ്ച് പോയിൻ്റ് അകലെയാണുള്ളത്.

ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഗെയിം 2വിൽ സമനില പിടിച്ച് ഡി ഗുകേഷ് തിരിച്ചെത്തി

2024 നവംബർ 26-ന് സിംഗപ്പൂരിൽ നടന്ന ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ സമനിലയിൽ തളച്ച 18 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് കളിയിലേക്ക് തിരികെ വന്നു. കറുത്ത കരുക്കളുമായി കളിച്ചാണ് ഗുകേഷ് സമനില ഉറപ്പാക്കിയത്.

ഉയർന്ന തലത്തിൽ മത്സരിക്കുന്നതിൻ്റെ വലിയ സമ്മർദ്ദം ഗുകേഷ് അംഗീകരിച്ചെങ്കിലും ഒരു സമയം ഒരു ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് റതാൻ ആഗ്രഹിക്കുന്നത് എന്ന് ഗുകേഷ് പറഞ്ഞു. ആകെ 14 മത്സരങ്ങൾ ആണ് ചാമ്പ്യൻഷിപ്പിൽ ഉള്ളത്. ആദ്യ ക്ലാസിക്കൽ ഗെയിം ഡിംഗ് ലിറൻ ജയിച്ചിരുന്നു.

ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ഡി ഗുകേഷ് ഗെയിം 1 ൽ ഡിംഗ് ലിറനോട് തോറ്റു

2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് തിരിച്ചടി നേരിട്ടു. സിംഗപ്പൂരിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറണിനോട് ഗുകേഷ് പരാജയപ്പെട്ടു. 18 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചറായ ഗുകേഷ് ടാക്റ്റിക്കൽ പിഴവിന് ശേഷം തൻ്റെ 42-ാം നീക്കത്തിൽ തോൽവി സമ്മതിക്കുക ആയിരുന്നു. ഡിങ്ങിനോട് ഇതോടെ 1-0 ലീഡ് വഴങ്ങി.

ഡിംഗിൻ്റെ ഫ്രഞ്ച് പ്രതിരോധം ഫലപ്രദമായി നേരിട്ട ഗുകേശ് ഒരു കിംഗ് പോൺ പുഷ് ഉപയോഗിച്ച് ആക്രമണോത്സുകമായി ആരംഭിച്ചു. ഗുകേഷ് തുടക്കത്തിൽ സമയ നേട്ടം കൈവരിച്ചെങ്കിലും, മധ്യ ഗെയിമിലെ നിർണായക പിഴവ് മുതലെടുത്ത് ഡിങ്ങ് വിജയം ഉറപ്പിച്ചു. ആകെ 14 മത്സരങ്ങൾ ചാമ്പ്യൻഷിപ്പിൽ നടക്കും. 7.5 പോയിന്റ് ആണ് ചാമ്പ്യൻഷിപ്പ് നേടാൻ വേണ്ടത്.

ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആകാൻ ഇന്ത്യയുടെ ഗുകേഷ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇറങ്ങുന്നു

നവംബർ 25 ന് സിംഗപ്പൂരിൽ ആരംഭിക്കുന്ന 2024 ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ വളർന്നുവരുന്ന താരം ഡി ഗുകേഷ് ചൈനയുടെ ഡിംഗ് ലിറനെ നേരിടും. വിശ്വനാഥൻ ആനന്ദിൻ്റെ 2012ലെ വിജയത്തിന് ശേഷം ഇന്ത്യയുടെ 12 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകാനും 18 കാരനായ ഗുകേഷിന് അവസരമുണ്ട്.

എന്നിരുന്നാലും, ക്ലാസിക്കൽ ഗെയിമുകളിൽ ഒരിക്കലും ഡിംഗിനെ തോൽപ്പിക്കാത്ത അദ്ദേഹം കടുത്ത വെല്ലുവിളി ആണ് നേരിടുന്നത്. 2022 ലെ ചാമ്പ്യനാണ് ഡിംഗ്. മത്സരങ്ങൾ യൂട്യൂബിൽ ChessbaseIndia-യുടെ ചാനലിൽ കാണാൻ ആകും. 14 ക്ലാസിക് മത്സരങ്ങൾ ആണ് ചാമ്പ്യൻഷിപ്പിൽ ഉണ്ടാവുക. ഒരോ ദിവസവും ഒരോ മത്സരം നടക്കും. 7.5 പോയിന്റ് ആണ് ചാമ്പ്യനാകാൻ വേണ്ടത്.

3 വയസ്സുകാരൻ അനീഷ് സർക്കാർ, FIDE-റേറ്റു ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് കളിക്കാരനായി

അസാധാരണമായ ഒരു നേട്ടത്തിൽ, ബംഗാളിൽ നിന്നുള്ള അനീഷ് സർക്കാർ ഏററ്റവും പ്രായം കുറഞ്ഞ FIDE-റേറ്റഡ് ചെസ്സ് കളിക്കാരനെന്ന റെക്കോർഡ് സ്ഥാപിച്ചു. മൂന്ന് വർഷവും എട്ട് മാസവും 19 ദിവസവും മാത്രം പ്രായമുള്ള അനിഷ്, തൻ്റെ പ്രായത്തിനെയും കടന്ന് ശ്രദ്ധേയമായ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചുകൊണ്ട് 1555 എന്ന എലോ റേറ്റിംഗ് നേടി.

2024ലെ ഒന്നാം ഓൾ ബംഗാൾ റാപ്പിഡ് റേറ്റിംഗ് ഓപ്പണിൽ 11 കളികളിൽ നിന്ന് 5 പോയിൻ്റ് നേടിയാണ് അനീഷ് അരങ്ങേറിയത്. ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗെയ്സിയെ അദ്ദേഹം നേരിട്ടു. പിന്നീട്, യുവതാരം പശ്ചിമ ബംഗാൾ സ്റ്റേറ്റ് അണ്ടർ-9 ഓപ്പണിൽ ചേർന്നു, 8-ൽ 5.5 പോയിൻ്റ് നേടി, പങ്കെടുത്ത 140 പേരിൽ 24-ാം സ്ഥാനത്തും എത്തി. പശ്ചിമ ബംഗാൾ സ്റ്റേറ്റ് അണ്ടർ-13 ഓപ്പണിൽ ആണ് തൻ്റെ ഔദ്യോഗിക FIDE റേറ്റിംഗ് നേടിയത്.

നോർവേ ചെസ് ഓപ്പണിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി പ്രഗ്നാനന്ദ

നോർവേ ചെസ് ഓപ്പണിൽ ഇന്ത്യൻ യുവപ്രതീക്ഷ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വെള്ളിയാഴ്ച നടന്ന ടൂർണമെൻ്റിൻ്റെ പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ ഹികമരു നകമുറയെ തോൽപ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസൺ കിരീടം നേടി.

വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ജിഎം ആർ വൈശാലി നാലാം സ്ഥാനത്തെത്തിയപ്പോൾ ജിഎം കോനേരു ഹംപി അഞ്ചാം സ്ഥാനത്തെത്തി.

പ്രഗ്നാനന്ദയും നകാമുറയും തമ്മിലുള്ള പോരാട്ടം തുടക്കത്തിൽ സമനിലയായി‌ പിന്നീട് ടൈബ്രേക്ക് ഗെയിമിൽ പ്രഗ്നാനന്ദ വിജയിച്ചു. നകാമുറ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോക ഒന്നാം നമ്പർ കാൾസൺ, രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാന, ലോക ചാമ്പ്യൻ ഡിംഗ് ലിറൻ എന്നിവരെയെല്ലാം നോർവയിൽ തോൽപ്പിക്കാൻ പ്രഗ്നാനന്ദക്ക് ആയിരുന്നു‌.

കാൾസനെ തോൽപ്പിച്ചതിനു പിന്നാലെ ലോക രണ്ടാം നമ്പറുകാരനെയും തോൽപ്പിച്ച് പ്രഗ്നാനന്ദ

ഇന്ത്യയുടെ 18 കാരനായ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ നോർവേ ചെസ് ടൂർണമെൻ്റിൽ തൻ്റെ കുതിപ്പ് തുടർന്നു. ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദയുടെ മുന്നിൽ പരാജയപ്പെട്ടു. ഇതേ ടൂർണമെന്റിൽ തന്നെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെയും പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു.

ഈ വിജയം പ്രഗ്നാനന്ദയെ ലോക റാങ്കിങ്ങിൽ ആദ്യ പത്തിലെത്താൻ സഹായിക്കും. നേരത്തെ ബുധനാഴ്ച സ്റ്റാവാഞ്ചറിൽ നടന്ന നോർവേ ചെസ് ടൂർണമെൻ്റിൻ്റെ മൂന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണിനെതിരെ പ്രഗ്നാനന്ദ തൻ്റെ ആദ്യ ക്ലാസിക്കൽ വിജയം നേടിയിരുന്നു.

161,000 ഡോളർ സമ്മാനത്തുകയുള്ള ഈ ടൂർണമെൻ്റിൻ്റെ പകുതി ഘട്ടത്തിൽ നിൽക്കുമ്പോൾ 10 പോയിൻ്റുമായി നകാമുറ ആണ് മുന്നിൽ ഉള്ളത്

ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 8 വയസ്സുകാരൻ അശ്വത്

ഞായറാഴ്ച സ്വിറ്റ്‌സർലൻഡിലെ ബർഗ്‌ഡോർഫർ സ്‌റ്റാഡ്‌തൗസ് ഓപ്പണിൽ ചരിത്രം സൃഷ്ടിച്ച് എട്ടു വയസ്സുകാരനായ അശ്വത് കൗശിക്. അശ്വത് പോളണ്ടിൻ്റെ ജാസെക് സ്‌റ്റോപയെ തോൽപ്പിച്ചതോടെ ക്ലാസിക്കൽ ചെസിൽ ഗ്രാൻഡ്‌മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എട്ടുവയസ്സുകാരൻ മാറി.

സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അശ്വത് 37 കാരനായ സ്റ്റോപ്പയെ ആണ് പരാജയപ്പെടുത്തിയത്‌. ഒരു മാസം മുമ്പ് സെർബിയയിൽ നിന്നുള്ള ലിയോനിഡ് ഇവാനോവിച്ച് ഗ്രാൻഡ്മാസ്റ്റർ മിൽക്കോ പോപ്ചേവിനെ തോൽപ്പിച്ച് സ്ഥാപിച്ച റെക്കോർഡ് ഈ വിജയത്തോടെ അശ്വത് തകർത്തതായി Chess.com വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇവാനോവിച്ചിനും എട്ട് വയസ്സുണ്ട്, പക്ഷേ ഇവാനോവിച് അശ്വത് അഞ്ച് മാസം പ്രായം കൂടുതലാണ്. ഇൻ്റർനാഷണൽ മാസ്റ്റർ ഹാരി ഗ്രീവിനോട് തോറ്റ് 12-ാം സ്ഥാനത്താണ് അശ്വത് ടൂർണമെൻ്റ് പൂർത്തിയാക്കിയത്.

പ്രഗ്നാനന്ദയെ തോൽപ്പിച്ചു മാഗ്നസ് കാൾസൺ കരിയറിലെ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി

കരിയറിലെ ആദ്യ ആദ്യ ചെസ് ലോകകപ്പ് സ്വന്തമാക്കി ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവും ആയ മാഗ്നസ് കാൾസൺ. ഇന്ത്യയുടെ 18 കാരനായ ആർ. പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് നോർവെ താരം കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ടു ക്ലാസിക് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ ഇന്നത്തെ ടൈബ്രേക്കറിൽ കാൾസൺ തന്റെ വിശ്വരൂപം പുറത്ത് എടുത്തു.

ടൈബ്രേക്കറിൽ ആദ്യ റാപ്പിഡ് ഗെയിം കറുത്ത കരുക്കളെ ഉപയോഗിച്ച് കാൾസൺ ജയിച്ചതോടെ കളിയുടെ വിധി എഴുതപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം റാപ്പിഡ് ഗെയിമിൽ വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ താരത്തെ സമനിലയിൽ തളച്ചു കാൾസൺ കിരീടം ഉയർത്തുക ആയിരുന്നു. കരിയറിൽ എല്ലാം നേടിയ ചെസ് ഇതിഹാസമായ കാൾസണിനു ഇത് ആദ്യ ചെസ് ലോകകപ്പ് കിരീടം ആണ്. അതേസമയം ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് പ്രഗ്നാനന്ദ ചെസ് ലോകകപ്പിൽ നിന്നു മടങ്ങുന്നത്.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ രണ്ടാം മത്സരവും സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ നോർവെയുടെ മാഗ്നസ് കാൾസണും ഇന്ത്യയുടെ 18 കാരൻ ഗ്രാന്റ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ. ഇന്ന് വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ കാൾസൺ അത്രയൊന്നും ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയില്ല.

സൂക്ഷിച്ചു കളിച്ച ലോക ചാമ്പ്യൻ താൻ ഏതാണ്ട് സമനിലക്ക് ആണ് കളിക്കുന്നത് എന്നു തുടക്കം മുതൽ തന്നെ മനസ്സിലായിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 30 വീതം നീക്കങ്ങൾക്ക് ശേഷം ഇരു താരങ്ങളും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ സമ്മതിക്കുക ആയിരുന്നു. ഇനി നാളത്തെ ടൈബ്രേക്കറിൽ ആവും വിജയിയെ തീരുമാനിക്കുക. ടൈബ്രേക്കറിൽ 2 റാപ്പിഡ് ചെസ് മത്സരങ്ങൾ ആവും പ്രഗ്നാനന്ദയും കാൾസണും കളിക്കുക.

അലക്‌സാന്ദ്ര ഗൊര്യാച്കിന ചെസ് വനിത ലോകകപ്പ് ജേതാവ്

ചെസ് വനിത ലോകകപ്പ് ജേതാവ് ആയി 24 കാരിയായ റഷ്യൻ താരം അലക്‌സാന്ദ്ര ഗൊര്യാച്കിന. 2021 ൽ നേരിട്ട ഫൈനൽ പരാജയത്തിൽ നിന്നു പാഠം ഉൾക്കൊണ്ടാണ് ഗൊര്യാച്കിന ഇത്തവണ കിരീടം ഉയർത്തിയത്. ജയത്തോടെ ലോക ഒന്നാം നമ്പർ ആവാനും താരത്തിന് ആയി.

ഫൈനലിൽ ബൾഗേറിയൻ താരം 20 കാരിയായ നുർഗുയുൽ സലിമോവയെ ആണ് ഗൊര്യാച്കിന തോൽപ്പിച്ചത്. രണ്ടു ക്ലാസിക് മത്സരങ്ങൾക്ക് ശേഷം റാപ്പിഡ് ടൈബ്രേക്കറിലെ രണ്ടാം മത്സരം ജയിച്ചാണ് റഷ്യൻ താരം ലോക കിരീടം ഉയർത്തിയത്. യുക്രെയ്ന്റെ അന്ന മുയിചുക് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ ആദ്യ മത്സരം സമനിലയിൽ

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 18 കാരൻ ആർ.പ്രഗ്നാനന്ദയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും തമ്മിലുള്ള ആദ്യ ക്ലാസിക് മത്സരം സമനിലയിൽ അവസാനിച്ചു. വെള്ള കരുക്കളും ആയി കളിച്ച ആർ.പ്രഗ്നാനന്ദ പലപ്പോഴും കാൾസണു ബുദ്ധിമുട്ട് നൽകി.

എന്നാൽ കുറെ നീക്കങ്ങൾക്ക് ശേഷം സമനില കൊണ്ട് ഇരു താരങ്ങളും തൃപ്തിപ്പെടും എന്നു ഏതാണ്ട് ഉറപ്പ് ആയിരുന്നു. തുടർന്ന് 35 നീക്കങ്ങൾക്ക് ശേഷം മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരു താരങ്ങളും സമ്മതിക്കുക ആയിരുന്നു. നാളത്തെ രണ്ടാമത്തെ ക്ലാസിക് മത്സരത്തിൽ വെള്ള കരുക്കളും ആയി കളിക്കാൻ എത്തുന്ന കാൾസണെ പ്രഗ്നാനന്ദക്ക് പ്രതിരോധിക്കാൻ ആവുമോ എന്നത് ആവും പ്രധാന ചോദ്യം.

Exit mobile version