അഭിമാനം തന്നെ പ്രഗ്നാനന്ദ, ചെസ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി

പ്രഗ്നാനന്ദ ചെസ് ലോകകപ്പിൽ ഫൈനലിലേക്ക് മുന്നേറി. ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിൽ ആണ് പ്രഗ്നാനന്ദ തോൽപ്പിച്ചത്. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഫിഡെ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇനി മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ നേരിടും.

പ്രഗ്നാനന്ദയും കരുവാനയും മൂന്ന് ദിവസത്തിനുള്ളിൽ നാല് സമനിലകൾ കളിച്ചിരുന്നും ഇതാണ് ടൈ ബ്രേക്കറിലേക്ക് എത്തിച്ചത്. ആദ്യ 10 മിനിറ്റ് റാപ്പിഡ് ഗെയിമിൽ തന്നെ നിർണായക മുൻതൂക്കം പ്രഗ്നാനന്ദ നേടി. പിന്നീട് വിജയവും ഉറപ്പിച്ചു.

നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പ്രഗ്നാനന്ദ വീഴ്ത്തിയിരുന്നു. ബോബി ഫിഷറിനും മാഗ്നസ് കാൾസണിനും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ താരം മാറി. ഈ ലോകകപ്പിനിടയിൽ ആയിരുന്നു പ്രഗ്നാനന്ദ 18ആം പിറന്നാൾ ആഘോഷിച്ചത്.

2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്നതിന് ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് പ്രഗ്നാനന്ദ. പഴയ ഫോർമാറ്റിൽ വിശ്വനാഥൻ ആനന്ദ് 2000-ലും 2002-ലും കിരീടം നേടിയിട്ടുണ്ട്. വേറെ ഒരു ഇന്ത്യൻ താരവും സെമി ഫൈനലിൽ പോലും ഇതുവരെ എത്തിയിരുന്നില്ല.

ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ

അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ സെമി ഫൈനലിൽ. സഡൻ ഡെത്ത് ടൈ ബ്രേക്കിൽ അർജുൻ എറിഗെയ്‌സിയെ പരാജയപ്പെടുത്തിയാണ് ആർ പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. 18കാരൻ ഫാബിയാനോ കരുവാനയെ ആകും സെമിയിൽ നേരിടുക. വിശ്വനാഥൻ ആനന്ദിന് ശേഷം ഫിഡെ ചെസ് ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

2000ലും 2002ലും ടൂർണമെന്റിന്റെ ആദ്യ രണ്ട് പതിപ്പുകളിൽ ഇതിഹാസ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിജയിച്ചതിന് ശേഷം മറ്റൊരു ഇന്ത്യക്കാരനും സെമിയിൽ എത്തിയിരുന്നില്ല. അവസാന നാലിലേക്ക് യോഗ്യത നേടിയതിലൂടെ, അടുത്ത വർഷത്തെ കാൻഡിഡേറ്റ് ടൂർണമെന്റിനും പ്രഗ്നാനന്ദ യോഗ്യത നേടി.

രണ്ടാം സെമിയിൽ ടോപ് സീഡ് മാഗ്നസ് കാൾസൺ നിജാത് അബാസോവിനെ നേരിടും

ചരിത്രം കുറിച്ച് ഗുകേഷ്! 36 വർഷ‌ങ്ങൾക്ക് ശേഷം റാങ്കിംഗിൽ ആനന്ദിനെ മറികടന്ന് ഒരു ഇന്ത്യൻ താരം

ചെസ്സ് ലോകത്ത് പുതിയ ചരിത്രം കുറിച്ച് 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) ലോക റാങ്കിംഗിൽ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനെ ഗുകേഷ് മറികടന്നു. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബൈജാനിന്റെ മിസ്രത്ദിൻ ഇസ്‌കന്ദറോവിനെതിരെ ഗുകേശ് നേടിയ വിജയത്തിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.

1991 ജൂലൈയിൽ ലോകത്തിലെ ടോപ്പ്-10ൽ ആദ്യമായി പ്രവേശിച്ച ആനന്ദ്, 1987 ജനുവരി മുതൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരനാണ്. ഗുകേഷിന്റെ പുതിയ തത്സമയ റാങ്ക് നില ആനന്ദിന് മുകളിലാണ്. സെപ്റ്റംബർ 1 വരെ ആനന്ദിനേക്കാൾ ലീഡ് നിലനിർത്തിയാൽ, 1986 ജൂലൈയിൽ പ്രവീൺ തിപ്‌സെയ്ക്ക് ശേഷം FIDE ലോക റാങ്കിംഗിൽ ആനന്ദിനെ മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഗുകേശ്.

വെറും 44 നീക്കങ്ങളിൽ ഇസ്‌കന്ദറോവിനെ മറികടക്കാന് ഗുകേഷിന് ആയി. ഈ വിജയം അദ്ദേഹത്തിന്റെ തത്സമയ റേറ്റിംഗ് 2755.9 ആയി ഉയർത്തി, ആനന്ദിന്റെ 2754.0 എന്ന റേറ്റിംഗിനെ ഇറംറ്റ്ജ് മറികടന്നു. തൽഫലമായി, അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിനെ പത്താം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ലോക ലൈവ് റാങ്കിംഗിൽ ഗുകേഷ് ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്.

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഗുകേഷ്

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ 16 കാരൻ ഗ്രാന്റ് മാസ്റ്റർ ഗുകേഷ് ഡി. എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ഒമ്പതാം റൗണ്ടിൽ വലത് കരുക്കളും ആയി കളിച്ച ഗുകേഷ് കാൾസനെ തോൽപ്പിക്കുക ആയിരുന്നു. ഇന്നലെ ഇതേ ടൂർണമെന്റിൽ ഇന്ത്യയുടെ അർജുനും കാൾസനെ തോൽപ്പിച്ചിരുന്നു

16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് ഇന്ത്യയുടെ തന്നെ പ്രഗ്യാനന്ദയുടെ നേട്ടം ആണ് മറികടന്നത്. വലിയ അബദ്ധം കാണിച്ച കാൾസൻ മത്സരത്തിൽ തോൽവി സമ്മതിക്കുക ആയിരുന്നു. എന്നാൽ ഇതിന് ശേഷം നടന്ന റൗണ്ടിൽ ജയം നേടാൻ ഗുകേഷിന് ആയില്ല. നിലവിൽ ടൂർണമെന്റിൽ 12 റൗണ്ടുകൾക്ക് ശേഷം ഗുകേഷ് മൂന്നാം സ്ഥാനത്തും അർജുൻ നാലാം സ്ഥാനത്തും നിൽക്കുകയാണ്.

മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ

എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ എറിഗയ്സി. ജനറേഷൻ കപ്പ് ഫൈനലിൽ കാൾസനോട് ഏറ്റ തോൽവിക്ക് പ്രതികാരം കൂടിയായി അർജുനു ഈ ജയം.

കരിയറിൽ ഇത് ആദ്യമായാണ് അർജുൻ കാൾസനെ തോൽപ്പിക്കുന്നത്. റൗണ്ട് 7 ൽ മൂന്നു ജയവും ഒരു സമനിലയും നേടിയ അർജുൻ ടൂർണമെന്റിൽ നിലവിൽ നാലാമത് ആണ്. കാൾസനും ശഖിയാർ മമദയരോവും രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ യുവ ഉസ്ബകിസ്ഥാൻ താരം നോഡിർബെക് അബ്ദുസറ്റോറോവ് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ജെനറേഷൻ കപ്പ് ചെസ്, മൂന്ന് വിജയങ്ങളുമായി പ്രഗ്നാനന്ദ

മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ ജൂലിയസ് ബെയർ ജനറേഷൻ കപ്പ ഇന്ത്യൻ താരം പ്രഗ്നാനന്ദയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തിൽ മുൻ ലോക റാപിഡ് ചാമ്പ്യൻ വാസിൽ ഇവാഞ്ചുകിനെ പ്രഗ്നാനന്ദ പരാജയപ്പെടുത്തി.

രണ്ടാം മത്സരത്തിൽ പോളിഷ് ഗ്രാൻഡ് മാസ്റ്റർ Jan-Krzysztof Duda-യെ തോൽപ്പിച്ചു. ഇതായിരുന്നു ഏറ്റവും കടുപ്പമുള്ള മത്സരം. ഇതിഹാസ താരം ബോറിസ് ഗെൽഫാൻഡിനെ ആണ് മൂന്നാം മത്സരത്തിൽ പ്രഗ്നാനന്ദ തോൽപ്പിച്ചത്. അവസാന മത്സരത്തിൽ ഇന്ത്യൻ യുവതാരം 16കാരനായ ക്രിസ്റ്റഫർ യൂക്ക് മുന്നിൽ കീഴടങ്ങി.

മറ്റൊരു ഇന്ത്യൻ താരം അർജുൻ എറിഗെയ്സി ലോകചാമ്പ്യൻ മാഗ്നസ് കാൾസണോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. എങ്കിലും ബി അധിബൻ, ലീം ക്വാങ് ലെ, ഡേവിഡ് നവര എന്നിവരെ പിന്നീട് തോൽപ്പിച്ചു.

അഞ്ചാം റൗണ്ട് മത്സരങ്ങൾ ഇന്ന് രാത്രി ആരംഭിക്കും.

ഇന്ത്യയുടെ പുതിയ ആനന്ദ്!! പ്രണവ് ആനന്ദ് U-16 ലോക ചെസ് ചാമ്പ്യൻ

കഴിഞ്ഞ ദിവസം ഇന്ത്യയുടെ 76ആം ചെസ് ഗ്രാൻഡ് മാസ്റ്റർ ആയി മാറിയ പ്രണവ് ആനന്ദ് റൊമാനിയയിൽ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് ഗോൾഡുമായി അവസാനിപ്പിച്ചു. അണ്ടർ 16 ലോക ചെസ് ചാമ്പ്യനായി പ്രണവ് ആനന്ദ് മാറി. ഇന്നലെ ഫൈനൽ റൗണ്ടിൽ ഒരു സമനില നേടിയതോടെയാണ് പ്രണവ് ആനന്ദ് സ്വർണ്ണ നേട്ടം ഉറപ്പിച്ചത്.

Credit: International Chess Federation

പ്രണവ് ആനന്ദ് (2494) ഫ്രാൻസിന്റെ എഫ്‌എം അഗസ്റ്റിൻ ഡ്രോയിനുമായാണ് (2408) സമനിലയിൽ പിരിഞ്ഞത്‌. 1.5 പോയിന്റ് മുന്നിൽ 9/11 എന്ന സ്‌കോറിൽ അദ്ദേഹം ഫിനിഷ് ചെയ്തു. കർണാടക സ്വദേശിയാണ് പ്രണവ് ആനന്ദ്. കഴിഞ്ഞ ദിവസം മാത്രമായിരുന്നു താരം ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്‌

ഇന്ത്യയുടെ ഇന്ത്യയുടെ ഇലമ്പാർതി അണ്ടർ 12 വിഭാഗത്തിൽ സ്വർണ്ണം നേടി.

15കാരൻ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ

15 വയസ്സുകാരനായ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ ആയി. റൊമാനിയയിലെ മാമായയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2,500 എലോ മാർക്ക് കഴിഞ്ഞതോടെയാണ് പ്രണവ് ആനന്ദ് ഗ്രാൻഡ്മാസ്റ്ററായത്. കർണാടക സ്വദേശിയാണ് ആനന്ദ്.

Picture: Chess Base India

15 വയസ്സുകാരൻ GM പദവി നേടാനുള്ള മറ്റു മാനദണ്ഡങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഒരു GM ആകാൻ ഒരു കളിക്കാരന് മൂന്ന് GM നോം ഉറപ്പാക്കുകയും 2,500 Elo പോയിന്റുകളുടെ തത്സമയ റേറ്റിംഗ് മറികടക്കുകയും വേണം. ജൂലൈയിൽ സ്വിറ്റ്സർലൻഡിൽ നടന്ന 55-ാമത് ബിയൽ ചെസ് ഫെസ്റ്റിവലിൽ ആനന്ദ് മൂന്നാമത്തെയും അവസാനത്തെയും GM നോം നേടിയിരുന്നു.

ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും തോൽപ്പിച്ചു ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ | Report

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ.

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ എയർതിങ് മാസ്റ്റേഴ്സിലും മെയിൽ ചെസബിൾ മാസ്റ്റേഴ്സിലും ആർ. പ്രഗ്നാനന്ദ കാൾസനെ തോൽപ്പിച്ചിരുന്നു. മിയാമിയിൽ നടന്ന എഫ്.ടി.എക്‌സ് ക്രിപ്റ്റോ കപ്പിലെ അവസാന മത്സരത്തിൽ ആണ് ഇത്തവണ യുവതാരം കാൾസനെ വീഴ്ത്തിയത്.

കൃത്യസമയത്ത് 2 വീതം ജയങ്ങളും ആയി ഇരുവരും സമനില പാലിച്ചപ്പോൾ ബ്ലിറ്റ്സ് ടൈബ്രൈക്കിൽ ആണ് കാൾസനെ പ്രഗ്നാനന്ദ ചെക് മേറ്റ് ചെയ്തത്. ബ്ലിറ്റ്സ് ടൈബ്രൈക്കർ അടക്കം തുടർച്ചയായി മൂന്നു ജയം ആണ് ഇന്ത്യൻ യുവതാരം നേടിയത്. തോറ്റെങ്കിലും 16 പോയിന്റുകൾ നേടിയ കാൾസൻ ടൂർണമെന്റിൽ വിജയിയായി അതേസമയം 15 പോയിന്റുകൾ നേടിയ പ്രഗ്നാനന്ദ രണ്ടാമത് എത്തി. ലോക ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇല്ലെന്നു പറഞ്ഞ കാൾസന്റെ അവസാന മത്സരങ്ങളാണ് ഇത്.

Story Highlight : 17 year old Indian grandmaster R Praggnanandhaa beats Magnus Carlsen for the third time.

പ്രതീക്ഷയാണ് ഇവർ! ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണവുമായി ഡി ഗുകേഷും നിഹാൽ സരിനും

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ചെസിന്റെ ഭാവി സുരക്ഷിതമാണ് എന്ന വ്യക്തമായ ഉറപ്പ് ആയിരുന്നു യുവ താരങ്ങൾ അണിനിരന്ന ഇന്ത്യൻ ബി ടീം നേടിയ വെങ്കലം. അതിനു പുറമെ വ്യക്തിഗത സ്വർണവും ഇന്ത്യൻ യുവതാരങ്ങൾ സ്വന്തം പേരിലാക്കി. ഓപ്പൺ സെക്ഷനിൽ ഒന്നാം ബോർഡിൽ ആണ് 16 കാരനായ ഗുകേഷ് സ്വർണം നേടിയേതെങ്കിൽ രണ്ടാം ബോർഡിൽ 18 കാരനും മലയാളി താരവും ആയ നിഹാൽ സരിൻ സ്വർണം നേടി. ഒന്നാം ബോർഡിൽ 9/11 എന്ന റെക്കോർഡ് കുറിച്ച ഗുകേഷ് 2867 എന്ന റേറ്റിങ് ആണ് നേടിയത്.

ലോക അഞ്ചാം നമ്പറിനെ അടക്കം തോൽപ്പിച്ച ഗുകേഷ് എതിരാളികൾക്ക് മേൽ സമ്മർദ്ദം നൽകി ആധികാരിക പ്രകടനം ആയിരുന്നു നടത്തിയത്. 8 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഗുകേഷ് റാപ്പിഡ് ചെസ് ലോക ചാമ്പ്യൻ ഉസ്ബെകിസ്ഥാന്റെ നോഡിർബക് അബ്ദുസാറ്റോറോവിനു മുന്നിൽ ആണ് ആദ്യമായി തോറ്റത്. ഈ ജയം ആണ് ഉസ്ബെകിസ്ഥാന്റെ സ്വർണ നേട്ടത്തിൽ പ്രധാനം ആയത്. അതേസമയം രണ്ടാം ബോർഡിൽ 2774 റേറ്റിങ് നേടിയ നിഹാൽ സരിനും അവിസ്മരണീയ പ്രകടനം ആണ് പുറത്ത് എടുത്തത്. ഗുകേഷിനും നിഹാലിനും ഒപ്പം ആർ. പ്രഗ്‌നനന്ദയും അടങ്ങുന്ന ഇന്ത്യൻ ടീം ഭാവിയിൽ വലിയ പ്രതീക്ഷ തന്നെയാണ് നൽകുന്നത്.

ചെസ് ഒളിമ്പ്യാഡിൽ രണ്ടു വെങ്കല മെഡലുകൾ നേടി ഇന്ത്യ

ചെന്നെയിൽ നടന്ന 44 മത് ചെസ് ഒളിമ്പ്യാഡിൽ രണ്ടു വെങ്കല മെഡലുകൾ സ്വന്തമാക്കി ഇന്ത്യൻ ടീം. ഓപ്പൺ സെക്ഷനിൽ ഇന്ത്യൻ എ ടീമിനെക്കാൾ മികവ് കാട്ടിയ ഇന്ത്യൻ യുവ താരങ്ങൾ അടങ്ങിയ ഇന്ത്യൻ ബി ടീം വെങ്കലം നേടുക ആയിരുന്നു. 13 സീഡ് ആയി വന്നു അത്ഭുതം കാണിച്ച ഉസ്ബെകിസ്ഥാൻ സ്വർണം നേടിയപ്പോൾ അർമേനിയ വെള്ളി നേടി. വനിത വിഭാഗത്തിൽ ടോപ് സീഡ് ആയ ഇന്ത്യൻ എ ടീം വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു.

വനിത വിഭാഗത്തിൽ ഉക്രൈൻ സ്വർണം നേടിയപ്പോൾ ജോർജിയ ആണ് വെള്ളി നേടിയത്. കൊനേരു ഹമ്പി, ഹരിക ഡ്രോണവല്ലി, താനിയ സച്ച്ദേവ്, ആർ വൈശാലി, ഭക്തി കുൽക്കർണി എന്നിവർ അടങ്ങിയത് ആയിരുന്നു ഇന്ത്യൻ വനിത എ ടീം. ഇന്ത്യൻ ചെസ്സിന്റെ ഭാവി സുരക്ഷിതമാണ് എന്നു വിളിച്ചു പറയുന്ന പ്രകടനം ആണ് ഇന്ത്യൻ ബി ടീം അംഗങ്ങൾ ആയ ഡി. ഗുകേഷ്, ബി. അധിപൻ, ആർ. പ്രഗ്‌നനന്ദ, റൗണക് സദ്വാനി മലയാളി താരം നിഹാൽ സരിൻ എന്നിവർ പുറത്തെടുത്തത്. ഇന്ത്യൻ എ ടീമിനെക്കാൾ മികവ് കാണിച്ച അവർ 2014 നു ശേഷം ഇന്ത്യക്ക് ചെസ് ഒളിമ്പ്യാഡിൽ രണ്ടാമത്തെ വെങ്കല മെഡലും സമ്മാനിച്ചു.

2023 ൽ ലോക കിരീടം പ്രതിരോധിക്കാൻ ഇല്ലെന്നു അറിയിച്ചു മാഗ്നസ് കാൾസൻ

ചെസ് ലോക കിരീടം പ്രതിരോധിക്കാൻ അടുത്ത വർഷം ഉണ്ടാവില്ല എന്നു വ്യക്തമാക്കി ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ. 2013 മുതൽ ലോക ചാമ്പ്യൻ ആയ താരം ലോക ചാമ്പ്യൻഷിപ്പ് തന്റെ പ്രചോദിപ്പിക്കുന്നില്ല എന്നു പറഞ്ഞാണ് തന്റെ തീരുമാനം അറിയിച്ചത്. ഇനി ഒരു മത്സരവും കളിക്കാനും തനിക്ക് പ്രചോദനം ഇല്ല എന്നു പറഞ്ഞ കാൾസൻ തനിക്ക് നേടാൻ ഒന്നും ഇല്ലെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ലോക കിരീടം തനിക്ക് വലിയ കാര്യമല്ല എന്നു കാൾസൻ പറഞ്ഞിരുന്നു. നിലവിൽ താൻ എന്നെങ്കിലും ചെസിലേക്ക് തിരിച്ചു വരുന്ന കാര്യം ഉറപ്പിക്കാനും താരം തയ്യാറായില്ല. താൻ ചിലപ്പോൾ തിരിച്ചു വന്നേക്കും എന്നു എന്നു പറഞ്ഞ കാൾസൻ എന്നാൽ അങ്ങനെ ഒരു ദിനം ഉണ്ടാവുമോ എന്ന കാര്യവും ഉറപ്പിച്ചു പറഞ്ഞില്ല. കാൾസൻ പിന്മാറിയതോടെ ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം ചെസിൽ പുതിയ ലോക ചാമ്പ്യൻ ഉണ്ടാവും.

Exit mobile version