ലിവർപൂൾ: 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി മീനാക്ഷി ഹൂഡ ചരിത്രത്തിൽ ഇടം നേടി. ഫൈനലിൽ, പാരീസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും മൂന്ന് തവണ ലോക ചാമ്പ്യനുമായ കസാഖിസ്ഥാന്റെ നസിം കിസായ്ബേയെ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് 24-കാരിയായ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.

നേരത്തെ അസ്താനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിസായ്ബേയോട് ഏറ്റ തോൽവിക്ക് മീനാക്ഷിക്ക് ഈ വിജയം മധുരപ്രതികാരം കൂടിയായി.
ഈ നേട്ടത്തോടെ, ബോക്സിങ്ങിൽ ലോകകിരീടം നേടുന്ന പത്താമത്തെ ഇന്ത്യൻ വനിതയായി മീനാക്ഷി മാറി. മേരി കോം, നിഖാത് സരീൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പട്ടികയിലാണ് മീനാക്ഷി ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. വനിതാ ടീം രണ്ട് സ്വർണവും, ഒരു വെള്ളിയും, ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുകൾ നേടിയ ഇന്ത്യയുടെ ചരിത്രപരമായ പ്രകടനത്തിന് ഈ വിജയം കൂടുതൽ തിളക്കം നൽകി.
57 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ ജാസ്മിൻ ലംബോറിയ നേടിയ സ്വർണത്തിന് പിന്നാലെയാണ് മീനാക്ഷിയുടെ വിജയം. ഇത് വനിതാ ബോക്സിങ്ങിൽ ലോക വേദിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആധിപത്യത്തിന് അടിവരയിടുന്നു.