ഇന്ത്യയുടെ അഭിമാനമായ മേരി കോം വീണ്ടും ലോക ചാമ്പ്യൻ. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിലാണ് മേരി കോം ഇന്ന് സ്വർണ്ണം സ്വന്തമാക്കിയത് . ഉക്രെയിൻ താരം അന്ന ഒഖോതയെ ആണ് മേരി കോം പരാജയപ്പെടുത്തിയത്. 5-0 എന്നായിരുന്നു ഫൈനലിലെ സ്കോർ. ഇത് ആറാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ മേരി കോം സ്വർണ്ണം നേടുന്നത്. ആദ്യമായാണ് ഒരു വനിതാ ബോക്സർ ആറ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്നത്. പുരുഷന്മാരെ കൂടി കണക്കിൽ എടുത്താൽ ഏറ്റവും കൂടുതൽ സ്വർണ്ണം എന്ന ക്യൂബയുടെ ഫെലിക്സ് സാവന്റെ റെക്കോർഡിനൊപ്പവും കോം എത്തി.
2002, 2005, 2006, 2008, 2010 എന്നീ വർഷങ്ങളിലാണ് മേരി കോം മുമ്പ് ലോക ചാമ്പ്യൻഷിപ്പിക് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടലാണ് തന്റെ ലക്ഷ്യം എന്ന് 33കാരിയായ മേരി കോം മത്സരം വിജയിച്ച ശേഷം പറഞ്ഞു.