വനിത-പുരുഷ ഡബിള്‍സ്,വനിത-പുരുഷ സിംഗിള്‍സ് എന്നിങ്ങനെ നാല് ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തതെങ്കിലും ഇവയില്‍ സമീര്‍ വര്‍മ്മ മാത്രമാണ് സ്വര്‍ണ്ണ നേട്ടവുമായി മടങ്ങിയത്. മറ്റു താരങ്ങളെല്ലാം തന്നെ വെള്ളി മെഡലില്‍ തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ സമീര്‍ സ്വര്‍ണ്ണ തിളക്കവുമായാണ് മടങ്ങിയത്. ടൂര്‍ണ്ണമെന്റിലെ നിലവിലെ ജേതാവ് കൂടിയായിരുന്നു സമീര്‍.
ചൈനയുടെ ഗുവാംഗ്സു ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സമീറിന്റെ സ്വര്‍ണ്ണ നേട്ടം. 70 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 16-21, 21-19, 21-14 എന്ന സ്കോറിനാണ് സമീര്‍ കിരീടം അണിഞ്ഞത്.
അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും ഫൈനലില്‍ 15-21, 13-21 എന്ന സ്കോറിനു മലേഷ്യന്‍ കൂട്ടുകെട്ടിനോട് അടിയറവ് പറഞ്ഞിരുന്നു. സൈന നെഹ്‍വാലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും വെള്ളി മെഡലുമായി തിരികെ മടങ്ങിയ ഞായറാഴ്ചയായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണിനു ഇന്നത്തേത്.