ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് പ്രകടനവും ആയി വനിതകളുടെ 100 മീറ്ററിൽ സ്വർണം അണിഞ്ഞു അമേരിക്കയുടെ ഷ’കാരി റിച്ചാർഡ്സൺ. 100 മീറ്റർ വെറും 10.65 സെക്കന്റിൽ താരം ഓടിയെത്തി. 10.72 സെക്കന്റ് സമയത്തിൽ ഓടിയെത്തിയ ജമൈക്കയുടെ ഷെരിക ജാക്സൺ വെള്ളി മെഡൽ നേടിയപ്പോൾ ഇതിഹാസ താരം ജമൈക്കയുടെ ഷെല്ലി-ആൻ പ്രയിസ് വെങ്കലം നേടി. 10.77 സെക്കന്റിൽ ആണ് ഷെല്ലി നൂറു മീറ്റർ പൂർത്തിയാക്കിയത്. പുരുഷന്മാർക്ക് പിന്നാലെ വനിതകളുടെ നൂറു മീറ്ററിലും ഇതോടെ അമേരിക്ക ജയം കണ്ടെത്തി.
പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ 12.96 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയുടെ ഗ്രാന്റ് ഹോളോവെ സ്വർണം നേടി. ജമൈക്കയുടെ പാർച്മെന്റ് വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ഡാനിയേൽ റോബർട്സ് വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ 17.64 മീറ്റർ ചാടിയ ബുർകിനോ ഫാസോയുടെ ഹൂഗസ് ഫാബ്രീസ് സാങ്കോ സ്വർണം നേടി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരം അതിനു മുമ്പത്തെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.
17.41 മീറ്റർ ചാടിയ ക്യൂബയുടെ ലസാരോ മാർട്ടിനസ് ട്രിപ്പിൾ ജംപിൽ വെള്ളി നേടിയപ്പോൾ 17.40 മീറ്റർ ചാടിയ ക്യൂബയുടെ തന്നെ ക്രിസ്റ്റിയൻ നപോളസ് വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ തന്റെ അവസാന ഏറിൽ ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ആയ 71.46 മീറ്റർ എറിഞ്ഞ സ്വീഡന്റെ ഡാനിയേൽ സ്റ്റാൽ സ്വർണം നേടി. താരത്തിന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് ഇത്. 70.02 മീറ്റർ എറിഞ്ഞ സ്ലൊവേനിയയുടെ ക്രിസ്റ്റിയൻ സെ വെള്ളി നേടിയപ്പോൾ 68.85 മീറ്റർ എറിഞ്ഞ ലുത്വാനിയയുടെ മിക്കോലസ് വെങ്കലവും നേടി.