ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഫൈനലിൽ ഇന്ത്യ അഞ്ചാമത്. യോഗ്യതയിൽ രണ്ടാമത് ആയി ഫൈനലിൽ മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് ആ മികവ് ഫൈനലിൽ പുറത്ത് എടുക്കാൻ ആയില്ല. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവർ അടങ്ങിയ ടീം 2 മിനിറ്റ് 59.92 സെക്കന്റിൽ ആണ് റിലെ ഫിനിഷ് ചെയ്തത്. അമേരിക്ക ആണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഫ്രാൻസ് വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. മെഡൽ നേടാൻ ആയില്ലെങ്കിലും ഏഷ്യൻ റെക്കോർഡ് കുറിച്ചു ഒളിമ്പിക് യോഗ്യതയും ആയാണ് ഇന്ത്യൻ ടീം മടങ്ങുന്നത്.
അതേസമയം വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽചേസ് ഫൈനലിൽ ഇന്ത്യയുടെ പരുൾ ചൗധരി 11 സ്ഥാനത്ത് എത്തി. 9 മിനിറ്റ് 15.31 സെക്കന്റ് സമയം കുറിച്ച പരുൾ പുതിയ ദേശീയ റെക്കോർഡ് ആണ് കുറിച്ചത്. ഇതിനു ഒപ്പം 2024 ലേക്കുള്ള പാരീസ് ഒളിമ്പിക്സിലേക്കും പരുൾ ചൗധരി യോഗ്യത നേടി. അവസാന ലാപ്പിലെ കുതിപ്പിലൂടെ കെനിയൻ വംശജയായ ബഹ്‌റൈൻ താരം വിൻഫ്രഡ് യാവി ഈ ഇനത്തിൽ സ്വർണം നേടിയപ്പോൾ കെനിയയുടെ ബിയാട്രിസ് ചെപ്കൊച് വെള്ളിയും കെനിയയുടെ തന്നെ ഫെയ്ത്ത് ചെറോറ്റിച് വെങ്കലവും നേടി.