റഷ്യൻ ടീമിനെ ഒന്നടങ്കം വിലക്കിയതിനെ തുടർന്ന് റിയോ ഒളിമ്പിക്സ് നഷ്ടമായതിന്റെ കുറവ് ടോക്കിയോയിൽ സ്വർണം നേടി തീർത്തു റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ മരിയ ലാസ്റ്റിക്നെ. 3 തവണ ലോക ജേതാവും യൂറോപ്യൻ ജേതാവും നിലവിലെ ലോക ജേതാവും ആയ മരിയക്ക് മരുന്നടിയെ തുടർന്നു റഷ്യയെ ഒന്നടങ്കം വിലക്കുന്നതോടെയാണ് റിയോ ഒളിമ്പിക്സ് നഷ്ടമാവുന്നത്. എന്നാൽ ആ കുറവ് 28 കാരിയായ താരം അനായാസം ടോക്കിയോയിൽ 5 വർഷങ്ങൾക്ക് ശേഷം തീർത്തു. 2.04 മീറ്റർ ഉയരം കണ്ടത്തിയാണ് താരം ഒളിമ്പിക് സ്വർണം നേടിയത്.
1.84 മീറ്റർ, 1.89 മീറ്റർ, 1.93 മീറ്റർ എന്നിവ ആദ്യ ശ്രമത്തിൽ അനായാസം കടന്നു മരിയ. മൂന്നാം ശ്രമത്തിൽ 1.96 മീറ്റർ കടന്ന മരിയ 1.98 മീറ്റർ രണ്ടാം ശ്രമത്തിലും മറികടന്നു. 2 മീറ്റർ രണ്ടാം ശ്രമത്തിൽ മറികടന്ന താരം 2.02 മീറ്റർ ആദ്യ ശ്രമത്തിൽ അനായാസം കടന്നു. 2.04 മീറ്റർ രണ്ടാം ശ്രമത്തിൽ മറികടന്ന താരം സ്വർണം ഉറപ്പിക്കുക ആയിരുന്നു. 2.04 കടക്കാനുള്ള വെള്ളി മെഡൽ നേടിയ ഓസ്‌ട്രേലിയൻ താരം നിക്കോള മക്ഡർമോറ്റിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ മരിയ സ്വർണം ഉറപ്പിച്ചു. 19 കാരിയായ ഉക്രൈൻ താരം യാറാസ്‌ലാവ മഹുചിഖിനു ആണ് ഈ ഇനത്തിൽ വെങ്കലം.