രണ്ടു തവണ യൂറോപ്യൻ ജേതാവ് ആയതിനു പിറകെ പുതിയ ഒളിമ്പിക് യൂറോപ്യൻ റെക്കോർഡ് നേട്ടവും ആയി 1500 മീറ്ററിൽ സ്വർണം സ്വന്തമാക്കി നോർവേയുടെ 20 കാരൻ താരം ജേക്കബ് ഇൻഗബ്രിഗ്റ്റ്സൻ. ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് ആയ തിമോത്തി ചെരിയോത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നോർവീജിയൻ യുവ താരം സ്വർണം സ്വന്തം പേരിൽ കുറിച്ചത്. മുമ്പ് 12 തവണയും പരസ്പരം വന്നപ്പോൾ കെനിയൻ താരത്തോട് തോൽവി വഴങ്ങിയ ജേക്കബ് ഒളിമ്പിക്‌സിന്റെ വലിയ വേദിയിൽ ചരിത്രം എഴുതി. റേസിന് ശേഷം തന്റെ ബ്രേസ്ലറ്റ് സമ്മാനമായി നൽകിയാണ് കെനിയൻ താരം ജേക്കബിനെ അഭിനന്ദിച്ചത്.
വെറും മൂന്നു മിനിറ്റ് 28.32 സെക്കന്റിൽ നോർവീജിയൻ താരം റേസ് പൂർത്തിയാക്കി. റേസിന്റെ ആദ്യ ഘട്ടത്തിൽ മുന്നിട്ട് നിന്ന കെനിയൻ താരത്തിനെ മറികടന്ന ശേഷം എതിരാളികൾക്ക് ഒരവസരവും ജേക്കബ് നൽകിയില്ല. രണ്ടാം സ്ഥാനത്തിന് ആയി അതിശക്തമായ മത്സരം ആണ് നടന്നത്. ബ്രിട്ടീഷ് താരം ജോഷ് കെറിന്റെ അവസാന നിമിഷത്തെ കുതിപ്പ് മറികടന്ന കെനിയൻ താരം വെള്ളി മെഡൽ ഉറപ്പിക്കുക ആയിരുന്നു. 3 മിനിറ്റ് 29.01 സെക്കന്റിൽ തിമോത്തി രണ്ടാമത് ആയപ്പോൾ 0.04 സെക്കന്റിനു മാത്രം ആണ് ബ്രിട്ടീഷ് താരം മൂന്നാമത് ആയത്.