ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരിക്കൽ കൂടി ഇന്ത്യ-പാകിസ്ഥാൻ പോര്. യോഗ്യതയിൽ 88.77 മീറ്റർ എറിഞ്ഞു ഒന്നാമൻ ആയി നീരജ് ചോപ്ര ഫൈനലിലേക്ക് നേരത്തെ യോഗ്യത നേടിയപ്പോൾ പാകിസ്ഥാന്റെ അർഷദ് നദീമും ഫൈനൽ ഉറപ്പിച്ചു. 2022 ഓഗസ്റ്റിൽ 90 മീറ്റർ താണ്ടിയ ശേഷം പരിക്കേറ്റു പുറത്തായ അർഷദ് നദീം ഒരു വർഷത്തിന് ശേഷം ആണ് ട്രാക്കിൽ തിരിച്ചു വന്നത്. യോഗ്യതയിൽ 86.79 മീറ്റർ എറിഞ്ഞു നീരജിന്റെ പിറകിൽ രണ്ടാമത് ആയാണ് പാകിസ്ഥാൻ താരം ഫൈനൽ ഉറപ്പിച്ചത്.
2024 ലെ പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത ആയ 85.50 മീറ്റർ യോഗ്യതയിൽ മറികടന്ന ഇരുവരും ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു. യോഗ്യതയിൽ ഈ ദൂരം മറികടക്കാൻ ഇവർ രണ്ടു പേർക്കും മാത്രം ആണ് ആയത്. ഗ്രൂപ്പ് എയിൽ നീരജിന് ഒപ്പം മത്സരിച്ചു 81.31 മീറ്റർ എറിഞ്ഞു മൊത്തം ആറാമത് എത്തിയ ഇന്ത്യയുടെ ഡി.പി മനുവും, ഗ്രൂപ്പ് ബിയിൽ മത്സരിച്ചു 80.55 മീറ്റർ എറിഞ്ഞു മൊത്തം ഒമ്പതാം സ്ഥാനത്ത് എത്തിയ കിഷോർ ജെനയും ആദ്യ 1പന്ത്രണ്ടിൽ എത്തി ഫൈനലിൽ സ്ഥാനം പിടിച്ചു. നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ 83 മീറ്റർ ആയിരുന്നു എറിയേണ്ടി ഇരുന്നത്. ഞായറാഴ്ച ആണ് ഫൈനൽ നടക്കുക. കരിയറിൽ ആദ്യമായി 90 മീറ്റർ എറിഞ്ഞു ഫൈനൽ കയ്യിലാക്കാൻ ആണ് നീരജ് ഇറങ്ങുക.