ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് പോൾ വോൾട്ടിലും സ്വർണം നേടി സ്വീഡന്റെ ലോക റെക്കോർഡ് ജേതാവ് അർമാൻഡ് ഡുപ്ലാന്റിസ്. പോൾ വോൾട്ടിലെ ഒരേയൊരു രാജാവ് ആയ ഡുപ്ലാന്റിസ് തന്റെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നിലനിർത്തിയത് 6.10 മീറ്റർ ഉയരം താണ്ടിയായിരുന്നു. സ്വർണം ഉറപ്പിച്ച ശേഷം തന്റെ തന്നെ 6.22 മീറ്റർ എന്ന ലോക റെക്കോർഡ് തകർക്കാൻ 6.23 മീറ്റർ ഉയരം വെച്ചു ശ്രമിച്ചു എങ്കിലും സ്വീഡിഷ് താരം പരാജയപ്പെട്ടു. 5 താരങ്ങൾ 5.90 മീറ്റർ ഉയരം താണ്ടിയ ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ച് 6.00 മീറ്റർ താണ്ടിയ ഫിലിപ്പീൻസ് താരം ഏർനെസ്റ്റ് ജോൺ വെള്ളി മെഡൽ നേടി.
5.95 മീറ്റർ താണ്ടി ഏറ്റവും മികച്ച വ്യക്തിഗത ഉയരം കുറിച്ച ഓസ്‌ട്രേലിയൻ താരം കർട്ടിസ് മാർഷലും സീസൺ ബെസ്റ്റ് കുറിച്ച അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസണും വെങ്കലം പങ്ക് വെച്ചു. 1500 മീറ്ററിന് പിന്നാലെ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിലും കെനിയയുടെ ഫെയ്ത്ത് കിപ്യഗോണ്‍ സ്വർണം നേടി. അവസാന ലാപ്പ് വെറും 56 സെക്കന്റിൽ പൂർത്തിയാക്കിയ ഇതിഹാസ കെനിയൻ താരം 14 മിനിറ്റ് 53.88 സെക്കന്റിൽ ആണ് 5000 മീറ്റർ പൂർത്തിയാക്കിയത്. ഡച്ച് സൂപ്പർ താരം സിഫാൻ ഹസൻ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ ബിയാട്രിസ് ചെബറ്റ് വെങ്കലം നേടി.
പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ കാനഡയുടെ മാർകോ അറോപ് സ്വർണം നേടി. 1 മിനിറ്റ് 44.24 സെക്കന്റിൽ 800 മീറ്റർ പൂർത്തിയാക്കിയ മാർകോ 800 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ കനേഡിയൻ താരമായി. കെനിയയുടെ ഇമ്മാനുവൽ വെള്ളി നേടിയപ്പോൾ ബ്രിട്ടന്റെ ബെൻ പാറ്റിസണിനു ആണ് ഈ ഇനത്തിൽ വെങ്കലം. വനിതകളുടെ ഷോട്ട് പുട്ടിൽ സീസൺ ബെസ്റ്റ് ആയ 20.43 മീറ്റർ എറിഞ്ഞ അമേരിക്കയുടെ ചെസ് ഈലി സ്വർണം നേടിയപ്പോൾ സീസൺ ബെസ്റ്റ് ആയ 20.08 മീറ്റർ എറിഞ്ഞ കാനഡയുടെ സാറ മിറ്റോൺ വെള്ളി നേടി. ചൈനയുടെ ഗോങ് ലിഹിയോ ആണ് വെങ്കലം നേടിയത്.